Sorry, you need to enable JavaScript to visit this website.

ആരോഗ്യ ടൂറിസത്തിൽ കേരള വരുമാനം 100 കോടി 

കേരള ഹെൽത്ത് ടൂറിസം 2019 ന്റെ ഉദ്ഘാടനം മാലിദീപ് അംബാസഡർ ഐഷത് മുഹമ്മദ് ദിദിയും യെമൻ റിപ്പബ്ലിക് അംബാസഡർ അബ്ദുൽ മാലിക് അബ്ദുല്ലാ അൽ ഇറിയാനിയും ചേർന്ന് നിർവഹിക്കുന്നു.

ആരോഗ്യ ടൂറിസം മേഖലയിൽ നിന്നുള്ള കേരളത്തിന്റെ വരുമാനം അടുത്ത വർഷത്തോടെ 100 കോടി ഡോളറിലെത്തുമെന്ന് കൊച്ചിയിൽ സമാപിച്ച ഏഴാമത് കേരളാ ഹെൽത്ത് ടൂറിസം ഉച്ചകോടി വിലയിരുത്തി. ഇതിനായുള്ള ശ്രമങ്ങൾ വൻ വിജയത്തിലേക്കാണ് നീങ്ങുന്നത്. ഇതിനു സഹായകമായ നീക്കങ്ങൾ വിവിധ മേഖലകളിൽ നിന്നുണ്ടാകണമെന്നും കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി സർവീസസ് എക്സ്പോർട്ട് പ്രൊമോഷൻ കൗൺസിലുമായി സഹകരിച്ചു സംഘടിപ്പിച്ച ഉച്ചകോടിയിൽ പങ്കെടുത്തവർ ആവശ്യപ്പെട്ടു. ആരോഗ്യ മേഖലയിൽ സർട്ടിഫിക്കേഷൻ ഉള്ള വിദേശ ഭാഷാ പരിഭാഷകരെ കൂടുതൽ കണ്ടെത്തേണ്ടത് അനിവാര്യമാണെന്നും അഭിപ്രായമുയർന്നു.
സംസ്ഥാനത്ത് എൻ.എ.ബി.എച്ച് അക്രഡിറ്റേഷനുള്ള 40 ആശുപത്രികളും ജെ.സി.ഐ അംഗീകാരവും ഓസ്ട്രേലിയൻ അംഗീകാരവും ഉള്ള മൂന്നു വീതം ആശുപത്രികളും ഉള്ളത് നേട്ടമാകുമെന്ന് സമാപന പ്രസംഗം നടത്തിയ ആസ്റ്റർ ഹോസ്പിറ്റൽസ് ആന്റ് ക്ലിനിക്സ് ഇന്ത്യ സി.ഇ.ഒ. ഡോ. ഹരീഷ് പിള്ള പറഞ്ഞു. ഒൻപതു രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളാണ് രണ്ടു ദിവസത്തെ ഉച്ചകോടിയിൽ പങ്കെടുത്തത്. കേരളത്തിലെ ചികിൽസാ മികവ്, മൂല്യം, ആരോഗ്യ ഇൻഷുറൻസ് തുടങ്ങിയ വിവിധ മേഖലകളെക്കുറിച്ചുള്ള ചർച്ചകളും നടന്നു.
ആരോഗ്യ ടൂറിസവുമായി ബന്ധപ്പെട്ട് എത്തുന്നവരുടെ എമിഗ്രേഷൻ നടപടികൾ കൂടുതൽ ലളിതമാക്കണമെന്നതായിരുന്നു ഉച്ചകോടിയിൽ ഉയർന്ന പ്രധാന ആവശ്യങ്ങളിലൊന്ന്.     കേരളത്തിൽ ലഭ്യമായ ഏറ്റവും ആധുനികവും ഗുണമേൻമയുള്ളതുമായ ചികിൽസാ സൗകര്യങ്ങളാണ് വികസിത രാഷ്ട്രങ്ങളിൽ നിന്നുള്ളവരെ പോലും ഇങ്ങോട്ട് ആകർഷിക്കുന്നത്. താരതമ്യേന കുറഞ്ഞ ചെലവിൽ ആരോഗ്യ സേവനങ്ങൾ ലഭിക്കുന്നതും കേരളത്തിന്റെ സവിശേഷതയാണ്. കഴിഞ്ഞ അഞ്ചു വർഷങ്ങളിൽ വൻ വളർച്ചയാണ് ഈ രംഗത്തു കൈവരിക്കാനായത്. 


അഞ്ചു വർഷം മുൻപ് സിംഗപൂരിലെ ആശുപത്രികളെ മാനദണ്ഡമാക്കി മുന്നോട്ടു പോയിരുന്ന കേരളത്തിലെ ആരോഗ്യ സേവന രംഗം ഇന്ന് അതിൽ നിന്ന് ഏറെ പുരോഗതി കൈവരിച്ചിരിക്കുകയാണ്. ഇൻഷുറൻസ് പരിരക്ഷയുമായി ചികിൽസ തേടി ഇവിടെയെത്തുന്നവർക്കായുള്ള പ്രത്യേക സൗകര്യങ്ങളും കൂടുതലായി ഒരുക്കേണ്ടതുണ്ട്. ഇൻഷുറൻസ് പരിരക്ഷയുമായി ഇവിടെയെത്തുന്നവരിൽ കൂടുതൽ പ്രവാസി ഇന്ത്യക്കാരാണെന്ന വസ്തുതയും ആ മേഖലയിലുള്ളവർ കണക്കിലെടുക്കണമെന്നും ഉച്ചകോടി ആഹ്വാനം ചെയ്തു. സാങ്കേതികവിദ്യാ രംഗത്ത് വിവിധ ആശുപത്രികൾ നടത്തിയിട്ടുള്ള നിക്ഷേപങ്ങളും മുന്നേറ്റങ്ങളും  ശ്രദ്ധേയമാണെന്നും ചർച്ചകളിൽ പങ്കെടുത്തവർ ചൂണ്ടിക്കാട്ടി. സംസ്ഥാന സർക്കാരും ഈ രംഗത്ത് നിരവധി നടപടികൾ സ്വീകരിച്ചു വരുന്നുണ്ട്. സമഗ്ര ചികിൽസാ രീതികൾക്ക് കേരളത്തിലുള്ള സാധ്യതകളും വിവിധ പ്രതിനിധികൾ ചർച്ച ചെയ്തു. ആധുനിക വൈദ്യശാസ്ത്ര മേഖലയിലും പരമ്പരാഗത ചികിൽസാ രംഗത്തും ഒരുപോലെ മികച്ച സേവനങ്ങൾ ലഭ്യമാക്കുവാൻ കേരളത്തിനായിട്ടുണ്ട്.
കേരളത്തിലെ വിമാനത്താവളങ്ങളിൽ നിന്ന് കൂടുതൽ അന്താരാഷ്ട്ര സർവീസുകൾ ആരംഭിക്കുന്നതും ഗുണകരമായിരിക്കുമെന്ന് ഉച്ചകോടിയിൽ സംബന്ധിച്ചവർ ചൂണ്ടിക്കാട്ടി. 
സൗദി അറേബ്യ, ഒമാൻ, ബംഗ്ലാദേശ്, ആഫ്രിക്ക, കംബോഡിയ, ഇറാഖ്, മാലിദീപ്, യെമൻ, ഉസ്‌ബെക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ഉച്ചകോടിയിൽ സംബന്ധിച്ചു. കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സി.ഐ.ഐ) സർവീസ് എക്‌സ്‌പോർട്ട് പ്രൊമോഷൻ കൗൺസിലുമായി സഹകരിച്ചാണ് ഉച്ചകോടി സംഘടിപ്പിച്ചത്. 

 

Latest News