Sorry, you need to enable JavaScript to visit this website.

കര്‍ണാടകയില്‍ സ്വതന്ത്ര എം.എല്‍എ മന്ത്രി സ്ഥാനം രാജിവെച്ചു; വിമതര്‍ മടങ്ങുമെന്ന് കോണ്‍ഗ്രസിന് ശുഭപ്രതീക്ഷ

ബംഗളൂരു- കര്‍ണാടകയില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ, സ്വതന്ത്ര എംഎല്‍എ എച്ച്. നാഗേഷ് മന്ത്രി സ്ഥാനം രാജിവെച്ചു. സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദമുന്നയിച്ചാല്‍ ബി.ജെ.പിയെ പിന്തുണക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
രാജി സമര്‍പ്പിച്ച വിമത എംഎല്‍എമാരെ അനുനയിപ്പിക്കാന്‍ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടേയും കോണ്‍ഗ്രസിന്റെയും നേതൃത്വത്തില്‍ ശ്രമങ്ങള്‍ നടക്കുന്നതിനിടെയാണ് പുതിയ സംഭവം. ബി.ജെ.പി ക്യാമ്പിലേക്ക് പോകുമെന്ന് കരുതിയിരുന്ന് പത്ത് എം.എല്‍.എമാരില്‍ ഏഴ് എം.എല്‍.എമാരെങ്കിലും ഇന്ന് വൈകുന്നേരത്തോടെ തീരുമാനം മാറ്റി മടങ്ങുമെന്ന് മന്ത്രി സമീര്‍ അഹ്്മദ് ഖാന്‍ പറഞ്ഞു.
കര്‍ണാടകയില്‍  സര്‍ക്കാരിനെ മറിച്ചിടാന്‍ ബി.ജെ.പി ശ്രമിക്കുകയാണെന്ന് ലോക്‌സഭയില്‍ കോണ്‍ഗ്രസ് ആരോപിച്ചു. വിഷയത്തില്‍ അടിയന്തരപ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു.

സ്വകാര്യ സന്ദര്‍ശനത്തിനുശേഷം അമേരിക്കയില്‍നിന്ന് തിരിച്ചെത്തിയ മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തി.  വിമത എംഎല്‍എമാരെ മന്ത്രിമാരാക്കി  പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമം തുടരുകയാണ്. മന്ത്രിസ്ഥാനം രാജിവെക്കാമെന്ന് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ അറിയിച്ചിട്ടുണ്ട്.

 

Latest News