Sorry, you need to enable JavaScript to visit this website.

സഞ്ജീവ് ഭട്ടിന്റെ ജീവപര്യന്തം: ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാനൊരുങ്ങി ശ്വേതാ ഭട്ട്

ന്യൂദല്‍ഹി- ഗുജറാത്ത് മുന്‍ ഐ.പി.എസ് ഓഫീസര്‍ സഞ്ജീവ് ഭട്ടിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച കേസില്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് ഭാര്യ ശ്വേതാ ഭട്ട്. വിചാരണ കോടതിയുടെ വിധിക്കെതിരെ അടുത്തയാഴ്ച ഹൈക്കോടതിയെ സമീപിക്കും. കേസില്‍ ഗൂഡാലോചന നടന്നിട്ടുണ്ടെന്നും അത് ഹൈക്കോടതിയില്‍ തെളിയുമെന്നാണ് പ്രതീക്ഷയെന്നും അവര്‍ പറഞ്ഞു.  ഏകപക്ഷീയ വിചാരണയാണ് കോടതിയില്‍ നടന്നത്. സാക്ഷികളെ വിസ്തരിക്കുകയോ രേഖകള്‍ കൈമാറുകയോ ചെയ്തിട്ടില്ല. അതുകൊണ്ടുതന്നെ ഹൈക്കോടതിയില്‍നിന്ന് നീതി ലഭിക്കുമെന്ന് ഉറപ്പുണ്ട്.

30 വര്‍ഷം പഴക്കമുള്ള കേസിലാണ് ജീവപര്യന്തം തടവ് വിധിച്ചത്. നീതി ലഭിക്കാന്‍ എല്ലാ ജനങ്ങളും മുന്നോട്ട് വരണം. ഗുജറാത്ത് കലാപത്തില്‍ നരേന്ദ്രമോഡിക്കെതിരെ നാനാവതി-മേത്ത കമ്മീഷന് മൊഴി കൊടുത്തതിന് പിന്നാലെയാണ് സഞ്ജീവ് ഭട്ടിനെതിരെ കേസെടുക്കാന്‍ തുടങ്ങിയത്. ജോലിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. പിന്നീട് പിരിച്ചു വിട്ടു. 23 വര്‍ഷം മുമ്പുള്ള കേസില്‍ പ്രതിയാക്കി- ശ്വേത ആരോപിച്ചു.

അമിത് ഷാ ആഭ്യന്തരമന്ത്രിയായത് കൊണ്ട് പോരാട്ടം അവസാനിപ്പിക്കില്ലെന്ന് ദല്‍ഹി പ്രസ്‌ക്ലബില്‍ നടന്ന ആക്ടിവിസ്റ്റുകളുടെ സംഗമത്തില്‍ ശ്വേത വ്യക്തമാക്കി.
2002ലെ കലാപം തടയാന്‍ അന്ന് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോഡി ശ്രമിച്ചില്ലെന്ന് സഞ്ജീവ് ഭട്ട് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. 30 വര്‍ഷം മുമ്പുള്ള കസ്റ്റഡി മരണ കേസിലാണ് ജാംനഗര്‍ സെഷന്‍സ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്.

 

Latest News