ന്യൂദല്‍ഹി- ദല്‍ഹിയില്‍ നിന്നു ഹരിയാനയിലേക്കുള്ള യാത്രക്കിടെ ജുനൈദ് ഖാന്‍ (16) ട്രെയിനില്‍ കുത്തേറ്റു മരിച്ചു സംഭവത്തില്‍ നാല് പേര്‍ അറസ്റ്റില്‍. അറസ്റ്റിലായവരില്‍ ഒരാള്‍ 50 കാരനായ ദല്‍ഹി സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണെന്ന് ഹരിയാന എസ്.പി കമാല്‍ ദീപ് പറഞ്ഞു. ട്രെയിനില്‍ ഇരുപതിലധികം പേര്‍ ചേര്‍ന്നാണ് ജുനൈദിനേയും സഹോദരനേയും ആക്രമിച്ചത്.
ജുനൈദിന്റെ മരണത്തിനിടയാക്കിയവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്ന് കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡു വ്യക്തമാക്കിയിരുന്നു. സംഭവത്തെ കടുത്ത അക്രമം എന്നു വിശേഷിപ്പിച്ച വെങ്കയ്യ ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണെന്നും പറഞ്ഞു. എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥി രാംനാഥ് കോവിന്ദിന്റെ നാലാമത്തെ സെറ്റ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ പാര്‍ലമെന്റിലെത്തിയ മന്ത്രി മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു.
ദല്‍ഹിയില്‍നിന്നു ഹരിയാനയിലേക്കുള്ള യാത്രയിലാണ് ജുനൈദ് എന്ന പതിനാറുകാരനെ കുത്തിക്കൊല്ലുകയും സഹോദരങ്ങളെ പരിക്കേല്‍പിക്കുകയും ചെയ്തത്. പശുവിനെ തിന്നുന്നവരെന്നും രാജ്യദ്രോഹികളെന്നും ആരോപിച്ചായിരുന്നു ആക്രമണം. സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കം പൊടുന്നനെ വര്‍ഗീയ അധിക്ഷേപങ്ങളിലേക്കു വഴിതിരിയുകയായിരുന്നു. പശുവിനെ തിന്നുന്നവരാണ് അവരെ ആക്രമിക്കൂ എന്നു സുഹൃത്ത് ആക്രോശിച്ചതു കേട്ടാണ് ആ സമയത്ത് മദ്യപിച്ചിരുന്ന താന്‍ ആക്രമിച്ചതെന്ന് പിടിയിലായവരില്‍ ഒരാളായ രമേഷ് പറഞ്ഞിരുന്നു. എന്നാല്‍, പോലീസ് രജിസ്റ്റര്‍ ചെയ്ത പരാതിയില്‍ ഇക്കാര്യങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ല.
സംഭവത്തില്‍ ആദ്യം കാര്യമായി പ്രതികരിക്കാതിരുന്ന ഹരിയാന സര്‍ക്കാര്‍ കര്‍ശന നടപടിയെടുക്കുമെന്ന് പിന്നീട് വ്യക്തമാക്കിയിരുന്നു. ജുനൈദിന്റെ ഘാതകരെ നിയമത്തിനു മുന്നില്‍ കൊണ്ടു വരുമെന്നാണു ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഘട്ടര്‍ പറഞ്ഞത്. നിയമം കൈയിലെടുക്കാന്‍ തന്റെ സര്‍ക്കാര്‍ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയത്. ഇതിനു പിന്നാലെയാണ് ഇന്നലെ നാല് പേര്‍ കൂടി അറസ്റ്റിലായത്.
അക്രമികളെക്കുറിച്ചു വിവരം നല്‍കുന്നവര്‍ക്ക് ഹരിയാന റെയില്‍വേ പോലീസ് ഒരു ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു. ട്രെയിനില്‍ നിരവധി പേര്‍ നോക്കി നില്‍ക്കേയാണു ജുനൈദും സഹോദരങ്ങളും ആക്രമിക്കപ്പെട്ടതെങ്കിലും ദൃക്‌സാക്ഷികളായി ഇതുവരെ ആരും മുന്നോട്ടു വന്നിട്ടില്ല. അക്രമികള്‍ ഉപയോഗിച്ച ആയുധവും കണ്ടെത്താനായില്ല.