ഹൈദരാബാദ്- ഓര്‍ഡര്‍ ചെയ്ത പൂരി കൊണ്ടുവരാന്‍ വൈകിയതിന്റെ പേരില്‍ അധിക്ഷേപിച്ച ബിസിനസുകാരന്റെ ദേഹത്ത് പാചകക്കാരന് തിളച്ച എണ്ണയൊഴിച്ചു. ഹൈദരാബാദിലെ റെസ്റ്റോറന്റിലാണ് സംഭവം. ഗുരതരമായി പൊള്ളലേറ്റ 29 കാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്.
ഭക്ഷണം വൈകിയതിന്റെ പേരില്‍ ആരംഭിച്ച വാക്കുതര്‍ക്കത്തിനൊടുവില്‍ പാചകക്കാരന് അടുക്കളയില്‍ പോയി തിളച്ച എണ്ണ കൊണ്ടുവരികയായിരുന്നു.
ഹോട്ടലിലെത്തിയ യുവാവ് പൂരി ഓര്‍ഡര്‍ ചെയ്തപ്പോള്‍ 15 മിനിറ്റ് സമയമെടുക്കുമെന്ന് പാചകക്കാരന് പറഞ്ഞിരുന്നു. എന്നാല്‍ ഓര്‍ഡര്‍ ചെയ്ത് അരമണിക്കൂര്‍ കഴിഞ്ഞിട്ടും ഭക്ഷണം ലഭിക്കാതയതോടെ യുവാവ് ക്ഷുഭിതനായി. തുടര്‍ന്ന് പാചകക്കാരനും യുവാവും വാക്കുതര്‍ക്കമുണ്ടാവുകയും യുവാവ് പാചകക്കാരനെ മോശമായ ഭാഷയില്‍ ആക്ഷേപിക്കുകയും ചെയ്തുവെന്ന് പറയുന്നു. യുവാവിന്റെ മുഖത്തും കഴുത്തിലും കൈകളിലുമാണ് പൊള്ളലേറ്റത്. പാചകക്കാരനെ കസ്റ്റഡിയിലെടുത്തതായി പോലീസ് അറിയിച്ചു.