ന്യൂദല്‍ഹി- അര ലക്ഷം രൂപക്കു മുകളിലുള്ള പണമിടപാടുകള്‍ക്കും ആദായ നികുതിയുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങള്‍ക്കും പാന്‍ കാര്‍ഡിനു പകരം ഇനി ആധാര്‍ കാര്‍ഡ് ഉപയോഗിക്കാമെന്ന് റവന്യൂ സെക്രട്ടറി അജയ് ഭൂഷണ് പാണ്ഡേ പറഞ്ഞു.
ഇന്ത്യയുടെ ദേശീയ ബയോമെട്രിക് ഐ.ഡിയായ ആധാര്‍ ബാങ്കുകളിലും മറ്റു സ്ഥാപനങ്ങളിലൂം സ്വീകരിക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ നിര്‍ദേശിച്ചതായി അദ്ദേഹം പറഞ്ഞു.
നികുതിദായകരുടെ എളുപ്പത്തിനായി പാന്‍ കാര്‍ഡിനു പകരം ആധാര്‍ ഉപയോഗിക്കാമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന് കഴിഞ്ഞ ദിവസം അവതരിപ്പിച്ച ബജറ്റില്‍ പറഞ്ഞിരുന്നു. ആധാറുമായി ബന്ധിച്ച 22 കോടി പാന്‍ കാര്‍ഡുകള്‍ രാജ്യത്തുണ്ട്. 120 കോടിയിലധികം ആളുകള്‍ക്കാണ് മൊത്തത്തില്‍ ആധാറുള്ളത്. പാന്‍ കാര്‍ഡ് ലഭിക്കണമെങ്കില്‍ ആദ്യം ആധാര്‍ ഉപയോഗിക്കേണ്ടി വരും. ആധാറുള്ളവര്‍ക്ക് പാന്‍ കാര്‍ഡ് വേണ്ടതില്ല എന്നത് വലിയ സൗകര്യമാണെന്ന് റവന്യൂ സെക്രട്ടറി പറഞ്ഞു. ബാങ്ക് നിക്ഷേപത്തിനും പിന്‍വലിക്കാനും ആധാര്‍ ഉപയോഗിക്കാമോ എന്ന ചോദ്യത്തിന് ബാങ്ക് അക്കൗണ്ടുകളില്‍ 50,000 രൂപയില്‍ കൂടുതല്‍ പണം നിക്ഷേപിക്കാന്‍ നിങ്ങള്‍ക്ക് എവിടെയും ആധാര്‍ ഉപയോഗിക്കാമെന്ന് പാണ്ഡെ മറുപടി നല്കി. കള്ളപ്പണം തടയുകയെന്ന ലക്ഷ്യത്തോടെ, ഹോട്ടല്‍ അല്ലെങ്കില്‍ വിദേശ യാത്രാ ബില്ലുകള്‍ പോലുള്ള പണമിടപാടുകള്‍ക്ക് പാന്‍ നമ്പര്‍ നിര്‍ബന്ധമാക്കിയിരുന്നു. 10 ലക്ഷം രൂപയില്‍ കൂടുതല്‍ വിലയുള്ള വസ്തുക്കള്‍ വാങ്ങുന്നതിനും പാന്‍ നിര്‍ബന്ധമാണ്.
പാന്‍ നമ്പര്‍ തെറ്റായി ഉപയോഗിക്കുന്നതും വ്യാജ പാന്‍ ഉപയോഗിക്കുന്നതും ഒഴിവാക്കാന്‍ ബയോമെട്രിക് ഡാറ്റയുള്ള ആധാര്‍ ഉപയോഗിക്കുന്നതോടെ കുറക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.