ഗാന്ധിനഗര്‍- രാജ്യസഭാ ഉപതെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്കെതിരെ വോട്ടുചെയ്ത ശേഷം കോണ്‍ഗ്രസ് എംഎല്‍എമാരായ അല്‍പേഷ് താക്കോറും ധവാല്‍സിങ് സാലയും ഗുജറാത്ത് നിയമസഭയില്‍നിന്ന് രാജിവെച്ചു.
ഗുജറാത്തിലെ രണ്ട് രാജ്യസഭാ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് ഇന്നലെ രാവിലെ ഗാന്ധിനഗറിലെ നിയമസഭാ സമുച്ചയത്തിലാണ് ആരംഭിച്ചത്.
വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനെയും ഒ.ബി.സി നേതാവ് ജുഗല്‍ജി താക്കോറിനെയും ബി.ജെ.പി സ്ഥാനാര്‍ഥിയാക്കിയപ്പോള്‍ കോണ്‍ഗ്രസ് ചന്ദ്രിക ചുദാസാമ, ഗൗരവ് പാണ്ഡ്യയെയും നാമനിര്‍ദേശം ചെയ്തു.
രാജ്യത്തെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകാന്‍ ആഗ്രഹിക്കുന്ന സത്യസന്ധമായ ദേശീയ നേതൃത്വത്തിന് വേണ്ടിയാണ് ഞാന്‍ വോട്ട് രേഖപ്പെടുത്തിയത്. എന്റെ മനഃസാക്ഷിക്കനുസരിച്ചാണ് വോട്ട് രേഖപ്പെടുത്തിയത്- നിയമസഭയില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം അല്‍പേഷ് താക്കോര്‍ പറഞ്ഞു.
കോണ്‍ഗ്രസില്‍ ഇതുവരെ മാനസിക സമ്മര്‍ദ്ദമല്ലാതെ മറ്റൊന്നും എനിക്ക് ലഭിച്ചിട്ടില്ലെന്നും ആ ഭാരത്തില്‍നിന്ന് ഞാന്‍ മുക്തനായെന്നും ഒ.ബി.സി നേതാവ് ജുഗല്‍ജി താക്കോര്‍ പറഞ്ഞു.