Sorry, you need to enable JavaScript to visit this website.

തുര്‍ക്കിയില്‍ സൗദി ടൂറിസ്റ്റുകള്‍ കൊള്ളയടിക്കപ്പെടുന്നു; എംബസിയുടെ മുന്നറിയിപ്പ്

റിയാദ് - കവർച്ച, പോക്കറ്റടി സംഘങ്ങൾക്കെതിരെ തുർക്കി സന്ദർശിക്കുന്ന സൗദി വിനോദ സഞ്ചാരികൾക്ക് തുർക്കിയിലെ സൗദി എംബസി മുന്നറിയിപ്പ് നൽകി. സൗദി വിനോദ സഞ്ചാരികളുടെ പാസ്‌പോർട്ടുകളും പണവും മോഷണം പോവുകയും പോക്കറ്റടിക്കപ്പെടുകയും ചെയ്ത നിരവധി സംഭവങ്ങൾ സമീപ കാലത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തുർക്കി സന്ദർശകർ തിരക്കുള്ള സ്ഥലങ്ങളിലും മറ്റും പാസ്‌പോർട്ടുകളും വിലപിടിച്ച വസ്തുക്കളും നന്നായി സൂക്ഷിക്കുകയും ജാഗ്രത പാലിക്കുകയും വേണം. അടിയന്തിര സാഹചര്യങ്ങളിൽ സൗദി എംബസിയുമായും ഇസ്താംബൂൾ കോൺസുലേറ്റുമായും ആശയവിനിമയം നടത്തുന്നതിന് മടിച്ചുനിൽക്കരുതെന്നും സൗദി പൗരന്മാരോട് എംബസി ആവശ്യപ്പെട്ടു. 


തുർക്കിയിലെ മൂന്നു വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നിന്നു മാത്രം 165 സൗദികളുടെ പാസ്‌പോർട്ടുകൾ നാലു മാസത്തിനിടെ മോഷണം പോയിട്ടുണ്ട്. ഷോപ്പിംഗ് കേന്ദ്രങ്ങളിലും റെസ്റ്റോറന്റുകളിലും വെച്ചാണ് സൗദി ടൂറിസ്റ്റുകളുടെ പാസ്‌പോർട്ടുകളും പണവും പോക്കറ്റടിക്കപ്പെടുകയും മോഷ്ടിക്കപ്പെടുകയും ചെയ്തത്. 
പാസ്‌പോർട്ടുകളും പണവും കവർച്ച ചെയ്യപ്പെടുന്നവരിൽ നിന്ന് പരാതികൾ സ്വീകരിക്കുന്നതിന് തുർക്കിയിലെ സൗദി എംബസിയും കോൺസുലേറ്റും ചേർന്ന് ഇരുപത്തിനാലു മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നിട്ടുണ്ടെന്ന് ഇസ്താംബൂൾ സൗദി കോൺസുലേറ്റ് ചാർജ് ഡി അഫയേഴ്‌സ് മുശാരി അൽദിയാബി പറഞ്ഞു. സൗദി പൗരന്മാർ കവർച്ചകൾക്കും പോക്കറ്റടികൾക്കും വിധേയരാകുന്ന സ്ഥലങ്ങളിൽ എംബസി ജീവനക്കാർ ഉടനടി എത്തും. തുർക്കിയിൽ സൗദി ടൂറിസ്റ്റുകളുടെ എണ്ണം കഴിഞ്ഞ വർഷം വലിയ തോതിൽ കുറഞ്ഞിരുന്നു. സൗദി ടൂറിസ്റ്റുകൾ മാത്രമല്ല കവർച്ചകൾക്കും പോക്കറ്റടികൾക്കും വിധേയരാകുന്നത്. മറ്റു അറബ് രാജ്യങ്ങളിൽ നിന്നുള്ള വിനോദ സഞ്ചാരികളും മോഷണങ്ങൾക്കും പോക്കറ്റടികൾക്കും ഇരകളാകുന്നുണ്ടെന്നും മുശാരി അൽദിയാബി പറഞ്ഞു. 
തുർക്കിയിലെ തിരക്കേറിയ സ്ഥലങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്നും പ്രശസ്തവും തിരക്കേറിയതുമായ വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കുമ്പോൾ സ്വന്തം സുരക്ഷയുടെ കാര്യത്തിൽ അതീവ ജാഗ്രത പാലിക്കണമെന്നും സൗദി അറേബ്യയും അമേരിക്കയും അടക്കമുള്ള രാജ്യങ്ങൾ തങ്ങളുടെ പൗരന്മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. തുർക്കിയിൽ റിയൽ എസ്റ്റേറ്റ് മേഖലയിൽ നിക്ഷേപങ്ങൾ നടത്തിയ സൗദി പൗരന്മാരിൽ നിന്ന് നിരവധി പരാതികൾ ലഭിക്കുന്നുണ്ടെന്ന് മേയിൽ പുറത്തിറക്കിയ പ്രസ്താവനയിൽ അങ്കാറയിലെ സൗദി എംബസി പറഞ്ഞു. ഉടമസ്ഥാവകാശ രേഖകൾ ലഭിക്കുന്നില്ലെന്നും പണം മുഴുവൻ അടച്ചുതീർത്തിട്ടും താമസസ്ഥലങ്ങളിൽ പ്രവേശിക്കുന്നതിൽ നിന്ന് വിലക്കുന്നതായും കോൺട്രാക്ടിംഗ് കമ്പനികൾ ഭീഷണിപ്പെടുത്തുന്നതായും മറ്റും പരാതിപ്പെട്ടാണ് നിക്ഷേപകർ സമീപിക്കുന്നതെന്നും സൗദി എംബസി പ്രസ്താവനയിൽ പറഞ്ഞു. 

Latest News