ഇൻഡോർ - മുനിസിപ്പൽ ഉദ്യോഗസ്ഥനെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് മർദിച്ച ഇൻഡോർ എം.എൽ.എയ്ക്ക് ബി.ജെ.പി കാരണം കാണിക്കൽ നോട്ടീസ് അയച്ചു. മർദനം എന്തിനാണെന്ന് വ്യക്തമാക്കാൻ നോട്ടീസിൽ ആവശ്യപ്പെട്ടു.
സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോഡി കടുത്ത എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ഇയാളുടെ പ്രവൃത്തിയെ ശക്തമായി വിമർശിച്ച പ്രധാനമന്ത്രി, ഇയാൾക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ആരായാലും ആരുടെ മകനായാലും പാർട്ടി ഇത് വച്ചുപൊറുപ്പിക്കില്ലെന്നും നടപടി ഉടൻ എടുക്കണമെന്നും ആവശ്യപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് നോട്ടീസ്.
മുതിർന്ന ബി.ജെ.പി നേതാവിന്റെ മകനും ഇൻഡോർ എം.എൽ.എ യുമായ ആകാശ് വിജയ വർഗീയയാൻ കഴിഞ്ഞയാഴ്ച മുനിസിപ്പൽ ഉദ്യോഗസ്ഥരെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് മർദിച്ചത്. സംഭവത്തിൽ, പ്രധാനമന്ത്രി വളരെയധികം അസ്വസ്ഥനായിരുന്നുവെന്ന് ബിജെപി നേതക്കൾ യോഗത്തിന് ശേഷം മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.
കുറച്ചു ദിവസങ്ങൾക്കു മുൻപ് ജയിലിൽ നിന്ന് ജാമ്യത്തിൽ പുറത്തിറങ്ങിയ ആകാശിന് വൻ സ്വീകരണമായിരുന്നു ലഭിച്ചത്. പുഷ്പാർച്ചന നടത്തിയാണ് ആകാശിനെ പാർട്ടി പ്രവർത്തകർ വരവേറ്റത്.
അനധികൃത കയ്യേറ്റങ്ങൾ അന്വേഷിക്കാനെത്തിയ ഉദ്യോഗസ്ഥരെയാണ് ആകാശ് ബാറ്റ് കൊണ്ട് മർദിച്ചത്. ഉദ്യോഗസ്ഥർ, റസിഡൻഷ്യൽ കോളനിയിലെ വനിതകളോട് അപമര്യാദയായി സംസാരിച്ചുവെന്ന് ആകാശ് ആരോപിച്ചു. ജയിലിൽ നിന്ന് ഇറങ്ങിയ ശേഷവും ചെയ്ത കുറ്റത്തെ ന്യായീകരിക്കുകയായിരുന്നു ആകാശ് ചെയ്തത്. ചെയ്തതിൽ കുറ്റബോധമില്ലെന്നും ബാറ്റ് എടുക്കാൻ രണ്ടാമതൊരു അവസരം ഇല്ലാതിരിക്കട്ടെ എന്നും ആകാശ് പറയുകയുണ്ടായി.