Sorry, you need to enable JavaScript to visit this website.

5 ട്രില്യൺ സാമ്പത്തിക ശക്തി: ഗിയർ മാറ്റം പോലെ എളുപ്പമല്ലെന്ന് വിദഗ്ധര്‍

ന്യൂദൽഹി - 2025 ൽ 5 ട്രില്യൺ ഡോളർ സാമ്പത്തിക ശക്തി. രണ്ടാം മോഡി സർക്കാർ അധികാരമേറ്റതിനു ശേഷം ചെയ്ത ആദ്യ വാഗ്ദാനങ്ങളിൽ ഒന്നാണിത്. പുതിയ സർക്കാരിന്റെ ആദ്യ ബജറ്റിൽ ധനമന്ത്രി നിർമല സീതാരാമൻ ഊന്നൽ നൽകുന്നതും ഇതിനാകുമെന്ന് സാമ്പത്തിക സർവേ അവതരണത്തിൽ നിന്ന് വ്യക്തമായി കഴിഞ്ഞു. 

നടപ്പ് സാമ്പത്തിക വര്‍ഷം രാജ്യം വളര്‍ച്ച നിരക്ക് ഉയര്‍ത്തുമെന്നതിന്‍റെ സൂചനകളാണ് കേന്ദ്ര സര്‍ക്കാരിന്‍റെ ബജറ്റിന് മുന്നോടിയായ സാമ്പത്തിക സര്‍വേ നല്‍കുന്നത്. ഏപ്രില്‍ ഒന്നിന് തുടങ്ങിയ 2019- 20 സാമ്പത്തിക വര്‍ഷം രാജ്യം ഏഴ് ശതമാനം വളര്‍ച്ച നിരക്ക് കൈവരിക്കുമെന്നാണ് സര്‍വേ റിപ്പോര്‍ട്ട് പറയുന്നത്. 

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വളര്‍ച്ച നിരക്കായിരുന്നു കഴിഞ്ഞ സാമ്പത്തിക വർഷം രേഖപ്പെടുത്തിയത്. 2018-19 സാമ്പത്തിക വര്‍ഷം രാജ്യത്തിന്‍റെ വളര്‍ച്ച നിരക്ക് 6.8 ശതമാനമായിരുന്നു.കഴിഞ്ഞ 5 വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.5 ശതമാനം ആണെന്നിരിക്കെ 7 ശതമാനം എന്നത് പര്യാപ്തമല്ലെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇതിനെ മറികടക്കാന്‍ ഉപഭോക്തൃ വിശ്വാസം തിരികെ കൊണ്ടുവരണമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
Image result for india gdp low 2019
 

പ്രധാന വെല്ലുവിളികൾ

 
എന്നാൽ, 2025 ൽ 5 ട്രില്യൺ സാമ്പത്തിക ശക്തി എന്ന പദവി കൈവരിക്കണമെങ്കിൽ, ഇന്ത്യയ്ക്ക് താണ്ടാൻ കടമ്പകളേറെയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ദർ അഭിപ്രായപ്പെടുന്നത്. ഉയർന്ന തൊഴിലില്ലായ്മ നിരക്കും കോർപറേറ്റ് വരുമാനങ്ങൾ കുറഞ്ഞതും സ്വകാര്യ മേഖലയിലെ നിക്ഷേപങ്ങളുടെ അഭാവവും സാമ്പത്തിക വ്യവസ്ഥയെ തകിടം മറിച്ചിരിക്കുകയാണ്‌. 

സാമ്പത്തിക രംഗം ചില പ്രധാന പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. 2019 സാമ്പത്തിക വര്‍ഷത്തെ നാലാം പാദത്തില്‍ മൊത്ത ആഭ്യന്തര ഉല്‍പാദന (GDP) നിരക്ക് 5.8 ശതമാനമായി ഇടിഞ്ഞു. കഴിഞ്ഞ 20 പാദവര്‍ഷങ്ങളിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. 2019 സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ച അഞ്ചു വര്‍ഷത്തെ ഏറ്റവും കുറവായ 6.8 ശതമാനമായി കുറഞ്ഞു. സുപ്രധാന സാമ്പത്തിക സൂചകങ്ങളായ ഐ.ഐ.പി (വ്യാവസായിക ഉല്‍പാദന സൂചിക), കയറ്റുമതി, ഇറക്കുമതി, വാഹന വില്‍പന,പി എം.ഐ തുടങ്ങിയ ഘടകങ്ങള്‍ സാമ്പത്തിക രംഗത്തെ ഗതിമാന്ദ്യം ശരിവെയ്ക്കുന്നു. ദേശീയ സാമ്പിള്‍ സര്‍വേ (NSSO) കണക്കുകള്‍ തൊഴിലില്ലായ്മ കൂടിയ നിലയിലാണെന്നാണ് കാണിക്കുന്നത്. 


Image result for india gdp low
ഉപഭോക്തൃ ഉല്‍പന്നങ്ങളുടെ രംഗത്ത് ചാലക ശക്തികളായിരുന്ന ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ (NBFCs) കടുത്ത പ്രതിസന്ധി നേരിടുകയാണ്.രാജ്യത്തിന്റെ സ്ഥൂല സാമ്പത്തിക സൂചകാംഗങ്ങളും അത്ര മെച്ചപ്പെട്ട നിലയിലല്ല. കേന്ദ്രത്തിന്റേയും സംസ്ഥാനങ്ങളുടേയും മൊത്തം ധന കമ്മി ജിഡിപിയുടെ 7 ശതമാനമാണ്. സര്‍ക്കാര്‍ കടം GDPയുടെ 70 ശതമാനം എന്നത് കൂടുതലുമാണ്. ചരക്കുകളുടെ കയറ്റുമതി 2011-12 മുതല്‍ മന്ദഗതിയിലാണെന്നതും ജി.ഡി.പിയുടെ 2.2 ശതമാനമായ കറണ്ട് അക്കൗണ്ട് കമ്മി മെച്ചപ്പെട്ട അവസ്ഥയിലല്ലാത്തതും വെല്ലുവിളികളിൽ പ്രധാനമാണ്. 

കടമ്പകൾ മറി കടക്കാനാകുമോ? 

സാമ്പത്തിക ഉത്തേജക നടപടികള്‍ ആവശ്യമാണെങ്കിലും അതിനുള്ള സാഹചര്യമില്ല എന്നതാണ് സത്യം.ഉപഭോക്തൃ വിശ്വാസം തിരികെ കൊണ്ടുവരണമെങ്കില്‍ സർക്കാർ ചെലവ് വർദ്ധിപ്പിക്കേണ്ടതുണ്ട്. എന്നാല്‍ ധനക്കമ്മി ഉയർന്ന തോതിൽ നില്‍ക്കുന്ന സാഹചര്യത്തില്‍, അത് എങ്ങനെ സാധ്യമാകുമെന്ന സംശയവും നിലനില്‍ക്കുന്നുണ്ട്. കാര്‍ഷിക മേഖല സാമ്പത്തികമായ പ്രയോജനങ്ങളാണ് പ്രതീക്ഷിക്കുന്നത്. കർശനമായ തൊഴിൽ നിയമങ്ങളിൽ മാറ്റം വരുത്താതെ കൂടുതൽ തൊഴിലുകൾ സൃഷ്ടിക്കാൻ കഴിയില്ല. വായ്പയെടുത്ത് സാമ്പത്തിക ഉത്തേജന പരിപാടി നടപ്പാക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും. അതിനാല്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്‍പനയിലൂടെ സാമ്പത്തിക ഉത്തേജന പരിപാടി നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടത്. ബജറ്റും തുടര്‍ന്നുണ്ടാവേണ്ട നയപരമായ നടപടികളും ഉല്‍പാദന ക്ഷമത വര്‍ധിപ്പിക്കുന്ന ഘടനാപരമായ മാറ്റങ്ങള്‍ക്കായിരിക്കണം ഊന്നൽ നൽകേണ്ടത്. 
Image result for 5 trillion economy 2025 graphics
സാമ്പത്തിക സർവേ തയ്യാറാക്കിയ മുതിർന്ന സാമ്പത്തിക ഉപദേഷ്ടാവ് കൃഷ്ണമൂർത്തി സുബ്രഹ്മണ്യൻ പക്ഷെ ഈ പ്രതിസന്ധികളെല്ലാം മറി കടക്കാനാകുമെന്ന ആത്മ വിശ്വാസത്തിലാണ്. കഴിഞ്ഞ അഞ്ചു വർഷമായി പിന്തുടരുന്ന മൈക്രോ എക്കണോമിക്, മാക്രോ എക്കണോമിക് അടിത്തറകൾ സാമ്പത്തിക വളർച്ചയ്ക്ക് ഇനിയും സഹായകമാകും എന്നാണ് അദ്ദേഹം കരുതുന്നത്. കൂടാതെ, മോഡി സർക്കാരിന്റെ രാഷ്ട്രീയ സ്ഥിരതയും സാമ്പത്തിക വളർച്ചയ്ക്ക് ആക്കം കൂട്ടുമെന്നും കരുതുന്നതായി അദ്ദേഹം വാർത്ത സമ്മേളനത്തിൽ പറഞ്ഞു. 

Latest News