ന്യൂദൽഹി - രണ്ടാമതും അധികാരത്തിലേറിയ ശേഷമുള്ള മോഡി സർക്കാരിന്റെ ആദ്യ ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ നാളെ അവതരിപ്പിക്കും. ഈ വർഷം ആദ്യം കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ ഇടക്കാല ബജറ്റ് അവതരിപ്പിച്ചിരുന്നു.
ബജറ്റ് അവതരണത്തിന് മുന്നോടിയായി കഴിഞ്ഞ സാമ്പത്തിക വർഷത്തെ സാമ്പത്തിക സർവേ റിപ്പോർട്ട് ഇന്ന് പാർലമെന്റിൽ അവതരിപ്പിച്ചു. രാജ്യത്തെ സാമ്പത്തിക വികസനത്തെ കുറിച്ചുള്ള വാർഷിക അവലോകനമാണ് സർവേയിലൂടെ വിശദമാക്കിയത്.മുതിർന്ന സാമ്പത്തിക ഉപദേഷ്ടാവ് കൃഷ്ണമൂർത്തി സുബ്രഹ്മണ്യനാണ് കഴിഞ്ഞ 12 മാസത്തെ സാമ്പത്തികനില പരിശോധിച്ച് റിപ്പോർട്ട് തയാറാക്കിയത്.
സാമ്പത്തിക സർവേയിൽ അവതരിപ്പിച്ച പ്രധാന പോയിന്റുകൾ
- 2019 - 2020 സാമ്പത്തിക വർഷത്തിൽ 7 % ജി.ഡി.പി ലക്ഷ്യമിടുന്നതായി ധനമന്ത്രി നിർമല സീതാരാമൻ അറിയിച്ചു. ചൈനയെ മറികടന്ന് ഇന്ത്യയെ ലോകത്തെ അതിവേഗം വളരുന്ന പ്രധാന സമ്പദ്വ്യവസ്ഥയാക്കി മാറ്റണമെങ്കിൽ ജി.ഡി.പി ഉയർത്തിയെ മതിയാകൂ. 2025ൽ ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി 5 ട്രില്യൻ ആകണമെങ്കിൽ ജിഡിപി എട്ടു ശതമാനമാകണം.മാക്രോ ഇക്കണോമിക് അവസ്ഥ സുസ്ഥിരമായി തുടരുന്നതിനാൽ 2019-20ൽ വളർച്ച കൈവരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ കുറച്ച് വർഷങ്ങളിൽ ആരംഭിച്ച ഘടനാപരമായ പരിഷ്കാരങ്ങൾ തുടരുകയാണെന്നും ധനമന്ത്രി വ്യക്തമാക്കി.
- സമ്പദ്വ്യവസ്ഥയുടെ വളർച്ച നിർണ്ണയിക്കുന്നതിൽ ഉപഭോഗത്തിന്റെ പ്രകടനം നിർണായകമാകും.
- ഗ്രാമീണ വേതന നിരക്കിൽ വർധനയുണ്ടാകും.
- 2011-12 മുതൽ കുറഞ്ഞുവരുന്ന നിക്ഷേപ നിരക്ക് 2019-20 ൽ വായ്പ കൂട്ടുന്നതോടെ ഉയരുമെന്ന് സാമ്പത്തിക സർവേ അറിയിച്ചു.
- 2018-19 സാമ്പത്തിക വർഷത്തിൽ ധന ഏകീകരണത്തിന്റെ പാതയിലാണ് സർക്കാർ നിലകൊള്ളുന്നതെന്ന് സാമ്പത്തിക സർവേ അഭിപ്രായപ്പെട്ടു. പൊതു ധനക്കമ്മി 2018-19ൽ 5.8 ശതമാനമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 2017-18ൽ ഇത് 6.4 ശതമാനമായിരുന്നു.
- വൻതോതിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കും. സ്വകാര്യ നിക്ഷേപങ്ങൾ വർധിപ്പിച്ച് തൊഴിലവസരങ്ങൾ ഉണ്ടാക്കാൻ മുൻതൂക്കം നൽകും.
- ഇന്ധനവിലയിൽ കുറവ് വരുതാനാകുമെന്ന് പ്രതീക്ഷ.
- നേരിട്ടുള്ള വിദേശ നിക്ഷേപത്തിനുള്ള നിയന്ത്രണങ്ങൾ നീക്കുന്നതിനുള്ള നടപടികൾ ഉണ്ടായേക്കും.
- വളർച്ചയിലെ മെല്ലപ്പോക്ക്, ജിഎസ്ടി, കാർഷിക പദ്ധതികൾ എന്നിവ സാമ്പത്തിക രംഗത്തിന് വെല്ലുവിളിയുയർത്താൻ സാധ്യതയുണ്ട്.
നികുതിയിളവ് പരിധി ഉയര്‍ത്തുമെന്ന പ്രതീക്ഷയോടെയാണ് രാജ്യത്തെ മധ്യവര്‍ഗം പൊതുബജറ്റിനെ കാത്തിരിക്കുന്നത്.പക്ഷേ, രാജ്യത്തിന്റെ ഇപ്പോഴത്തെ സാമ്പത്തിക സ്ഥിതിയില്‍ നികുതിളവ് പരിധി ഉയര്‍ത്താനുളള ധൈര്യം ധനമന്ത്രി കാണിക്കാനിടയില്ലെന്ന് സാമ്പത്തിക വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു.