ന്യൂദൽഹി - തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം അദാനി ഗ്രൂപ്പിന് നൽകിയ തീരുമാനം പുനരാലോചിക്കാവുന്നതാണ് എന്ന് കേന്ദ്ര സർക്കാർ. വിമാനത്താവളത്തിനായി ലേലം നടത്തണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം പരിഗണിക്കുമെന്ന് വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരി രാജ്യസഭയിൽ അറിയിച്ചു.
ലേലത്തിൽ പങ്കെടുക്കാമെന്ന് കാണിച്ചുള്ള കേരള സർക്കാരിന്റെ കത്ത് കിട്ടിയിട്ടുണ്ട്. ഇത് സംബന്ധിച്ച് ഉടൻ തീരുമാനമെടുക്കുമെന്നും മന്ത്രി അറിയിച്ചു. അതേസമയം മംഗലാപുരം, അഹമ്മദാബാദ്, ലഖ്‌നൗ അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെ നടത്തിപ്പ് 50 വർഷത്തേക്ക് അദാനി ഗ്രൂപ്പിന് കൈമാറാനുള്ള തീരുമാനം കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു.
എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന വിവിധ വിമാനത്താവളങ്ങൾ സ്വകാര്യവത്കരിക്കുന്ന കൂട്ടത്തിലാണ് തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറിയത്.
എന്നാൽ തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരിക്കുന്നതിന് എതിരെ മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര സർക്കാരിനെ ശക്തമായ എതിർപ്പും പ്രതിഷേധവും അറിയിച്ചിരുന്നു. അദാനി ഗ്രൂപ്പിന് വിമാനത്താവള നടത്തിപ്പ് നൽകിയാൽ സംസ്ഥാന സർക്കാരിന്റെ സഹകരണമുണ്ടാകില്ലെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകിയിരുന്നു.
വിമാനത്താവള നടത്തിപ്പിന് സിയാൽ (കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ്) മാതൃകയിൽ ട്രിയാൽ (ട്രിവാൻഡ്രം ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ്) എന്നൊരു കമ്പനി സർക്കാർ രൂപീകരിച്ചിരുന്നു.