ന്യൂദൽഹി- എന്റെ ഓരോ ജീവകോശവും ആർ.എസ്.എസിനും ബി.ജെ.പിക്കുമെതിരെ ജന്മസിദ്ധമായ പ്രതിരോധം തീർക്കും. എനിക്കവരോട് വിരോധമില്ല, എന്നാൽ അവർ മുന്നോട്ടു വെക്കുന്ന ഇന്ത്യ എന്ന സങ്കൽപത്തെ ഞാൻ എതിർക്കുന്നു -ഒരു മാസത്തെ അനിശ്ചിതത്വത്തിന് ശേഷം കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്ന് രാജിവെച്ചുകൊണ്ടുള്ള കത്തിൽ രാഹുൽ ഗാന്ധി പറഞ്ഞു. ബി.ജെ.പിയും ആർ.എസ്.എസും പ്രതിനിധാനം ചെയ്യുന്ന അപകടകരമായ ആശയത്തെ എതിർക്കാനുള്ള പോരാട്ടത്തിൽ താൻ മുൻപന്തിയിലുണ്ടായിരിക്കുമെന്നും രാഹുൽ വ്യക്തമാക്കി.
ആർ.എസ്.എസിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങൾ, രാജ്യത്തിന്റെ സ്ഥാപന ഘടനയെ പിടിച്ചെടുക്കൽ പൂർത്തിയായിരിക്കുകയാണ്. നമ്മുടെ ജനാധിപത്യം മൗലികമായിത്തന്നെ ദുർബലപ്പെട്ടിരിക്കുന്നു -രാഹുൽ ചൂണ്ടിക്കാട്ടി. യഥാർഥ അപകടം വരാനിരിക്കുന്നതേയുള്ളൂ എന്നും ഇനി മുതൽ രാജ്യത്ത് തെരഞ്ഞെടുപ്പ് രാജ്യഭാവിയെ നിർണയിക്കുന്ന ഘടകമായിരിക്കില്ല, മറിച്ച് ഒരു ആചാരം മാത്രമായിരിക്കുമെന്നും രാഹുൽ മുന്നറിയിപ്പ് നൽകി.
രാഷ്ട്രത്തിന്റെ സാമൂഹിക ഘടനയെ തകർക്കുകയെന്ന ലക്ഷ്യത്തോടെയാണ് രാജ്യത്തിനും പാവനമായ ഭരണഘടനക്കുമെതിരായ ആക്രമണമെന്ന് രാഹുൽ കുറ്റപ്പെടുത്തി. ഇതിനെതിരായ പോരാട്ടത്തിൽ താൻ ഒരിഞ്ചു പോലും പിന്നോട്ടില്ല.
ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണ അനുഭവം പങ്കുവെച്ചുകൊണ്ട്, തെരഞ്ഞെടുപ്പ് പോരാട്ടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയോട് പോരാടാൻ താൻ ഒറ്റക്കേ ഉണ്ടായിരുന്നുള്ളൂവെന്ന് രാഹുൽ പറഞ്ഞു. മോഡിക്കും ആർ.എസ്.എസിനും അവർ പിടിച്ചെടുത്ത സ്ഥാപനങ്ങൾക്കുമെതിരെ തനിക്ക് ഒറ്റയാൾ പട നയിക്കേണ്ടി വന്നു. 2019 ൽ നാം പോരാടിയത് ഒരു രാഷ്ട്രീയ പാർട്ടിയോടല്ല. ഇന്ത്യ എന്ന രാജ്യത്തിന്റെ മുഴുവൻ സംവിധാനങ്ങളോടുമാണ്. പ്രതിപക്ഷത്തിനെതിരായി തിരിച്ചുനിർത്തിയ ഓരോ സ്ഥാപനങ്ങളോടും കൂടിയാണ് -തെരഞ്ഞെടുപ്പ് കമ്മീഷന്റേയും മറ്റും പേര് എടുത്തുപറയാതെ രാഹുൽ സൂചിപ്പിച്ചു. ഒരിക്കൽ പേരുകേട്ട, ഭരണഘടനാ സ്ഥാപനങ്ങളുടെ നിഷ്പക്ഷത ഇന്ന് ഇല്ലാതായിരിക്കുന്നുവെന്നും അദ്ദേഹം പരിതപിച്ചു.
ഈ അധികാരം പിടിച്ചെടുക്കൽ ഇന്ത്യയെ സങ്കൽപാതീതമായ അക്രമത്തിലേക്കും വേദനയിലേക്കും തള്ളിവിടും. കർഷകരും തൊഴിലില്ലാത്ത ചെറുപ്പക്കാരും സ്ത്രീകളും ആദിവാസികളും ദളിതുകളും ന്യൂനപക്ഷങ്ങളുമാണ് ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കാൻ പോകുന്നത്. നമ്മുടെ സമ്പദ്‌രംഗത്തിനും അതുവഴി രാജ്യത്തിന്റെ യശസ്സിനും ഉണ്ടാകാൻ പോകുന്ന ക്ഷതം മാരകമായിരിക്കുമെന്നും രാഹുൽ പറഞ്ഞു.
പ്രധാനമന്ത്രി മോഡിക്ക് ലഭിച്ച വിജയം അദ്ദേഹത്തിനെതിരെ ഉന്നയിക്കപ്പെട്ട അഴിമതി ആരോപണങ്ങളിൽനിന്നുള്ള മുക്തി അല്ലെന്ന് രാഹുൽ ഓർമിപ്പിച്ചു. പണത്തിനോ വൻ സന്നാഹത്തോടെയുള്ള പ്രചാരണത്തിനോ സത്യത്തിന്റെ വെളിച്ചത്തെ മറച്ചുവെക്കാൻ കഴിയില്ല.
ബി.ജെ.പിയെ ശക്തമായി വിമർശിക്കുമ്പോൾ തന്നെ തന്റെ പാർട്ടിയുടെ പോരായ്മകൾ ചൂണ്ടിക്കാട്ടാനും രാഹുൽ നാലു പേജുള്ള കത്തിൽ ശ്രമിച്ചിട്ടുണ്ട്. ഉത്തരവാദിത്തമേൽക്കാനുള്ള നേതാക്കളുടെ വിമുഖതയെ അദ്ദേഹം വിമർശിക്കുന്നു. അധികാരത്തിൽ കടിച്ചുതൂങ്ങാനുള്ള പ്രവണത നല്ലതല്ല. തെരഞ്ഞെടുപ്പിൽ തനിക്ക് ഒറ്റക്ക് പാർട്ടിക്കായി പോരാടേണ്ടി വന്നുവെന്നും നേതൃവൃന്ദം തന്റെ ഒപ്പം ഉണ്ടായിരുന്നില്ലെന്നുമുള്ള കടുത്ത ആരോപണമാണ് പരോക്ഷമായി രാഹുൽ ഉന്നയിച്ചത്. ഞാനാണ് ഈ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ നയിച്ചത്. അതിനാൽ തോൽവിയുടെ ഉത്തരവാദിത്തവും തനിക്കാണ്. താൻ രാജിവെക്കാതെ മറ്റുള്ളവരോട് രാജിവെക്കാൻ ആവശ്യപ്പെടാനാവില്ല. അതുകൊണ്ടാണ് അധികാരത്തിൽനിന്ന് താൻ ഒഴിയുന്നതെന്നും രാഹുൽ പറഞ്ഞു.
ഉത്തരവാദിത്തത്തോടെയുള്ള പ്രവർത്തനമാണ് കോൺഗ്രസിന്റെ ഭാവി വളർച്ചക്ക് അനിവാര്യം. പാർട്ടി മൗലികമായിത്തന്നെ മാറേണ്ടതുണ്ട്. ജനങ്ങളുടെ ശബ്ദത്തെ ബി.ജെ.പി തച്ചുടക്കുകയാണ്. അത് ഉയർത്തിപ്പിടിക്കേണ്ടത് കോൺഗ്രസാണ് -രാഹുൽ ഓർമിപ്പിച്ചു.
പാർട്ടി അധ്യക്ഷ സ്ഥാനത്ത് രണ്ടു വർഷം മാത്രമാണ് രാഹുൽ സേവനമനുഷ്ഠിച്ചത്. ആദ്യം പാർട്ടി വൈസ് പ്രസിഡന്റായി പാർട്ടി ഘടനയിൽ കാര്യമായ അഴിച്ചുപണിക്ക് ശ്രമിച്ച ശേഷമാണ് അദ്ദേഹം സോണിയാ ഗാന്ധിക്ക് പകരമായി പ്രസിഡന്റ് പദത്തിലെത്തിയത്. പാർട്ടിയിൽ തെരഞ്ഞെടുപ്പിലൂടെ വേണം സ്ഥാനമാനങ്ങൾ നൽകാനെന്ന രാഹുലിന്റെ നിലപാട് പല സംസ്ഥാനങ്ങളിലേയും കടുത്ത ഗ്രൂപ്പ് പോരാട്ടത്തിനിടെ നടപ്പാക്കാനായില്ല. യുവാക്കളെ നേതൃത്വത്തിലേക്ക് കൊണ്ടുവരാനുള്ള രാഹുലിന്റെ നീക്കത്തിനും വൃദ്ധ നേതൃത്വം തടയിട്ടു. നിലവിലെ പാർട്ടി ഘടനയിൽ തനിക്ക് പ്രവർത്തിച്ച് വിജയിക്കാനാവില്ലെന്ന സൂചനയാണ് രാഹുൽ രാജിയിലൂടെ നൽകുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.