ലണ്ടന്‍-തന്റെ വഴിവിട്ട ജീവിതരീതിക്ക് തടസമാണെന്നു കണ്ടു 23 കാരിയായ മോഡല്‍ രണ്ടു പിഞ്ചോമനകളെ കൊലപ്പെടുത്തി. വാര്‍വിക്ഷയര്‍ സ്വദേശിനിയായ മോഡല്‍ ലൂസി പോര്‍ട്ടണ്‍ ആണ് ഈ ക്രൂരത ചെയ്തത്. പണം വാങ്ങി പുരുഷന്‍മാര്‍ക്ക് സെക്‌സ് വാഗ്ദാനം ചെയ്തിരുന്ന ലൂസിയ്ക്കു മക്കള്‍ തടസ്സമാകുന്നു എന്ന് തോന്നിയതോടെയാണ് അവരെ കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്നു കോടതി വിചാരണയില്‍ വിശദീകരിക്കപ്പെട്ടു.
മൂന്ന് വയസ്സുള്ള മകള്‍ ലെക്‌സി ഡ്രാപ്പര്‍, 16 മാസം പ്രായമുള്ള സ്‌കാര്‍ലറ്റ് വോഗന്‍ എന്നിവരെയാണ് യുവതി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം ജനുവരി 15നാണ് ലെക്‌സിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഫെബ്രുവരി ഒന്നിന് ഇളയ സഹോദരി സ്‌കാര്‍ലറ്റും മരിച്ചു. രോഗബാധിതയായതോടെ ആശുപത്രിയില്‍ എത്തിച്ച ശേഷമായിരുന്നു മരണം.
ബര്‍മിംഗ്ഹാം ക്രൗണ്‍ കോടതിയിലാണ് രണ്ട് കൊലപാതക കുറ്റങ്ങള്‍ പോര്‍ട്ടണ്‍ നേരിടുന്നത്. ശ്വാസം മുട്ടിച്ചാണ് രണ്ട് പെണ്‍കുഞ്ഞുങ്ങളെയും അമ്മ കൊന്നതെന്ന് ജൂറിക്ക് മുന്നില്‍ വിശദീകരിക്കപ്പെട്ടു. കോടതിയില്‍ പോര്‍ട്ടണ്‍ കൊലപാതകം നിഷേധിച്ചിരിക്കുകയാണ്. അമ്മ മനഃപ്പൂര്‍വ്വം ഇവരുടെ ശ്വാസഗതി തടയുകയായിരുന്നു.
ലെക്‌സി മരിച്ച് കിടക്കുമ്പോഴും അമ്മയില്‍ യാതൊരു വികാരപ്രകടനവും കണ്ടില്ലെന്ന് സ്ഥലത്തെത്തിയ പാരാമെഡിക്കുകളും സാക്ഷ്യപ്പെടുത്തി. ഇവരുടെ ഫോണ്‍ പരിശോധിച്ചപ്പോഴാണ് ശ്വാസം മുട്ടിച്ച് കൊല്ലുന്നതിനെക്കുറിച്ചും, വെള്ളത്തില്‍ മുക്കിക്കൊന്നാല്‍ പുനരുജ്ജീവിപ്പിക്കാന്‍ എത്ര സമയം വേണമെന്നെല്ലാമുള്ള ഓണ്‍ലൈന്‍ സേര്‍ച്ചുകള്‍ കണ്ടെത്തുന്നത്. വിചാരണ മൂന്നാഴ്ച നീളുമെന്നാണ് കരുതുന്നത്.