Sorry, you need to enable JavaScript to visit this website.

ലൂക്കയുടെ നീഹ

നിഹാരികാ ബാനർജി -അതായിരുന്നു അവളുടെ പേര്. കുട്ടിക്കാലത്തു തന്നെ അച്ഛനെ നഷ്ടപ്പെട്ട അവൾക്ക് അമ്മയും അമ്മാവനുമായിരുന്നു തുണ. എന്നാൽ അമ്മാവൻ അവളെ നോക്കിക്കണ്ടത് മറ്റൊരു രൂപത്തിലായിരുന്നു. ആരോടും പരിഭവം പറയാതെ വേദന ഉള്ളിലടക്കി അവൾ ജീവിച്ചു. പഠിച്ചതും വളർന്നതും ബാംഗ്ലൂരിലായിരുന്നെങ്കിലും ബിരുദ പഠനം കഴിഞ്ഞ് ഗവേഷണത്തിനായി അവൾ എത്തിയത് കൊച്ചിയിലായിരുന്നു. സുഹൃത്തിനോടൊപ്പം കൊച്ചി ബിനാലെയിലെത്തിയ അവൾ കണ്ടത് കുറെ പാഴ്‌വസ്തുക്കൾ കൊണ്ടുണ്ടാക്കിയ ഒരു ചിത്രപ്പണിയായിരുന്നു. ഇഷ്ടപ്പെടാതിരുന്ന അവൾ അത് തുറന്നുപറഞ്ഞു. പറഞ്ഞത് അതിന്റെ ശിൽപിയായ ലൂക്കയോടായിരുന്നു. എന്നാൽ മറ്റൊരു ആംഗിളിൽ നോക്കിയപ്പോഴാണ് ആ രൂപത്തിന്റെ മനോഹാരിത അവൾക്ക് മനസ്സിലായത്. തെറ്റ് മനസ്സിലാക്കിയ അവൾ സുഹൃത്തിനെ ഒഴിവാക്കി ലൂക്കയോട് ക്ഷമാപണം നടത്തി. ലൂക്കയുമായി സൗഹൃദം സ്ഥാപിക്കുകയായിരുന്നു അവൾ. അമ്മാവന്റെ വീട്ടിലെ വീർപ്പുമുട്ടലിൽനിന്നും രക്ഷപ്പെട്ടെത്തിയത് അവൾ ലൂക്കയുടെ വീട്ടിലായിരുന്നു. അവിടെ അവൾ തന്റെ രക്ഷകനെ കണ്ടെത്തി. അവനോടൊപ്പം ചുറ്റിക്കറങ്ങുന്നത് അമ്മാവന് തീരെ രസിച്ചിരുന്നില്ല. എങ്കിലും വിലക്കാൻ  പ്രാപ്തിയില്ലെന്നു കണ്ട് അദ്ദേഹം പിൻവാങ്ങുകയായിരുന്നു. നീഹയും ലൂക്കയും തമ്മിലുള്ള ബന്ധം അകലാനാവാത്ത വിധം അടുക്കുകയായിരുന്നു. എന്നാൽ ഒരു ദിവസം ലൂക്കയ്ക്ക് ചെറിയ ബോധക്ഷയം സംഭവിക്കുന്നു. ചികിത്സയ്ക്കിടയിലാണ് അമ്മയെപ്പോലെ ലൂക്കയും ട്യൂമറിന്റെ പിടിയിലാണെന്നു മനസ്സിലാകുന്നത്. തങ്ങളുടെ സ്‌നേഹത്തിന് അൽപായുസ്സാണെന്ന് കണ്ടെത്തിയ ലൂക്ക അവളെ വീട്ടിൽനിന്നും പറഞ്ഞുവിടുന്നു. ബാംഗ്ലൂരിലെത്തിയ നീഹ ആത്മഹത്യ ചെയ്യുന്നു. തന്റെ പ്രിയപ്പെട്ട ഡയറി ലൂക്കയ്ക്ക് അയച്ചുകൊടുത്താണ് അവൾ മരണത്തിന് കീഴടങ്ങിയത്. എന്നാൽ ആ ഡയറിയുടെ താളുകളിൽ അവൾ മാരകവിഷം പുരട്ടിയിരുന്നു. അതറിയാതെ നാവിൽ തൊട്ട് പേജുകൾ മറിച്ച ലൂക്കയും വിഷം ഉള്ളിൽ ചെന്ന് മരിക്കുകയാണ്.
അരുൺ ബോസ് സംവിധാനം ചെയ്ത 'ലൂക്ക'യിൽ കേന്ദ്ര കഥാപാത്രമായി ടൊവിനോ തോമസും നിഹാരികയായി അഹാന കൃഷ്ണകുമാറുമാണെത്തുന്നത്. അഞ്ചു വർഷം മുൻപ് രാജീവ് രവിയുടെ ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെ ക്യാമറയ്ക്കു മുന്നിലെത്തിയ അഹാന തുടർന്ന് ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള എന്ന ചിത്രത്തിലാണ് വേഷമിട്ടത്. ഇപ്പോഴിതാ മൂന്നു ചിത്രങ്ങളാണ് ഒന്നിനു പിറകെ ഒന്നായി അഹാനയെ തേടിയെത്തിയിരിക്കുന്നത്. ലൂക്കയ്ക്കു ശേഷം ശങ്കർ രാമകൃഷ്ണന്റെ പതിനെട്ടാം പടി, ജിഷ്ണുവിന്റെ സണ്ണിവെയ്ൻ നായകനായ പിടികിട്ടാപ്പുള്ളി എന്നീ ചിത്രങ്ങളിലാണ് അഹാന വേഷമിടുന്നത്.
ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രീനിലും ഒരുപോലെ തിളങ്ങിനിന്ന കൃഷ്ണകുമാറിന്റെ മകളോട് എന്തോ ഒരു ഇഷ്ടക്കൂടുതലുണ്ട് പ്രേക്ഷകർക്ക്. നീണ്ടു വിടർന്ന് ആഴമേറിയ കണ്ണുകളുമായി മലയാള സിനിമയുടെ തിരുമുറ്റത്തെത്തിയ ഈ അനന്തപുരിക്കാരിക്ക് തിരിച്ചുവരവിന്റെ പാതയിൽ ഒട്ടേറെ ചിത്രങ്ങളിലാണ് അവസരം ലഭിച്ചിരിക്കുന്നത്. നടിയും മോഡലും നർത്തകിയും ഗായികയുമെല്ലാമായി കലാരംഗത്ത് നിലയുറപ്പിക്കുകയാണ് അഹാന.

ലൂക്കയിലേയ്ക്കുള്ള അവസരം?
ശരിക്കും പറഞ്ഞാൽ രണ്ടു വർഷം മുൻപേ നടക്കേണ്ട സിനിമയാണ് ലൂക്ക. എന്നാൽ ടൊവിനോ മറ്റു സിനിമകളുടെ തിരക്കിലായതിനാൽ ലൂക്ക നീണ്ടുപോവുകയായിരുന്നു. 2017 ൽ പുറത്തിറങ്ങേണ്ട ചിത്രം 2019 ലാണ് തിയേറ്ററുകളിലെത്തുന്നത്. വിധിച്ചതേ നടക്കൂ എന്നില്ലേ. അതുപോലെ ഇതും ഒരു നിയോഗമാകാം.

ടൊവിനോയ്‌ക്കൊപ്പം?
വളരെ എളുപ്പമായിരുന്നു ടൊവിനോയ്‌ക്കൊപ്പമുള്ള അഭിനയം. വലിയ താരത്തോടു സംസാരിക്കുന്നതു പോലെയായിരുന്നില്ല അടുത്ത് പരിചയമുള്ള ഒരാളോടു സംസാരിക്കുന്നതു പോലെയാണ് തോന്നിയത്. ആദ്യ ദിവസം തന്നെ പറഞ്ഞത് നമുക്ക് ഡയലോഗുകൾ പറഞ്ഞു നോക്കിയാലോ എന്നായിരുന്നു. അതുകൊണ്ടു തന്നെ ടേക്ക് എടുക്കുന്നതിനു മുൻപു തന്നെ പല പ്രാവശ്യം ഡയലോഗുകൾ പറഞ്ഞു പഠിച്ചിരുന്നു. കഥാപാത്രത്തെക്കുറിച്ചും തികഞ്ഞ ധാരണയുണ്ടായിരുന്നു. സംവിധായകനും തികഞ്ഞ സ്വാതന്ത്ര്യം തന്നു. നേരത്തെ പാട്ട് ഹിറ്റായിരുന്നു. ഇപ്പോൾ ഞങ്ങളുടെ കെമിസ്ട്രിയും പ്രേക്ഷകർ സ്വീകരിച്ച മട്ടാണ്. എല്ലായിടത്തുനിന്നും നല്ല പ്രതികരണങ്ങളാണ് ലഭിക്കുന്നത്.

പതിനെട്ടാം പടിയിലേക്കുള്ള അവസരം?
ഒരു വിവാഹച്ചടങ്ങിനിടെയാണ് ശങ്കർ സാറിനെ കാണുന്നത്. പുതിയ ചിത്രമായ പതിനെട്ടാം പടിയുടെ ക്യാമ്പ് നടക്കുന്നുണ്ടെന്നും വരണമെന്നും പറഞ്ഞു. ക്യാമ്പിൽ പങ്കെടുക്കുക എന്നത് ചമ്മലായിരുന്നു. എങ്കിലും അദ്ദേഹം വിളിച്ചതല്ലേ പോയേക്കാം എന്നു കരുതി. വീട്ടിൽനിന്നും സമ്മതം ലഭിച്ചു. അവിടെയെത്തിയപ്പോൾ പരിചയമുള്ള ഒട്ടേറെ മുഖങ്ങളുണ്ടായിരുന്നു. ചിത്രീകരണം തുടങ്ങി രണ്ടാം ദിവസം ആനി എന്നൊരു അതിഥി വേഷമുണ്ടെന്നും താൽപര്യമെങ്കിൽ വരണമെന്നും പറഞ്ഞു. അതിഥി വേഷമെല്ലാം വലിയ നടന്മാർ ചെയ്യേണ്ടതല്ലേ എന്നായിരുന്നു സംശയം. ശങ്കർ സാറിനോട് സംഭവം പറഞ്ഞപ്പോൾ കഥാപാത്രത്തെക്കുറിച്ച് വ്യക്തമായി പറഞ്ഞുതന്നു. ആനിയെക്കുറിച്ച് അറിയുന്നത് അപ്പോഴാണ്.  ശക്തമായ കഥാപാത്രം. മാത്രമല്ല, നല്ല ടീമും. ആനിയെ അവതരിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു.
സിനിമ തുടങ്ങിയതിനു ശേഷമാണ് മമ്മൂക്കയും അതിഥി വേഷത്തിൽ എത്തുന്നുണ്ടെന്ന് അറിഞ്ഞത്. അദ്ദേഹവുമൊത്തുള്ള കോമ്പിനേഷൻ സീനുകളില്ലെങ്കിലും കാണാനും സംസാരിക്കാനും അവസരം ലഭിച്ചു.

ആദ്യ ചിത്രത്തിൽനിന്നും ലൂക്കായിൽ എത്തിനിൽക്കുമ്പോൾ?
ആദ്യ ചിത്രമായ സ്റ്റീവ് ലോപ്പസിൽ അഭിനയിക്കുമ്പോൾ നാണവും പേടിയുമെല്ലാം ഉണ്ടായിരുന്നു. ഇപ്പോൾ അതൊന്നുമില്ല. വലിയ നടിയായതുകൊണ്ടല്ല, തികഞ്ഞ ആത്മവിശ്വാസമുണ്ട്. ഏതു കഥാപാത്രത്തെയും അവതരിപ്പിക്കാനാകും എന്ന തോന്നലുമുണ്ട്. ഇപ്പോഴും ഓരോന്നും പഠിച്ചുകൊണ്ടിരിക്കുകയാണ്. കൂടാതെ വീട്ടിൽനിന്നും നല്ല സപ്പോർട്ടാണ്. അനുജത്തിമാരും അച്ഛനും അമ്മയുമെല്ലാം കൂടെയുണ്ട്. വിമർശിക്കാനും കാര്യങ്ങൾ പറഞ്ഞുതരാനുമെല്ലാം ഇവരാണുള്ളത്.

കൃഷ്ണകുമാറിന്റെ മകൾ എന്ന ലേബൽ?
അച്ഛനോട് എല്ലാവർക്കും ഇഷ്ടമാണ്. കൃഷ്ണകുമാറിന്റെ മകൾ എന്ന നിലയിൽ എന്നോടും സ്‌നേഹം പ്രകടിപ്പിക്കാറുണ്ട്. എന്നുെവച്ച് അവസരങ്ങൾ ലഭിക്കണമെന്നില്ല. ആദ്യ സിനിമ കഴിഞ്ഞ് അഞ്ചു വർഷം കഴിഞ്ഞാണ് ഇപ്പോൾ അഭിനയിക്കുന്നത്. മാത്രമല്ല, സിനിമ നൽകുന്ന സന്തോഷവും സങ്കടവും പ്രതിസന്ധികളും കണ്ടാണ് ഞങ്ങൾ വളർന്നത്. അച്ഛന്റെ ജീവിതത്തിലുണ്ടായ ഉയർച്ച, താഴ്ചകൾക്ക് കുട്ടിക്കാലം തൊട്ടേ ഞങ്ങൾ സാക്ഷികളാണ്. സിനിമ ഒരു ജീവിതമായല്ല, ജീവിതത്തിന്റെ ഭാഗമായി കാണാനാണ് എനിക്കിഷ്ടം.

സിനിമയിലേക്കുള്ള കടന്നുവരവ്?
ആകസ്മികമായാണ് സിനിമയിലെത്തുന്നത്. ഒരു മാസികയിൽ വന്ന കവർ ഫോട്ടോ കണ്ടാണ് രാജീവ് രവി സാർ വിളിക്കുന്നത്. സ്റ്റീവ് ലോപ്പസിലെ അഞ്ജലിയാകുന്നത് അങ്ങനെയാണ്. പിന്നീട് സിനിമയെ ഇഷ്ടപ്പെട്ടു തുടങ്ങുകയായിരുന്നു. ഒഡീഷന് പോകാനും അവസരം ലഭിക്കുകയാണെങ്കിൽ അഭിനയിക്കാനും തയാറാകുകയായിരുന്നു. സ്റ്റീവ് ലോപ്പസിന് മുൻപ് അന്നയും റസൂലും എന്ന ചിത്രത്തിൽ ഫഹദിന്റെ നായികയായി ക്ഷണം ലഭിച്ചിരുന്നു. എന്നാൽ അന്ന് എട്ടാം ക്ലാസിലായിരുന്നു പഠിച്ചിരുന്നത്. അതുകൊണ്ട് നിരസിക്കേണ്ടിവന്നു. ഫഹദിന്റെ നായികയാകാൻ ക്ഷണിച്ചല്ലോ എന്ന സന്തോഷമുണ്ടായിരുന്നു. നിരാശയൊന്നും തോന്നിയിരുന്നില്ല.

മനസ്സിൽ താലോലിക്കുന്ന വേഷം?
ഏറെ സിനിമകളിലൊന്നും അഭിനയിച്ചിട്ടില്ല. എങ്കിലും ഒരു കായിക താരത്തെ അവതരിപ്പിക്കണം എന്നു തോന്നിയിട്ടുണ്ട്. എന്റെ സ്വഭാവവുമായി യാതൊരു തരത്തിലും ബന്ധമില്ലാത്ത വേഷങ്ങൾ അവതരിപ്പിക്കാനാണ് മോഹം. അത്തരം കഥാപാത്രങ്ങൾ തേടിയെത്തുമെന്നാണ് പ്രതീക്ഷ.

പഠനം?
ചെന്നൈ എം.ഒ.പി വൈഷ്ണവ് കോളേജിൽനിന്നും വിഷ്വൽ കമ്യൂണിക്കേഷനിൽ ബിരുദം നേടി. കുട്ടിക്കാലം തൊട്ടേ നൃത്തവും പരിശീലിച്ചിരുന്നു. നൃത്തപഠനം അഭിനയത്തെ സഹായിക്കാറുണ്ട്. മോഡലിംഗിലും ഒരു കൈ നോക്കിയിട്ടുണ്ട്. വേദിക സാരീസിന്റെ പരസ്യ മോഡലായിരുന്നു. കഴിഞ്ഞ വർഷത്തെ ഫെമിന മിസ് ഇന്ത്യ മത്സരത്തിൽ റാമ്പിൽ നാലാം സ്ഥാനക്കാരിയായി ചുവടു വെക്കാനും കഴിഞ്ഞു. 

Latest News