മണ്ഡലത്തിലെ കാര്യങ്ങള്‍ പ്രതിനിധിയെ  ഏര്‍പ്പാടാക്കി എംപി

ചണ്ഡീഗഢ്- ലോക്‌സഭാ മണ്ഡലത്തിലെ കാര്യങ്ങള്‍ നോക്കാനും യോഗങ്ങളില്‍ പങ്കെടുക്കുന്നതിനും 'പ്രതിനിധി'യെ ഏര്‍പ്പാടാക്കി എംപി. 
ഗുരുദാസ്പൂര്‍ എംപി സണ്ണി ഡിയോള്‍ ആണ് തന്റെ അസാന്നിധ്യത്തില്‍ മണ്ഡലത്തിലെ കാര്യങ്ങള്‍ നോക്കി നടത്താന്‍ എഴുത്തുകാരനായ ഗുര്‍പ്രീത് സിംഗ് പല്‍ഹേരി എന്ന മൊഹാലി സ്വദേശിയെ ചുമതലയേല്‍പ്പിച്ചിരിക്കുന്നത്. ഗുരുദാസ്പൂരില്‍ നിന്നുള്ള ബിജെപി എംപിയാണ് സണ്ണി ഡിയോള്‍.
അതേസമയം, ഒരു എംപിയുടെ കൃത്യനിര്‍വഹണത്തിന് പ്രതിനിധിയെ നിയോഗിച്ച സണ്ണി ഡിയോളിന്റെ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസും ഒപ്പം സോഷ്യല്‍ മീഡിയയും രംഗത്തുവന്നിരിയ്ക്കുകയാണ്. സണ്ണി ഡിയോളിന്റെ നടപടി ഗുരുദാസ്പൂരിലെ ജനങ്ങളെ വഞ്ചിക്കലാണെന്നും കോണ്‍ഗ്രസ് വിമര്‍ശിച്ചു.  
ഗുര്‍ദാസ്പൂരിലെ ജനങ്ങള്‍ വോട്ട് ചെയ്തത് സണ്ണി ഡിയോളിനാണ് അല്ലാതെ അദ്ദേഹം വച്ച പ്രതിനിധിക്കല്ലെന്ന് കോണ്‍ഗ്രസ് നേതാവ് സുഖ്ജീന്തര്‍ സിംഗ് രണ്ഡാവ പ്രതികരിച്ചു. തന്റെ കൃത്യ നിര്‍വഹണത്തില്‍ നിന്ന് ഒഴിഞ്ഞ് പ്രതിനിധിയെ വച്ചതിലൂടെ അദ്ദേഹം ജനങ്ങളെ വഞ്ചിച്ചിരിക്കുകയാണ്. എങ്ങനെയാണ് ഒരു പാര്‍ലമെന്റ് അംഗത്തിന് പ്രതിനിധിയെ വെയ്ക്കാന്‍ സാധിക്കുകയെന്നും അദ്ദേഹം ചോദിച്ചു.ഉത്തരവാദിത്വങ്ങളില്‍ ഒളിച്ചോടുകയല്ല, 24 മണിക്കൂറും പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ വേണ്ടിയാണ് താനടക്കമുള്ളവരെ ഉള്‍പ്പെടുത്തി ടീം തയ്യാറാക്കിയതെന്ന് ഗുര്‍പ്രീത് സിംഗ് പല്‍ഹേരി പറഞ്ഞു.
ഒരു എം.പിയ്ക്ക്, തനിക്ക് പകരം പ്രതിനിധിയെ നിര്‍ത്താന്‍ പറ്റുമോയെന്ന് അറിയില്ല. പല്‍ഹേരിയ്ക്ക് ഔദ്യോഗിക വാഹനവും സുരക്ഷയും നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 

Latest News