ന്യൂദൽഹി - ഉത്തർപ്രദേശിൽ ജാതി പരിഷ്കരണത്തിൽ നിയമ ഭേദഗതി വരുത്താനൊരുങ്ങിയ മുഖ്യമന്ത്രി ആദിത്യനാഥ് യോഗിക്ക് കേന്ദ്രത്തിന്റെ ഓർമ്മപ്പെടുത്തൽ. അത് നിങ്ങളുടെ പണിയല്ലെന്നും ജാതി മാറ്റൽ പാർലമെന്റിന്റെ അധികാര പരിധിയിലുള്ളതാണെന്നും കേന്ദ്രം വ്യക്തമാക്കി.
ഒ.ബി.സി വിഭാഗത്തിൽ പെട്ട 17 ജാതികളെ പട്ടിക ജാതി വിഭാഗത്തിൽ ഉൾപ്പെടുത്താനുള്ള ഉത്തർ പ്രദേശ് സർക്കാരിന്റെ നീക്കമാണ് തടഞ്ഞത്. പാർലമെൻറ് ശൂന്യവേളയിൽ ബി.എസ്.പി രാജ്യസഭാംഗം സതീഷ് ചന്ദ്ര മിശ്രയാണ് ഇക്കാര്യം പ്രലമെന്റിന്റെ ശ്രദ്ധയിൽ പെടുത്തിയത്.
ഇത് ശരിയല്ലെന്ന് പറഞ്ഞ സാമൂഹ്യനീതി ശാക്തീകരണ മന്ത്രി തവാർ ചന്ദ് ഗെലോട്ട്, പ്രസിഡന്റിനു പോലും ഇക്കാര്യം നിർണയിക്കാനുള്ള അധികാരമില്ലെന്ന് ഓർമപ്പെടുത്തി.
ഒ.ബി.സിയിൽ പെട്ട 17 ജാതികളെ പട്ടിക ജാതീയിൽ ഉൾപ്പെടുത്തി സർട്ടിഫിക്കറ്റ് നൽകാൻ, യോഗി ജില്ലാ മജിസ്‌ട്രേറ്റുമാരോടും കമ്മീഷണർമാരോടും ആവശ്യപ്പെട്ടിരുന്നു. യു.പി ഗവൺമെന്റിന് അങ്ങനെയൊരു ആവശ്യമുണ്ടെങ്കിൽ, ശരിയായ രീതിയിൽ കേന്ദ്രത്തിൽ ഉന്നയിച്ചു മാത്രമേ നടത്താനാകൂ എന്ന് ഗെലോട്ട് പറഞ്ഞു. ഭരണഘടനയിലെ ആർട്ടിക്കിൾ 341 (2) ആണ് ഗെലോട്ട് വിശദീകരണമായി നൽകിയത്.
ജാതി വിഭാഗം മാറ്റുന്നതിന് ബി.എസ്.പിയും അനുകൂലമാണെന്ന് സതീഷ് ചന്ദ്ര മിശ്ര അറിയിച്ചു. സംസ്ഥാനത്തെ 12 നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായാണ് യോഗി ആദിത്യനാഥ് സർക്കാരിന്റെ നീക്കം