കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനി (സിയാൽ) 2018-19 സാമ്പത്തിക വർഷത്തിൽ 166.92 കോടി രൂപയുടെ ലാഭം നേടി. സിയാൽ ചെയർമാൻ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ കൊച്ചിയിൽ ചേർന്ന ഡയറക്ടർ ബോർഡ് യോഗം സിയാലിന്റെ നിക്ഷേപകർക്ക് 27 ശതമാനം ലാഭവിഹിതം ശുപാർശ ചെയ്തു.
2018-19 സാമ്പത്തിക വർഷത്തിൽ 650.34 കോടി രൂപയുടെ മൊത്ത വരുമാനം സിയാൽ നേടി. മുൻ സാമ്പത്തിക വർഷത്തിൽ ഇത് 553.41 കോടി രൂപയായിരുന്നു. ഓഗസ്റ്റിലുണ്ടായ വെള്ളപ്പൊക്കത്തെത്തുടർന്ന് 15 ദിവസം വിമാനത്താവളം അടച്ചിട്ടിരുന്നെങ്കിലും മൊത്തവരുമാനത്തിൽ 17.52 ശതമാനം വർധനവ് സിയാലിന് നേടാനായി. ഇക്കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ സിയാലിന്റെ (നികുതി കിഴിച്ചുള്ള) ലാഭം 166.92 കോടി രൂപയാണ്. 2017-18 ൽ ഇത് 155.99 കോടിയായിരുന്നു. ഏഴു ശതമാനം വർധനവ്. സിയാൽ ഡ്യൂട്ടി ഫ്രീ ആന്റ് റീട്ടെയ്ൽ സർവീസസ് ലിമിറ്റഡ് (സി.ഡി.ആർ.എസ്.എൽ) ഉൾപ്പെടെ സിയാലിന് 100 ശതമാനം ഉടമസ്ഥതയുള്ള ഉപകമ്പനികളുടെ സാമ്പത്തിക പ്രകടനം കൂടി കണക്കിലെടുക്കുമ്പോൾ 807.36 കോടി രൂപയുടെ മൊത്ത വരുമാനവും 184.77 കോടി രൂപ ലാഭവും രേഖപ്പെടുത്തിയിട്ടുണ്ട്. മുൻ സാമ്പത്തിക വർഷം മൊത്തവരുമാനം 701.13 കോടി രൂപയും ലാഭം 169.92 കോടി രൂപയുമായിരുന്നു. സിയാൽ ഡ്യൂട്ടി ഫ്രീ മാത്രം ഇക്കഴിഞ്ഞ സാമ്പത്തിക വർഷം 240.33 കോടി രൂപയുടെ വരുമാനം നേടി.
30 രാജ്യങ്ങളിൽ നിന്നായി 18,000-ൽ അധികം നിക്ഷേപകരുള്ള സിയാലിന്റെ രജത ജൂബിലി വർഷമാണിത്. വിമാനത്താവളം പ്രവർത്തനം തുടങ്ങിയിട്ട് 20 വർഷം പിന്നിട്ടു. സിയാൽ 2003-04 സാമ്പത്തിക വർഷം മുതൽ മുടങ്ങാതെ ലാഭവിഹിതം നൽകിവരുന്നു. 32.41 ശതമാനം ഓഹരിയുള്ള സംസ്ഥാന സർക്കാരിന് 2017-18 ൽ മാത്രം 31 കോടി രൂപ ലാഭവിഹിതമായി ലഭിച്ചു. നിലവിൽ, നിക്ഷേപത്തിന്റെ 228 ശതമാനം മൊത്തം ലാഭവിഹിതം ഓഹരിയുടമകൾക്ക് മടക്കി നൽകിക്കഴിഞ്ഞു. 2018-19 ൽ ബോർഡ് ശുപാർശ ചെയ്ത 27 ശതമാനം ലാഭവിഹിതം നിക്ഷേപകരുടെ വാർഷിക യോഗം അംഗീകരിച്ചാൽ ഇത് 255 ശതമാനം ആയി ഉയരും. സെപ്റ്റംബർ 28 ന് എറണാകുളം ഫൈൻ ആർട്സ് ഹാളിലാണ് വാർഷിക യോഗം നിശ്ചയിച്ചിട്ടുള്ളത്.പൊതുജന പങ്കാളിത്തത്തോടെ രാജ്യത്തെ ആദ്യത്തെ വിമാനത്താവളം പണികഴിപ്പിച്ച സിയാൽ ലോകത്തെ ആദ്യത്തെ സമ്പൂർണ സൗരോർജ വിമാനത്താവളമാണ്. 40 മെഗാവാട്ടാണ് മൊത്തം സൗരോർജ സ്ഥാപിത ശേഷി. ഹരിത ഊർജ വിനിയോഗത്തിൽ വിപ്ലവകരമായ ആശയം അവതരിപ്പിച്ച സിയാലിന് കഴിഞ്ഞ വർഷം ഐക്യരാഷ്ട്രസഭയുടെ പരമോന്നത പരിസ്ഥിതി പുരസ്‌ക്കാരമായ 'ചാമ്പ്യൻസ് ഓഫ് ദി എർത്ത്' ലഭിച്ചിരുന്നു. കഴിഞ്ഞ രണ്ടു സാമ്പത്തിക വർഷങ്ങളിലും ഒരു കോടിയിൽ അധികം പേർ സിയാലിലൂടെ യാത്ര ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയനെക്കൂടാതെ സിയാൽ ബോർഡ് അംഗവും മന്ത്രിയുമായ വി.എസ്. സുനിൽ കുമാർ, ഡയറക്ടർമാരായ റോയ് കെ.പോൾ, എ.കെ. രമണി, എം.എ. യൂസഫ് അലി, ഇ.എം. ബാബു, സിയാൽ മാനേജിങ് ഡയറക്ടർ വി.ജെ. കുര്യൻ, കമ്പനി സെക്രട്ടറി സജി കെ.ജോർജ് എന്നിവർ ബോർഡ് യോഗത്തിൽ പങ്കെടുത്തു.