Sorry, you need to enable JavaScript to visit this website.

'അവൻ തുടക്കക്കാരൻ' - ഉദ്യോഗസ്ഥനെ മർദിച്ചതിൽ മകനെ ന്യായീകരിച്ച് ബി.ജെ.പി നേതാവ് 

ഇൻഡോർ - മുനിസിപ്പൽ ഉദ്യോഗസ്ഥനെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് മർദിച്ച സംഭവത്തിൽ മകനെ ന്യായീകരിച്ച് ബി.ജെ.പി നേതാവ്. അവൻ ഒരു 'കച്ചാ ഖിലാഡി' (തുടക്കക്കാരൻ) ആണെന്നും മാധ്യമങ്ങളാണ്  ഇതൊരു വലിയ പ്രശ്നമാക്കിയതെന്നും മുതിർന്ന ബി.ജെ.പി നേതാവായ കൈലാഷ് വിജയവർഗിയ മാധ്യമങ്ങളോട് പറഞ്ഞു. ഇരുഭാഗത്തും തെറ്റുകൾ ഉള്ളതായി കരുതെന്നും ചെറിയ പ്രശ്നത്തെ വലിയതാക്കി ചിത്രീകരിച്ചതാണ് പ്രശ്നമായതെന്നും കൈലാഷ് ന്യായീകരിച്ചു. 

കൈലാഷ് വിജയവർഗിയയുടെ മകൻ ആകാശ് വിജയവർഗിയ ഉദ്യോഗസ്ഥരെ മർദിച്ച കേസിൽ കഴിഞ്ഞ ദിവസമാണ് ജാമ്യത്തിലിറങ്ങിയത്. ഉദ്യോഗസ്ഥരെ ബാറ്റ് കൊണ്ട് മർദിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലടക്കം വൈറലായിരുന്നു. ജയിലിൽ നിന്ന് പുറത്തിറങ്ങിയ ആകാശിന് വൻ സ്വീകരണമായിരുന്നു ലഭിച്ചത്. പുഷ്പാർച്ചന നടത്തിയാണ് ആകാശിനെ പാർട്ടി പ്രവർത്തകർ വരവേറ്റത്. 
Related image
അനധികൃത കയ്യേറ്റങ്ങൾ അന്വേഷിക്കാനെത്തിയ ഉദ്യോഗസ്ഥരെയാണ് ആകാശ് ബാറ്റ് കൊണ്ട് മർദിച്ചത്. ഉദ്യോഗസ്ഥർ, റസിഡൻഷ്യൽ കോളനിയിലെ വനിതകളോട് അപമര്യാദയായി സംസാരിച്ചുവെന്ന് ആകാശ് ആരോപിച്ചു. ജയിലിൽ നിന്ന് ഇറങ്ങിയ ശേഷവും ചെയ്ത കുറ്റത്തെ ന്യായീകരിക്കുകയായിരുന്നു ആകാശ് ചെയ്തത്. ചെയ്തതിൽ കുറ്റബോധമില്ലെന്നും ബാറ്റ് എടുക്കാൻ രണ്ടാമതൊരു അവസരം ഇല്ലാതിരിക്കട്ടെ എന്നും ആകാശ് പറയുകയുണ്ടായി.

Latest News