മംഗളൂരു - മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡിംഗിനിടെ വിമാനം റൺവേയിൽ നിന്ന് തെന്നിമാറി. വൻ ദുരന്തമാണ് ഒഴിവായത്. ദുബായിൽ നിന്നു വന്ന എയർ ഇന്ത്യ എക്സ്പ്രസ് 384 വിമാനമാണ് അപകടത്തിൽ പെട്ടത്. ഞായറാഴ്ച വൈകുന്നേരമാണ് സംഭവം.
വിമാനം ലാൻഡിംഗിനിടെ തെന്നിമാറി മണ്ണിൽ നിന്നതുകൊണ്ടാണ് വൻ ദുരന്തം ഒഴിവായത്. വർഷങ്ങൾക്ക് മുമ്പ് അപകടമുണ്ടായ കൊക്കയ്ക്കടുത്ത് ചളി നിറഞ്ഞ മണ്ണിലാണ് വിമാനം നിന്നത്. യാത്രക്കാരെല്ലാം പരിക്കുകളില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. വിമാനം തെന്നി മാറിയെങ്കിലും മനഃസാന്നിധ്യം വിടാതെ പൈലറ്റ് സുരക്ഷിതമായി ലാൻഡ് ചെയ്യുകയായിരുന്നു. സംഭവത്തിൽ അധികൃതർ അന്വേഷണം പ്രഖ്യാപിച്ചു.
മംഗളൂരു ബജ്പെ വിമാനത്താവളത്തിൽ ഉണ്ടായത് 2010 മെയ് 22 ന് നടന്ന ദുരന്തത്തിന്റെ നടുക്കം ഓർമിപ്പിക്കുന്ന അപകടം. തലനാരിഴയ്ക്കാണ് വൻ ദുരന്തം വഴി മാറിയത്. വിമാനം റൺവേയിൽ നിന്നും തെന്നിമാറിയപ്പോൾ യാത്രക്കാരുടെ കൂട്ടനിലവിളിയാണ് വിമാനത്തിൽ നിന്നും ഉയർന്നത്. ജീവൻ പോയെന്ന് കരുതിയെന്ന് വിമാനത്തിൽ ഉണ്ടായിരുന്ന യാത്രക്കാർ വെളിപ്പെടുത്തി. അപകടത്തെ കുറിച്ച് വിമാനത്താവള അതോറിറ്റി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് ലാൻഡിംഗിനിടെ റൺവേയിൽ നിന്നും തെന്നിമാറിയത്. ഞായറാഴ്ച വൈകിട്ട് 5.40 ഓടെ ദുബായിൽ നിന്നുമെത്തിയ എയർ ഇന്ത്യ എക്സ്പ്രസാണ് ലാൻഡിംഗിനിടെ റൺവേയിൽ നിന്നും ഏറെ ദൂരം തെന്നിമാറിയത്. വിമാനത്തിൽ 183 യാത്രക്കാർ ഉണ്ടായിരുന്നു.
എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു. റൺവേയിൽ നിന്നും തെന്നിമാറിയെങ്കിലും സുരക്ഷിതമായി തന്നെ വിമാനം നിർത്താൻ പൈലറ്റിന് സാധിച്ചതാണ് വൻ ദുരന്തം ഒഴിവാകാൻ ഇടയായത്. ടാക്സിവേ വഴി ടെർമിനലിലേക്കുള്ള ലാൻഡിംഗിനിടെയാണ് അപകടം നടന്നത്.
2010 ൽ നടന്ന വിമാന ദുരന്തത്തിൽ 158 പേരാണ് മരണപ്പെട്ടത്. ഇതിൽ 52 പേർ മലയാളികളായിരുന്നു. ഭൂരിഭാഗവും കാസർകോട് ജില്ലയിൽ നിന്നുള്ള യാത്രക്കാരായിരുന്നു. അന്നത്തെ അതേ ദുരന്ത മുഖമാണ് ഞായറാഴ്ചയും ദുബായിൽ നിന്നെത്തിയ യാത്രക്കാരും മുന്നിൽ കണ്ടത്. അപകടത്തിൽപെട്ട വിമാനത്തിന് കാര്യമായ തകരാറുകളൊന്നും ഉണ്ടായിട്ടില്ലെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. മോശം കാലാവസ്ഥയും ഉണ്ടായിരുന്നില്ല.
വിമാനത്തിന്റെ ടയറുകൾക്ക് എന്തെങ്കിലും കേടുപാട് ഉണ്ടോയിരുന്നോ, എഞ്ചിൻ തകരാറിൽ ആയിരുന്നോ, പൈലറ്റിന്റെ ഭാഗത്ത് നിന്നും പിഴവ് ഉണ്ടായിരുന്നോ തുടങ്ങിയ കാര്യങ്ങളാണ് സംശയിക്കാനുള്ള ഘടകങ്ങൾ.
സംഭവത്തിന്റെ ഞെട്ടലിൽ നിന്നു ഇനിയും യാത്രക്കാർ മുക്തമായിട്ടില്ല. ഏതാനും നിമിഷം യാത്രക്കാർ മരണം മുന്നിൽ കണ്ടു. ഒടുവിൽ പൈലറ്റിന്റെ മനഃസാന്നിധ്യം ഒന്നു കൊണ്ടു മാത്രമാണ് വിമാനം നിർത്താനായത്. ഇറക്കാൻ അൽപം താമസിച്ചതാണ് അപകടത്തിനിടയാക്കിയതെന്നാണ് സംശയിക്കുന്നത്. അപകടമുണ്ടായ സാഹചര്യത്തിൽ മംഗളൂരുവിൽ വിമാനമിറക്കുന്നത് താത്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. ദുബായിൽ നിന്നെത്തിയ സ്പൈസ് ജെറ്റ് ബംഗളൂരുവിലേക്ക് വഴി തിരിച്ചുവിട്ടു.
ഇതുമൂലം ജെറ്റിലുണ്ടായിരുന്ന നിരവധി യാത്രക്കാരും യാത്രക്കാരെ സ്വീകരിക്കാനായി മംഗളൂരു വിമാനത്താവളത്തിലെത്തിയവരും ദുരിതത്തിലായി.
കാസർകോട്ടെയടക്കം നിരവധി പേരാണ് സ്പൈസ് ജെറ്റിലുണ്ടായിരുന്നത്. അപകടത്തിൽപെട്ട വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാരും സുരക്ഷിതരാണ്.