വാഷിംഗ്ടൺ- ഡോണൾഡ് ട്രംപ് അധികാരമേറ്റ ശേഷമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ആദ്യ യു.എസ് സന്ദർശനം ആവേശകരം. വൈറ്റ് ഹൗസിൽ ഇന്നലെ ഉച്ച തിരിഞ്ഞ് മൂന്നരക്ക് ട്രംപുമായി കൂടിക്കാഴ്ചക്ക് എത്തിയ മോഡിയെ സ്വീകരിക്കാൻ പതിവില്ലാതെ പ്രഥമ വനിത മെലാനിയ ട്രംപും എത്തി. മോഡിയുടെ ബഹുമാനാർഥം ഒരുക്കിയ വിരുന്നിലും പങ്കെടുത്ത മെലാനിയ അദ്ദേഹത്തെ യാത്രയയക്കുന്ന ചടങ്ങിനും സന്നിഹിതയായി. ഇതാദ്യമായാണ് അവർ വൈറ്റ് ഹൗസിൽ ഒരു രാഷ്ട്രത്തലവനെ സ്വീകരിക്കുന്ന സുപ്രധാന ചടങ്ങിനെത്തുന്നത്.
പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചക്ക് മുന്നോടിയായി വിദേശകാര്യ സെക്രട്ടറി റെക്സ് ടില്ലേഴ്സൻ, പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസ് എന്നിവരുമായി മോഡി ചർച്ച നടത്തിയിരുന്നു.
കൂടിക്കാഴ്ചക്ക് വൈറ്റ് ഹൗസിലെത്തിയ മോഡിയെ ഹിന്ദിയിൽ അഭിസംബോധന ചെയ്താണ് ട്രംപ് സ്വീകരിച്ചത്. ഇതിനായി ഹിന്ദിയിലുള്ള സംഭാഷണം ട്രംപ് ഹൃദിസ്ഥമാക്കിയിരുന്നു. മോഡി സർക്കാറിനെ ട്രംപ് സർക്കാർ സ്വാഗതം ചെയ്യുന്നു എന്നാണ് ഹിന്ദിയിൽ ട്രംപ് പറഞ്ഞത്. മുൻപ് തെരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ, മോഡിയുടെ തെരഞ്ഞെടുപ്പ് മുദ്രാവാക്യമായിരുന്ന അബ് കി ബാർ, മോഡി സർക്കാർ എന്നതിന്റെ ചുവട് പിടിച്ച് അബ് കി ബാർ, ട്രംപ് സർക്കാർ എന്ന മുദ്രാവാക്യം ട്രംപ് തയാറാക്കിയിരുന്നു. അമേരിക്കൻ ഇന്ത്യക്കാരുടെ വോട്ട് നേടാൻ ഈ മുദ്രാവാക്യം ഉപയോഗിച്ചായിരുന്നു ട്രംപിന്റെ കളി.
മോഡി-ട്രംപ് കൂടിക്കാഴ്ചയിലെ പ്രധാന ചർച്ചാ വിഷയം ആഗോള ഭീകരവാദം ആയിരിക്കേ കൂടിക്കാഴ്ചക്ക് മുമ്പ് ഹിസ്ബുൽ മുജാഹിദീൻ തലവൻ സയ്യിദ് സലാഹുദ്ദീനെ ആഗോള ഭീകരനായി അമേരിക്ക പ്രഖ്യാപിച്ചത് ഇന്ത്യക്ക് നേട്ടമായി. ഭീകരവാദത്തെ തുണക്കുന്ന പാക് നിലപാടിനെ എന്നും ശക്തമായി എതിർക്കുന്ന ഇന്ത്യക്ക് ട്രംപ് ഇതിലൂടെ നൽകിയത് വ്യക്തമായ സന്ദേശമാണ്. യു.എസ് വിദേശകാര്യ വകുപ്പ് പുറത്തിറക്കിയ പട്ടികയിലാണ് സലാഹുദ്ദീനെ ആഗോള ഭീകരനാക്കിയത്. ഇയാളുമായുള്ള എല്ലാ ഇടപാടുകൾക്കും ഇതോടെ അമേരിക്ക നിരോധമേർപ്പെടുത്തി. അതിർത്തി കടന്നുളള ഭീകരവാദത്തെ എക്കാലവും എതിർത്ത ഇന്ത്യൻ നിലപാടിനുള്ള അംഗീകാരമാണിതെന്ന് വിദേശകാര്യ വക്താവ് പറഞ്ഞു.