സിതാപുര്‍ (യു.പി)-പതിനാറുകാരിയെ അടുത്ത ബന്ധുക്കളായ കുട്ടികള്‍ കൂട്ടബലാല്‍സംഗത്തിന് ഇരയാക്കിയെന്ന് പരാതി. പഠനത്തില്‍ മികവ് പുലര്‍ത്തുന്നതിലുള്ള അസൂയമൂലമാണ് ഈ ക്രൂരത.
ഉത്തര്‍പ്രദേശിലെ സിതാപൂരിലുള്ള മഹോളി സര്‍ക്കാര്‍ സ്‌കൂളിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. സ്‌കൂള്‍ പരിസരത്തുവച്ച് ബന്ധുക്കളായ നാല് കുട്ടികളും ഒരു അധ്യാപകനും ചേര്‍ന്നാണ് പെണ്‍കുട്ടിയെ ബലാല്‍സംഗത്തിന് ഇരയാക്കിയത്. പീഡനത്തിന്റെ ദൃശ്യങ്ങള്‍ അവര്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍ ഉള്‍പ്പെട്ട വാട്‌സാപ്പ് ഗ്രൂപ്പില്‍ ഇടുകയും ചെയ്തു. ഇതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.
പെണ്‍കുട്ടിക്കൊപ്പം കൂട്ടുകുടുംബത്തില്‍ കഴിയുന്ന അടുത്ത ബന്ധുക്കളായ കുട്ടികളാണ് അക്രമം നടത്തിയത. ്‌പെണ്‍കുട്ടിയെക്കാള്‍ മുതിര്‍ ക്ലാസില്‍ പഠിക്കുന്നവരാണ് ആണ്‍കുട്ടികളെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. പരീക്ഷകളില്‍ പതിവായി തോല്‍ക്കുന്ന ആണ്‍കുട്ടികള്‍ക്ക് ഫസ്റ്റ് ക്ലാസ് നേടുന്ന പെണ്‍കുട്ടിയോട് തോന്നിയ കടുത്ത അസൂയയാണ് അക്രമത്തിലേക്ക് നയിച്ചതെന്ന് പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ കേസെടുത്ത പോലീസ് ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സ്‌കൂളില്‍വച്ച് ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കാന്‍ പെണ്‍കുട്ടിയെ ക്ഷണിച്ച ബന്ധുക്കളായ കുട്ടികള്‍ അധ്യാപകന്റെ സഹായത്തോടെ അക്രമം നടത്തിയെന്നാണ് പോലീസ് കണ്ടെത്തിയിട്ടുള്ളത്. മയക്കു മരുന്ന് കലര്‍ത്തിയ ഭക്ഷണം നല്‍കിയതോടെ പെണ്‍കുട്ടി അബോധാവസ്ഥയിലായി. ഇതോടെ അധ്യാപകനും അടുത്ത ബന്ധുക്കളും ചേര്‍ന്ന് പെണ്‍കുട്ടിയെ ബലാല്‍സംഗത്തിന് ഇരയാക്കി. ബോധം വീണ്ടെടുത്തപ്പോള്‍ താന്‍ സ്‌കൂളിലെ കളിസ്ഥലത്തായിരുന്നു എന്നാണ് പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കിയിട്ടുള്ളത്.