മുംബൈ - ആർ.ടി.ജി.എസ്, നെഫ്റ്റ് എന്നിവ വഴിയുള്ള പണ കൈമാറ്റങ്ങൾക്ക് തിങ്കളാഴ്ച മുതൽ നിരക്ക് കുറയുമെന്ന് ആർ.ബി.ഐ. വ്യക്തമാക്കി. ഇത്തരം കൈമാറ്റങ്ങൾക്ക് ആർ.ബി.ഐ. ഇനി മുതൽ ചാർജ് ഈടാക്കാത്തതിനാലാണ് നിരക്ക് കുറയുന്നത്.
ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തുന്ന ജൂലൈ ഒന്നിന് തന്നെ ഉപഭോക്താക്കൾക്ക് ഈ ആനുകൂല്യം ലഭ്യമാക്കാൻ ആർ.ബി.ഐ ബാങ്കുകളോട് ആവശ്യപ്പെട്ടു. ഡിജിറ്റൽ ഇടപാടുകളെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് ഈ തീരുമാനം. നെഫ്റ്റ് വഴിയുള്ള ഇടപാടുകൾക്ക് 1 മുതൽ 5 രൂപ വരെയും ആർടിജിഎസ് റൂട്ടിന് 5 മുതൽ 50 രൂപ വരെയുമാണ് എസ്.ബി.ഐ ഇപ്പോൾ ഈടാക്കുന്നത്.
തത്സമയ മൊത്ത സെറ്റിൽമെന്റ് (ആർടിജിഎസ്) സംവിധാനം വലിയ തുകകൾ ഉടനടി കൈമാറ്റം ചെയ്യാൻ ഉപയോഗിക്കുമ്പോൾ, 2 ലക്ഷം രൂപയിൽ താഴെ കൈമാറ്റം നടത്തുന്നതിന് ദേശീയ ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്ഫർ (നെഫ്റ്റ്) സംവിധാനം ഉപയോഗിക്കുന്നു.
ഈ സേവനങ്ങൾക്കായി പ്രോസസിങ് ചാർജ് ഇനത്തിൽ ബാങ്കുകളിൽ നിന്ന് ആർ.ബി.ഐ തുക ഈടാക്കിയിരുന്നു. ബാങ്കുകളാകട്ടെ, ഈ പണം ഉപഭാക്താക്കളിൽ നിന്നും ഈടാക്കി. എ.ടി.എമ്മുകളിലും ബാങ്ക് ഫീസ് ഇനത്തിലും ചുമത്തുന്ന ചാർജുകൾ പരിശോധിക്കാനായി ഇന്ത്യൻ ബാങ്ക് അസോസിയേഷൻ മേധാവി വി.ജി. കണ്ണന്റെ നേതൃത്വത്തിൽ ഉന്നത തല സമിതിയെ ആർ.ബി.ഐ നിയോഗിച്ചിട്ടുണ്ട്. എ.ടി.എം ഇടപാടുകൾ വളരെയധികം വർധിച്ച സാഹചര്യത്തിൽ, ഇതിനായി ഈടാക്കുന്ന തുക കുറയ്ക്കണമെന്ന ആവശ്യങ്ങളുടെ പശ്ചാത്തലത്തിലാണിത്.