ന്യൂദല്‍ഹി-കശ്മീര്‍ സംവരണ ഭേദഗതി ബില്‍ അവതരണത്തിനിടെ ലോക്സഭയില്‍ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.ഇന്ത്യാ വിഭജനത്തിന് കാരണം കോണ്‍ഗ്രസ് ആണെന്നും കശ്മീര്‍ പ്രശ്നം ജവഹര്‍ലാല്‍ നെഹ്റുവിന്റെ സൃഷ്ടിയാണെന്നും അമിത് ഷാ പറഞ്ഞു.
നെഹ്റുവിന്റെ തെറ്റ് ഒട്ടേറെപ്പേരുടെ മരണത്തിന് ഇടയാക്കി. അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന സര്‍ദാര്‍ വല്ലഭായി പട്ടേലിനെപ്പോലും ജമ്മുകശ്മീരിന്റെ കാര്യത്തില്‍ നെഹ്റു വിശ്വാസത്തിലെടുത്തില്ല. വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത് നെഹ്റുവിന്റെ തീരുമാനമായിരുന്നു എന്നും അമിത് ഷാ പറഞ്ഞു.
'ജമ്മു കശ്മീര്‍ ഇന്ത്യയിലാണെന്ന ഒരു സൂചന പോലും ഇല്ലാത്ത ഒരു കാലം ഉണ്ടായിരുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, 'ഇന്ത്യ' എന്ന ഭാഗം മറച്ചാണ് കശ്മീരില്‍ പ്രവര്‍ത്തിച്ചിരുന്നത്. ബിജെപി നേതാക്കളായ മുരളീ മനോഹര്‍ ജോഷിയും നരേന്ദ്ര മോഡിയും ജീവന് പണയപ്പെടുത്തിയാണ് ലാല്‍ ചൗക്കില്‍ ത്രിവര്‍ണ പതാക ഉയര്‍ത്തിയത്. അന്ന് ഞങ്ങള്‍ അധികാരത്തിലുണ്ടായിരുന്നില്ല. ഇന്ത്യക്കെതിരായി പ്രവര്‍ത്തിക്കുന്നവര്‍ക്കാണ് ഉള്ളില്‍ ഭയം. ഞങ്ങള്‍ക്ക് അതില്ല.- അമിത് ഷാ പറഞ്ഞു.
ഭീകരസംഘടനകളെ നിരോധിക്കാന്‍ കോണ്‍ഗ്രസ് തയാറായിരുന്നില്ല. ജെകെഎല്‍എഫ് പോലുള്ള സംഘടനകളെ ബിജെപി സര്‍ക്കാരാണ് നിരോധിച്ചത്. സംസ്ഥാനത്തെ ക്രമസമാധന നില പുരോഗമിച്ചിട്ടുണ്ടെന്നും അടുത്ത ആറ് മാസത്തിനുള്ള തിരഞ്ഞെടുപ്പ് നടത്താനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.