പ്രതിസന്ധിയിലായ സെൽഫ് ഡ്രൈവിംഗ് സ്റ്റാർട്ടപ്പ് ഡ്രൈവ് ഡോട് എ.ഐ ആപ്പിൾ ഏറ്റെടുത്തു. ഒരു കാലത്ത് 20 കോടി ഡോളർ മൂല്യമുണ്ടായിരുന്ന ഡ്രൈവ് എല്ലാ ജീവനക്കാരേയും പിരിച്ചുവിട്ട് അടച്ചുപൂട്ടലിന്റെ വക്കിലായിരുന്നു.
2015 ൽ സാൻഫോർഡ് യൂനിവേഴ്‌സിറ്റിയിലെ മെഷീൻ ലേണിംഗ് ഗവേഷകർ സ്ഥാപിച്ച സ്റ്റാർട്ടപ്പാണ് ഡ്രൈവ്. ടെക്‌സാസിൽ ഡ്രൈവറില്ലാ വാഹനങ്ങൾ ഓടിച്ചിരുന്ന കമ്പനിയെ ഏറ്റെടുക്കാനുള്ള ചർച്ചയിലാണെന്ന് മൂന്നാഴ്ച മുമ്പ് ആപ്പിൾ വെളിപ്പെടുത്തിയിരുന്നു. സ്വന്തം സെൽഫ് ഡ്രൈവിംഗ് പദ്ധതിയായ ടൈറ്റൻ പ്രതിസന്ധിയിലാണെന്ന റിപ്പോർട്ടുകൾക്കിടെയാണ് ഡ്രൈവിലെ എൻജിനീയർമാർക്ക് വാതിൽ തുറന്നുകൊണ്ടുളള ആപ്പിളിന്റെ തീരുമാനം.
സ്ഥാപനം അടച്ചുപൂട്ടുകയാണെന്നും 90 ജീവനക്കാരെ പിരിച്ചുവിടുമെന്നും കാണിച്ച് കാലിഫോർണിയയിലെ മൗൺടെയിൻ വ്യൂ ആസ്ഥാനമായ ഡ്രൈവ് സർക്കാർ ഏജൻസിയെ അറിയിച്ചതായി റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.
ഡ്രൈവറില്ലാതെ സ്വന്തമായി ഓടുന്ന കാറുകളുടെ മേഖലയിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കുന്നതിന്റെ ഭാഗമായാണ് ആപ്പിൾ ഡ്രൈവ് ഡോട്ട് എഐ ഏറ്റെടുത്തിരിക്കുന്നത്.
ഗൂഗിൾ ഉടമസ്ഥരായ ആൽഫബെറ്റിന്റെ സെൽഫ് ഡ്രൈവിങ് കാറായ വെയ്‌മോ ഈ മേഖലയിൽ ബഹുദൂരം മുന്നേറിയിട്ടുണ്ട്. ആപ്പിൾ അതീവ രഹസ്യമായി തുടങ്ങിയ ടൈറ്റൻ പദ്ധതിയുടെ ഭാഗമായ 200 ലേറെ പേരെ ഈയിടെ പിരിച്ചുവിട്ടിരുന്നു. ടൈറ്റന്റെ ഭാവി എന്താണെന്ന ചോദ്യമുയരുന്നതിനിടെയാണ് പുതിയ ഏറ്റെടുക്കൽ. ലോകവ്യാപകമായി 5ജി പ്രാബല്യത്തിൽ വന്നിരിക്കേയാണ് ആപ്പിളിന്റെ പുതിയ നീക്കം.
ഓട്ടോണമസ് കാർ മേഖലയിൽ പ്രവർത്തിക്കുന്ന മികച്ച സ്റ്റാർട്ടപ്പുകളിലൊന്നായി ഡ്രൈവ് ഒരു വർഷം മുമ്പ് തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
റോഡിലെ വസ്തുക്കളെ തിരിച്ചറിയുന്നതിന് തങ്ങൾ വികസിപ്പിച്ച ഡീപ് ലേണിംഗ് ഡ്രൈവറില്ലാ വാഹനങ്ങളെ സഹായിക്കുന്നതായി കമ്പനി അവകാശപ്പെട്ടിരുന്നു. പൊതു റോഡുകളിൽ സുരക്ഷക്കായി ഡ്രൈവർമാരില്ലാതെ തന്നെ വിവിധ റൂട്ടുകളിൽ ഓട്ടോണമസ് വാഹനങ്ങൾ ഓടിച്ചതായി കമ്പനി നടത്തിയ പ്രഖ്യാപനം വാർത്താ തലക്കെട്ടുകൾ നേിടിയിരന്നു.
നിസ്സാൻ എൻവി 200 പരിഷ്‌കരിച്ച് സെൽഫ് ഡ്രൈവിംഗ് വാഹനങ്ങളാക്കി മാറ്റി നാല് എൽ.ഇ.ഡി സ്‌ക്രീനുകൾ കൂടി ഉൾപ്പെടുത്തിയാണ് ഡ്രൈവ് റോഡിലിറക്കിയിരുന്നത്.
മുൻവശത്തെ ടയറുകൾക്ക് മുകളിലും പിൻഭാഗത്തുമായി സ്ഥാപിച്ചിരുന്ന ഈ സ്‌ക്രീനുകൾ കാൽനട യാത്രക്കാർക്കും മറ്റു വാഹനങ്ങൾക്കും സൂചന നൽകാനായിരുന്നു.
കാത്തിരിക്കുന്നു, പോകുന്നു, പ്രവേശിക്കുന്നു, പുറത്തു കടക്കുന്നു തുടങ്ങിയ റോഡിലെ കാൽനട യാത്രക്കാർക്കും മറ്റു വാഹനങ്ങൾക്കും വാഹനത്തിന്റെ ഉദ്ദേശ്യം അറിയിക്കുന്ന സന്ദേശങ്ങളാണ് സ്‌ക്രീനുകൾ പ്രദർശിപ്പിക്കുക.
ഡ്രൈവറില്ലാ കാറുകൾ പലവിധ സാങ്കേതിക വെല്ലുവിളികൾ നേരിട്ട സാഹചര്യം തന്നെയാണ് പ്രതീക്ഷയേകിയ സ്റ്റാർട്ടപ്പായ ഡ്രൈവിനേയും ബാധിച്ചത്. നിക്ഷേപകർ കോടിക്കണക്കിനു ഡോളർ ഇത്തരം സ്റ്റാർട്ടപ്പുകളിലേക്ക് ഒഴുക്കിയെങ്കിലും സാങ്കേതിക പ്രശ്‌നങ്ങൾ അവരെ പിന്തിരിപ്പിച്ചു. സെൽഫ് ഡ്രൈവിംഗ് കാറുകൾ സ്വീകാര്യതയും സ്വാധീനവും നേടാൻ വർഷങ്ങൾ, ചിലപ്പോൾ ദശകങ്ങൾ തന്നെയെടുക്കുമെന്ന് ചില വിദഗ്ധർ അഭിപ്രായപ്പെട്ടിരുന്നു. വിവിധ കമ്പനികളുടെ പങ്കാളിത്തം നേടി ചെലവ് പങ്കുവെക്കാൻ പല വൻകിട കമ്പനികളും ടെക്‌നോളജിയിൽ മാത്രം കേന്ദ്രീകരിക്കാനും തുടങ്ങിയിരുന്നു.
ഡ്രൈവ് ഡോട് എ.ഐയുടെ എത്രത്തോളം എൻജിനീയർമാരും വിദഗ്ധരും ആപ്പിളിൽ നിലനിൽക്കുമെന്ന കാര്യത്തിൽ ഉറപ്പില്ല. നിലവിൽ ഓട്ടോണമസ് കാറുകളടക്കമുള്ള ആസ്തികൾ ആപ്പിൾ വാങ്ങിയിട്ടുണ്ടെങ്കിലും ജീവനക്കാരെ വെള്ളിയാഴ്ചയോടെ പിരിച്ചുവിടുമെന്നും പിന്നീട് ഇവരെ ഉൾപ്പെടുത്തണോ വേണ്ടയോ എന്നു തീരുമാനിക്കുക ആപ്പിളായിരിക്കുമെന്നും റിപ്പോർട്ടുകളിൽ പറയുന്നു. എൻജിനീയർമാരെ ഉൾക്കൊണ്ടാലും മറ്റു ജീവനക്കാരെ ഒഴിവാക്കുമെന്നാണ് സൂചന.