മെക്സിക്കോ സിറ്റി-കുടിയേറ്റക്കാരുടെ അഭയം തേടിയുള്ള യാത്രയില്‍ പാതിവഴിയില്‍ ജീവന് പൊലിയുന്നവരുടെ കൂട്ടത്തില്‍ ഹൃദയഭേദകമായ ഒരു ചിത്രം കൂടി. അമേരിക്കയിലേക്കുള്ള കുടിയേറ്റ ശ്രമത്തിനിടെ പാതിവഴിയില്‍ ജീവന് നഷ്ടപ്പെട്ട അച്ഛന്റെയും മകളുടെയും ചിത്രം ആരുടെയും കരളലിയിപ്പിക്കുന്നതാണ്. അമേരിക്ക- മെക്സിക്കന്‍ അതിര്‍ത്തിയില്‍ റിയോ ഗ്രാന്റെ നദിക്കരയിലാണ് ഇവരുടെ മൃതദേഹം കണ്ടത്.
എല്‍ സാല്‍വദോറില്‍ നിന്നും അമേരിക്കയിലേക്ക് കുടിയേറാന്‍ ശ്രമിച്ച അഭയാര്‍ത്ഥികളായ ഓസ്കാര്‍ ആല്‍ബര്‍ടോ മാര്‍ടിനസ് രെമിരസും മകള്‍ വലേറിയയുമാണ് കഴിഞ്ഞ ദിവസം മരണപ്പെട്ടത്. കമഴ്ന്നുകിടക്കുന്ന നിലയിലായിരുന്നു ഇരുവരുടേയും മൃതദേഹം. അച്ഛന്റെ വസ്ത്രത്തിനുള്ളില്‍ അദ്ദേഹത്തെ ചേര്‍ത്തുപിടിച്ച് കിടന്ന നിലയിലാണ് കുട്ടി.
മകളുമായി നീന്തി അവളെ അമേരിക്കയുടെ സമീപം എത്തിച്ചു. ഭാര്യയെ കൊണ്ടുപോകാനായി തിരിക്കുന്നതിനിടെ മകള്‍ വെള്ളത്തില്‍ വീഴുകയായിരുന്നു. അവളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഇരുവരും ചുഴിയില്‍ പെടുകയായിരുന്നു.
ഏപ്രില്‍ മൂന്നിനാണ് എല്‍ സാല്‍വദോറില്‍ നിന്ന് ഓസ്കാര്‍ കുടുംബവുമായി അമേരിക്കയിലേയ്ക്ക് പുറപ്പെട്ടത്. അമേരിക്കയില്‍ അഭയം കണ്ടെത്താനുള്ള ശ്രമങ്ങള്‍ വൈകിയതോടെയാണ് നീന്തി അതിര്‍ത്തിയിലെത്താന്‍ രെമിരസ് തീരുമാനിച്ചത്.
ഭര്‍ത്താവും മകളും മുങ്ങിത്താഴുന്നത് കണ്ടുനില്‍ക്കാനെ കഴിഞ്ഞുള്ളൂവെന്ന് രെമിരസിന്റെ ഭാര്യ പറഞ്ഞു. മെക്സിക്കന്‍ ദിനപത്രമാണ് ഈ ചിത്രം പ്രസിദ്ധീകരിച്ചത്.
2015ല്‍ അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയായ സിറിയന്‍ ബാലന് ഐലന് കുര്‍ദിയുടേതിന് സമാനമാണ് ഈ അച്ഛന്റെയും മകളുടെയും ചിത്രം.