സിനിമ പുറത്തിറങ്ങുംമുമ്പേ ഒരൊറ്റ കണ്ണിറുക്കലിലൂടെ കാണികളുടെ മനം കവർന്ന പ്രിയ വാര്യർക്ക് ഗായിക എന്ന നിലയിലും സൂപ്പർ ഹിറ്റ് അരങ്ങേറ്റം. ഫൈനൽസിന് വേണ്ടി കൈലാസ് മേനോൻ ഒരുക്കിയ 'നീ മഴവില്ല് പോലെൻ...' എന്ന ഗാനം നരേഷ് അയ്യർക്കൊപ്പമാണ് പ്രിയ പാടിയത്. ആദ്യ ഗാനം മണിക്കൂറുകൾക്കുള്ളിൽ സോഷ്യൽ മീഡിയയിൽ വൈറലായി. പാട്ട് പാടുന്നതിന്റെ സ്റ്റുഡിയോ വെർഷനാണ് പുറത്തിറങ്ങിയത്. തീവണ്ടി എന്ന ചിത്രത്തിലെ ജീവാംശമായ് എന്ന ഗാനത്തിന്റെ സംഗീത സംവിധായകനാണ് കൈലാസ് മേനോൻ.
മണിയൻപിള്ള രാജുവും പ്രജീവ് സത്യവ്രതനും ചേർന്ന് നിർമ്മിക്കുന്ന ഫൈനൽസിന്റെ തിരക്കഥയും സംവിധാനവും പി.ആർ. അരുൺ. ജൂണിന് ശേഷം രജീഷാ വിജയൻ നായികയാവുന്ന ചിത്രമെന്ന പ്രത്യേകതയും ഫൈനൽസിനുണ്ട്. സ്‌പോർട്‌സ് ചിത്രമായി ഒരുങ്ങുന്ന ഫൈനൽസിൽ ഒളിംപിക്‌സിന് തയ്യാറെടുക്കുന്ന ആലീസ് എന്ന സൈക്ലിസ്റ്റിനെയാണ് രജീഷാ അവതരിപ്പിക്കുന്നത്. സുരാജ് വെഞ്ഞാറമൂട്, നിരഞ്ജ്, മണിയൻപിള്ള രാജു തുടങ്ങിയവരും അഭിനിയിക്കുന്നു.