Sorry, you need to enable JavaScript to visit this website.

എഴുതാക്കഥപോൽ  ഈ ജീവിതം 

സംഗീത സംവിധായകൻ ജയചന്ദ്രനൊപ്പം വിനായക്

കുമ്പളങ്ങി നൈറ്റ്‌സിലെ 'എഴുതാകഥപോൽ ഇത് ജീവിതം', അതിരനിലെ 'പവിഴമഴയേ നീ പെയ്യുമോ...', 'ആട്ടുതൊട്ടിൽ...', ജൂണിലെ 'മിന്നാമിന്നി...', 'ആദ്യം തമ്മിൽ...' തുടങ്ങി അഞ്ചു പാട്ടുകൾ, ഗാംബ്ലറിലെ 'തീരം തേടും...' തുടങ്ങിയവയാണ് വിനായകിന്റേതായി പുറത്തിറങ്ങിയ പുതിയ ഗാനങ്ങൾ.


പ്രായം ഇരുപത്തിയഞ്ചേ ആയിട്ടുള്ളുവെങ്കിലും വിനായക് ശശികുമാർ എന്ന ഗാനരചയിതാവിന്റെ പാട്ടുകൾ ഹിറ്റിൽനിന്നും ഹിറ്റിലേയ്ക്ക് കുതിക്കുകയാണ്. നീലാകാശത്ത് പൂവിട്ട ആ ഗാനങ്ങൾ ഇപ്പോൾ ഗാംബ്ലറിൽ എത്തിനിൽക്കുന്നു. ആറു വർഷംകൊണ്ട് മുപ്പതിലേറെ സിനിമകൾ... അറുപതോളം പാട്ടുകൾ... അവയിൽ പലതും യുവഹൃദയങ്ങൾ ഏറ്റുപാടുന്നവയും.
മലയാള സിനിമയ്ക്ക് കഴിഞ്ഞ ഒരു പതിറ്റാണ്ടുകാലത്തിനുള്ളിലുണ്ടായ മാറ്റങ്ങൾ ഉൾക്കൊണ്ടുള്ള രചനാ യാത്രയാണ് വിനായകന്റേത്. ന്യൂജനറേഷൻ പാട്ടുകാരൻ എന്ന പേരും ശ്രോതാക്കൾ അദ്ദേഹത്തിന് സമ്മാനിച്ചുകഴിഞ്ഞു. ലാളിത്യം നിറഞ്ഞ പദാവലികളാൽ സമ്പന്നമായ ആ ഗാനങ്ങൾ ആരുടെയും മനസ്സിനെ ഭാവതരളിതമാക്കുന്നു.
കുമ്പളങ്ങി നൈറ്റ്‌സിലെ 'എഴുതാകഥപോൽ ഇത് ജീവിതം', അതിരനിലെ 'പവിഴമഴയേ നീ പെയ്യുമോ...', 'ആട്ടുതൊട്ടിൽ...', ജൂണിലെ 'മിന്നാമിന്നി...', 'ആദ്യം തമ്മിൽ...' തുടങ്ങി അഞ്ചു പാട്ടുകൾ, ഗാംബ്ലറിലെ 'തീരം തേടും...' തുടങ്ങിയവയാണ് വിനായകന്റേതായി പുറത്തിറങ്ങിയ പുതിയ ഗാനങ്ങൾ. പുറത്തിറങ്ങാനിരിക്കുന്ന ലൂക്ക, പതിനെട്ടാംപടി, ട്രാൻസ്, അമ്പിളി, കോളാമ്പി... തുടങ്ങിയ ചിത്രങ്ങളിലും ഈ ചെറുപ്പക്കാരന്റെ ഗാനങ്ങളുണ്ട്.


മലയാള സിനിമയിലെ പ്രായംകുറഞ്ഞ ഈ ഗാനരചയിതാവിന്റെ പാട്ടുകൾ പലതും ലളിതമാണ്. നല്ല പാട്ടുകൾക്ക് കടുകട്ടി ഭാഷാപ്രയോഗത്തിന്റെ ആവശ്യമില്ലെന്ന പക്ഷക്കാരനാണ് ഇദ്ദേഹം. എന്നാൽ ഇ എന്ന ചിത്രത്തിലെ 'പ്രണവാകാരം...' എന്നു തുടങ്ങുന്ന ഗാനം വേറിട്ടുനിൽക്കുന്നു.
കുട്ടിക്കാലംതൊട്ടേ കഥയും കവിതകളുമെല്ലാം എഴുതിത്തുടങ്ങിയ വിനായക് എല്ലാം അമ്മയെയാണ് ആദ്യം കാണിക്കുക. കാരണം അമ്മയും എഴുത്തിന്റെ ലാവണം ഇഷ്ടപ്പെട്ടിരുന്നു. പ്രസിദ്ധീകരിച്ചിട്ടില്ലെങ്കിലും ഒട്ടേറെ കഥകളും കവിതകളും അമ്മയുടേതായിട്ടുണ്ട്. അമ്മയിൽനിന്നും നല്ല അഭിപ്രായം കേട്ടാൽ മാത്രമേ സുഹൃത്തുക്കളെ കാണിക്കാറുള്ളു. 
ചെന്നൈ കവിസംഗമം എന്ന സൊസൈറ്റിയിൽ ഞാനും അമ്മയും അംഗങ്ങളായിരുന്നു. മാസത്തിലൊരിക്കൽ നമ്മൾ എഴുതുന്ന കവിതകൾ പാരായണം ചെയ്യുന്ന പതിവുമുണ്ട്. വളർന്നുകഴിയുമ്പോൾ തിരക്കഥാകൃത്തും സംവിധായകനുമാകണമെന്നായിരുന്നു മോഹം. ആ മോഹം ഇപ്പോഴും മനസ്സിലുണ്ട്. കൂടാതെ സംഗീതം അഭ്യസിച്ചിരുന്നു. കീബോർഡും വായിക്കാനറിയാം. സംഗീതത്തിന് അനുസരിച്ച് പാട്ടെഴുതാൻ സംഗീതപഠനം ഏറെ സഹായകരമായി.
ചെന്നൈ ലയോള കോളേജിൽനിന്നും ധനതത്വശാസ്ത്രത്തിൽ ബിരുദം നേടിയ വിനായക് മദ്രാസ് സ്‌കൂൾ ഓഫ് ഇക്കണോമിക്‌സിൽനിന്നും ബിരുദാനന്തര ബിരുദവും നേടി. തുടർന്ന് ഫോർഡ് മോട്ടോഴ്‌സിൽ ഡാറ്റാ സയന്റിസ്റ്റായി ജോലി ചെയ്യുന്നതിനിടെയാണ് സംഗീത ലോകത്തേയ്ക്കു പ്രവേശിക്കുന്നത്.
ഗിന്നസ് പക്രുചേട്ടൻ കുട്ടിയും കോലും എന്ന ചിത്രം സംവിധാനം ചെയ്യുന്നതറിഞ്ഞ് പാട്ടെഴുതാൻ അവസരം ചോദിക്കുകയായിരുന്നു. ഷാൻ റഹ്മാനായിരുന്നു സംഗീതം. പഠന കാലത്ത് സുഹൃത്തുക്കൾക്കുവേണ്ടി പാട്ടെഴുതിക്കൊടുത്ത ധൈര്യത്തിലാണ് അവസരം ചോദിച്ചത്. മൊബൈലിലൂടെ ട്യൂൺ അയച്ചുതന്നപ്പോൾ അതിനനുസരിച്ച് പാട്ടെഴുതി അയച്ചുകൊടുക്കുകയായിരുന്നു. എന്നാൽ ആ പാട്ടുകൾ ശ്രദ്ധിക്കപ്പെട്ടില്ല. തുടർന്ന് നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി എന്ന ചിത്രത്തിന്റെ ചിത്രീകരണം നടക്കുന്നതറിഞ്ഞ് സംവിധായകൻ സമീർ താഹിറിനെ വിളിച്ച് അവസരം ചോദിച്ചു. ചിത്രത്തിൽ മൂന്നു പാട്ടുകളാണ് എഴുതിയത്. ഫുൾ ടീമിനൊപ്പം ചെന്നൈയിലായിരുന്നു പാട്ടെഴുതിയത്. അതുകൊണ്ടുതന്നെ ആ ചിത്രവും അതിലെ പാട്ടുകളും ഹിറ്റായി. സംഗീത സംവിധായകരായ റെക്‌സ് വിജയനെയും സുശീൽ ശ്യാമിനെയും ജോൺ പോളിനെയുമെല്ലാം പരിചയപ്പെടുന്നത് അവിടെവച്ചായിരുന്നു.


നീലാകാശത്തിന്റെ ചീഫ് അസോസിയേറ്റ് ഡയറക്ടറായിരുന്നു ഗപ്പിയുടെ സംവിധായകനായ ജോൺ പോൾ. നീലാകാശത്തിന് പാട്ടെഴുതുമ്പോൾ കൂടെ നിന്ന് സഹായിച്ചത് അദ്ദേഹമായിരുന്നു. ആ ആത്മബന്ധമാണ് ഗപ്പിയിലേയ്ക്ക് നയിച്ചത്. 'തനിയേ മിഴികൾ തുളുമ്പിയോ... വെറുതെ മൊഴികൾ വിതുമ്പിയോ... എന്ന ഗാനവും 'ഗബ്രിയേലിന്റെ ദർശനം സാഫല്യമായി...' എന്ന ക്രിസ്മസ് കരോൾ ഗാനവും സൂപ്പർ ഹിറ്റായി.
'സിനിമയിലെ അഭിനേതാക്കൾ ഉപയോഗിക്കുന്ന തരത്തിലുള്ള വാക്കുകൾ പാട്ടിൽ കൊണ്ടുവരാൻ കഴിയണം. ലളിതമായി എഴുതുക എന്നതാണ് പ്രയാസം. ലളിതമായ വരികളും ട്യൂണുകളുമുള്ള പാട്ടുകളാണ് ആളുകൾ ഏറെയും ഏറ്റുപാടുക. കൂടാതെ പാട്ടിന്റെ തുടക്കം വ്യത്യസ്തമാക്കാനും ശ്രമിക്കാറുണ്ട്. കാരണം പാട്ട് അറിയപ്പെടുക തുടക്കത്തിലെ വരികളിലൂടെയാണ്. മായാനദിയിലെ ഉയിരിൻ നദിയെ, ഗപ്പിയിലെ ഗബ്രിയേലിന്റെ... എന്നീ തുടക്കങ്ങൾ ഉദാഹരണങ്ങളാണ്.' വിനായക് പറയുന്നു.
ഏറെയും പാട്ടുകൾ ഒരുക്കിയത് റെക്‌സ് വിജയനൊപ്പമാണ്. ഒട്ടേറെ പുതുമുഖ സംഗീത സംവിധായകർക്കുവേണ്ടിയും പാട്ടുകളൊരുക്കിയിട്ടുണ്ട്. നോർത്ത് 24 കാതത്തിന്റെ സംഗീത സംവിധായകൻ ഗോവിന്ദ് വസന്തയായിരുന്നു. കരിങ്കുന്നം സിക്‌സസിലൂടെ രാഹുൽ രാജുമായി ഒന്നിച്ചു. തുടർന്ന് ഹേയ് ജൂഡ്, ഈ, കുട്ടനാടൻ മാർപാപ്പ തുടങ്ങിയ ചിത്രങ്ങളും രാഹുലിനൊപ്പം ചെയ്തു. 
വിഷ്ണു വിജയ് സംഗീതം നൽകിയ ഗപ്പിയിലെ തനിയെ മിഴികൾ എന്ന ഗാനമായിരുന്നു ടേണിംഗ് പോയന്റ്. എസ്ര, മറഡോണ, കുമ്പളങ്ങി നൈറ്റ്‌സ്, വരത്തൻ തുടങ്ങിയ ചിത്രങ്ങളിലെ പാട്ടുകൾക്ക് സംഗീതം ചിട്ടപ്പെടുത്തിയത് സുശിൻ ശ്യാമായിരുന്നു. മന്ദാരത്തിലൂടെ മുജീബ് മജീദുമായും ജൂണിലൂടെ ഇഫ്തിയുമായും ഒന്നിച്ചു. 
പുതുമുഖ സംവിധായകർക്കൊപ്പം പാട്ടൊരുക്കാൻ എളുപ്പമാണ്. പരസ്പരം അടുത്തറിയാനും അതിനനുസരിച്ച് ഒന്നിച്ച് പ്രവർത്തിക്കാനും കഴിയുന്നത് പാട്ടുകൾക്ക് കൂടുതൽ സ്വീകാര്യതയൊരുക്കുന്നു. മാത്രമല്ല, പുതിയ ചിത്രങ്ങളിലെ നായകർ യുവാക്കളാണ്. കഥാപാത്രങ്ങളുടെ പ്രായം പാട്ടൊരുക്കുന്നതിൽ നിർണ്ണായക ഘടകമാണ്.
പാട്ടെഴുത്ത് ഒരു തപസ്യയാണ്. ആസ്വദിച്ചുവേണം പാട്ടെഴുതാൻ. കടൽതീരത്ത് ഏകാന്തതയിലിരുന്നാൽ മാത്രമേ പാട്ടെഴുതാനാവൂ എന്നില്ല. എവിടെ ഇരുന്നാലും കുറഞ്ഞ സമയം കൊണ്ട് പാട്ടെഴുതാൻ കഴിയണം. പാട്ടെഴുത്തിന് വലിയ ഭാഷാസമ്പത്തൊന്നും ആവശ്യമില്ല. പരിചിതമായ വാക്കുകൾതന്നെയാണ് പാട്ടുകൾക്കായി ഉപയോഗിക്കുന്നത്. കേൾക്കാത്തതും പരിചിതമല്ലാത്തതുമായ വാക്കുകൾ ഉപയോഗിച്ചാൽ ശ്രോതാക്കൾ തിരസ്‌കരിച്ചെന്നും വരാം- പാട്ടെഴുത്തിന്റെ രീതിയെക്കുറിച്ച് വിനായക് പറയുന്നു.
ട്യൂണിനനുസരിച്ച് പാട്ടെഴുതുന്നതാണ് ഇപ്പോഴത്തെ രീതി. ആദ്യകാലത്ത് സിനിമകളുടെ വീഡിയോ കണ്ടായിരുന്നു പാട്ടെഴുതിയിരുന്നത്. ഇപ്പോൾ വീഡിയോ കാണാതെയാണ് പാട്ടെഴുതുന്നത്. പാട്ടെഴുത്തിന് അവശ്യം വേണ്ടത് ട്യൂണിനനുസരിച്ച് എഴുതാൻ പഠിക്കുക എന്നതാണ്. അത് സ്വായത്തമായാൽ മറ്റൊന്നും ചിന്തിക്കേണ്ടതില്ല. വായനാ ശീലമുണ്ടാകണം. നല്ല പാട്ടുകൾ കേൾക്കുകയും വേണം.
ഗിരീഷ് പുത്തഞ്ചേരി-- വിദ്യാസാഗർ കൂട്ടുകെട്ടിന്റെ പാട്ടുകളോടാണ് ഏറെ പ്രിയം. വയലാർ, പി. ഭാസ്‌കരൻ, ഒ.എൻ.വി, ശ്രീകുമാരൻ തമ്പി, യൂസഫലി കേച്ചേരി, കൈതപ്രം... തുടങ്ങി ഗുരുതുല്യരായവർ നിരവധിയുണ്ട്. പഴയ പാട്ടുകളാണ് ഏറെയും കേൾക്കാറ്. പാട്ടുകൾക്ക് യോജിച്ച വാക്കുകൾ ലഭിക്കുന്നത് പാട്ടു കേൾക്കുന്നതിലൂടെയാണ്. അനുയോജ്യമായ വാക്കുകൾ ചേർക്കുമ്പോഴാണ് പാട്ടുകൾ കൂടുതൽ മിഴിവുണ്ടാകുന്നത്.
അഛൻ ശശികുമാർ ഫെഡറൽ ബാങ്കിന്റെ കോട്ടയം ശാഖയിൽ അസിസ്റ്റന്റ് ജനറൽ മാനേജരാണ്. അമ്മ ആശാ ശശികുമാർ വീട്ടമ്മയും. സിനിമകൾക്ക് പാട്ടൊരുക്കുന്നതിനുള്ള സൗകര്യത്തിനായി കൊച്ചിയിലേയ്ക്ക് താമസം മാറ്റിയിരിക്കുകയാണ് വിനായക്.
തന്റെ പാട്ടുജീവിതത്തിന് കൂട്ടായി ഒരാൾ എത്തുന്നതിന്റെ സന്തോഷത്തിലാണ് വിനായക്. ചെന്നൈ ലയോള കോളേജിലെ സഹപാഠിയായ അഞ്ജലിയുമായി നവംബറിൽ വിവാഹം ഉറപ്പിച്ചിരിക്കുകയാണ്. തിരുവാങ്കുളം സ്വദേശിയായ അഞ്ജലി ബാംഗ്ലൂരിൽ ഇക്കണോമിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക് വകുപ്പിൽ ഡാറ്റാ സയന്റിസ്റ്റായി ജോലി നോക്കുകയാണ്.

 


 

Latest News