ന്യൂദൽഹി - ദേശീയ ഇന്റലിജൻസ് ഏജൻസി റോയുടെ തലവനായി സാമന്ത് ഗോയലിനെ നിയമിച്ചു. ഫെബ്രുവരിയില്‍ നടന്ന ബാലാകോട്ട് സൈനീക ആക്രമണങ്ങളുടെ മുഖ്യ സൂത്രധാരനായിരുന്നു സാമന്ത് ഗോയല്‍.ഇന്‍റലിജന്‍സ് ബ്യൂറോ ഡയറക്ടറായി അരവിന്ദ് കുമാർ ഐ.പി.എസും നിയമിതനാകും. ഇന്‍റലിജന്‍സ് ബ്യൂറോയില്‍ കശ്മീരിന്‍റെ ചുമതലയുള്ള സ്പെഷ്യല്‍ ഡയറക്ടറാണ് അരവിന്ദ് കുമാർ.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് ഇരുവരെയും നിയമിച്ചത്. പഞ്ചാബ് കേഡറില്‍ നിന്നാണ് ഗോയല്‍ സേനയുടെ ഭാഗമായത്. 1984 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥരാണ് സാമന്ത് ഗോയലും അരവിന്ദ കുമാറും. അസം കേഡറില്‍ നിന്നുള്ള ഉദ്യോഗസ്ഥനാണ് അരവിന്ദ കുമാര്‍.
90കളില്‍ ഖലിസ്ഥാന്‍ വാദം തീവ്രമായിരുന്നപ്പോള്‍ പഞ്ചാബില്‍ ചുമതലയിലുണ്ടായിരുന്ന ഉദ്യോഗസ്ഥനാണ് സാമന്ത് ഗോയൽ. 2016ലെ പാകിസ്ഥാനെതിരായ മിന്നലാക്രമണങ്ങളിലും നിര്‍ണായക പങ്കുവഹിച്ചിരുന്നു.