ന്യൂദല്‍ഹി- ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ യുഎസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ ഇന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി ദല്‍ഹിയില്‍ ചര്‍ച്ച നടത്തും. തീവ്രവാദം, എച്ച് 1 ബി വിസ, വ്യാപാരം, റഷ്യയുമായുള്ള ഇന്ത്യയുടെ ആയുധ ഇടപാട്, ഇറാനില്‍ നിന്ന് എണ്ണ വാങ്ങുന്നതിന് ഏര്‍പ്പെടുത്തിയ യുഎസ് ഉപരോധം തുടങ്ങിയവയാണ് ചര്‍ച്ച ചെയ്യുന്ന പ്രധാന വിഷയങ്ങള്‍.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ തകര്‍പ്പന്‍ വിജയത്തിന് ശേഷം വിദേശ രാജ്യത്തുനിന്നുള്ള ആദ്യ ഉന്നതതല സന്ദര്‍ശനമാണ് പോംപിയോയുടേത്. പ്രധാനമന്ത്രി മോഡിയുമായും പോംപിയോ ചര്‍ച്ച നടത്തും.
ഈയാഴ്ച ജപ്പാനിലെ ഒസാക്കയില്‍ ജി -20 ഉച്ചകോടിക്കിടെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും പ്രധാനമന്ത്രി മോഡിയും തമ്മില്‍ നടത്താനിരിക്കുന്ന കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായാണ് പോംപിയോയുടെ സന്ദര്‍ശനം.
കഴിഞ്ഞ ദിവസം രാത്രിയാണ് അദ്ദേഹം ദല്‍ഹിയിലെത്തിയത്. ഇന്ത്യയുമായുള്ള തന്ത്രപരമായ ബന്ധം കൂടുതല്‍ ഊട്ടിയുറപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പോംപിയോയുടെ സന്ദര്‍ശനമെന്ന് യുഎസ് വിദേശകാര്യ വകുപ്പ് വ്യക്തമാക്കി. ഈയിടെ നടന്ന തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി മോഡി തൂത്തുവാരിയത് ഇതിനായി മികച്ച അവസരമാണ് ഒരുക്കിയിരിക്കുന്നതെന്നും പ്രസ്താവനയില്‍ പറഞ്ഞു.
വ്യാപാര വിഷയങ്ങളില്‍ ഇരുരാജ്യങ്ങള്‍ക്കും സ്വീകാര്യമായ പൊതുവായ അടിസ്ഥാനം കണ്ടെത്താന്‍ ശ്രമിക്കുമെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ പറഞ്ഞു. ഇരു രാജ്യങ്ങള്‍ക്കും അവരുടേതായ താല്‍പ്പര്യങ്ങളുണ്ട്. അതുകാരണം ചില പൊരുത്തക്കേടുകള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും നയതന്ത്രം ചര്‍ച്ചയിലൂടെ പൊതുവായ മാനദണ്ഡം കണ്ടെത്തുമെന്നും അദ്ദേഹം വാര്‍ത്താ ലേഖകരോട് പറഞ്ഞു.