ഇന്ത്യയില്‍ നിക്ഷേപിക്കുന്നതിനുള്ള തടസ്സങ്ങള്‍ പൂര്‍ണമായും നീക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി യു.എസ് വ്യവസായികള്‍ക്ക് ഉറപ്പ് നല്‍കിയിരിക്കെ അത് ഇന്ത്യയിലെ ട്രംപ് സാമ്രാജ്യത്തിന്റെ വികസനത്തിനും സഹായകമാകും. ചട്ടങ്ങളില്‍ 7000 പരിഷ്‌കാരങ്ങള്‍ വരുത്തിയിട്ടുണ്ടെന്നാണ് പ്രധാനമന്ത്രി യു.എസ്. കോര്‍പറേറ്റ് സി.ഇ.ഒമാരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ വെളിപ്പെടുത്തിയത്.
ദല്‍ഹി പ്രാന്തത്തിലുള്ള ഗുരുഗ്രാമത്തിലെ (ഗുര്‍ഗോ) രണ്ട് പുതിയ പദ്ധതികളോടെ ഇന്ത്യയിലെ റിയല്‍ എസ്റ്റ്റ്റ് സാമ്രാജ്യം ഇരട്ടിയാക്കാനാണ് ട്രംപ് ഓര്‍ഗനേസൈഷന്‍ ഒരുങ്ങുന്നത്. ഇന്ത്യയില്‍ ട്രംപ് ബ്രാന്‍ഡ് വികസിപ്പിക്കുമെന്ന് കഴിഞ്ഞവര്‍ഷം തന്നെ അവര്‍ പ്രഖ്യാപിച്ചിരുന്നതാണ്.
ഗുരുഗ്രാമത്തില്‍ ട്രംപ്, ഐ.ആര്‍.ഇ.ഒ ടവര്‍ ഉയരുന്ന സ്ഥലത്ത് തൊഴിലാളികള്‍.
യു.എസ്. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുന്നതിനുമുമ്പാണ് ഇന്ത്യന്‍ പങ്കാളികളുമായി ചേര്‍ന്നുള്ള രണ്ട് കരാറുകള്‍ ഒപ്പിട്ടത്. ഇതിലൊന്നായ ഐ.ആര്‍.ഇ.ഒ പദ്ധതി എന്‍ഫോഴ്‌സ് മെന്റ് ഡയരക്ടറേറ്റിന്റെ അന്വേഷണത്തിലാണ്. വികസനത്തിലൂം ആസൂത്രണത്തിലും പിറകില്‍നില്‍ക്കുന്ന ഗുര്‍ഗോവില്‍ ആരംഭിക്കുന്ന ഈ പദ്ധതിയുടെ ഫണ്ട് സ്രോതസ്സാണ് എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷിക്കുന്നത്. ഭൂമി വാങ്ങിയതിലെ നിയമലംഘനവും പണം വെളപ്പിക്കലും സംശയിക്കപ്പെടുന്നു. രണ്ടാമത്തെ പങ്കാളിയായ എം3എം ഇന്ത്യ നികുതി വെട്ടിപ്പുകളെ കുറിച്ചുള്ള അന്വേഷണം നേരിടുന്നു. ഭൂമിയുടെ തടസ്സങ്ങള്‍ നീക്കിക്കിട്ടാന്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കാന്‍ ശ്രമിച്ചുവെന്ന ആരോപണവും നേരിടുന്നു.
ട്രംപ് യു.എസ്. പ്രസിഡന്റായി എന്നതുകൊണ്ടുതന്നെ അന്വേഷണത്തിനു പഴയ വേഗതയില്ല. ഇതോടൊപ്പമാണ് അനാവശ്യ തടസ്സങ്ങള്‍ നീക്കുമെന്ന മോഡിയുടെ വാഗ്ദാനം.