Sorry, you need to enable JavaScript to visit this website.

റെക്കോർഡ്  തിളക്കവുമായി ഏലക്ക വീണ്ടും താരം

കൊച്ചി - ഏലക്ക റെക്കോർഡ് തിളക്കവുമായി വീണ്ടും താരമായി. ഏലം കർഷകരെ ആവേശം കൊള്ളിച്ച് ഉൽപ്പന്ന വില പുതിയ ഉയരം സ്വന്തമാക്കി. ഇന്ത്യൻ വിപണിയുടെ ചരിത്രത്തിൽ ഇതാദ്യമായി ഒരു കിലോ ഏലക്ക 5743 രൂപയിൽ ലേലം കൊണ്ടു. വാരമധ്യം രേഖപ്പെടുത്തിയ 5000 രൂപയുടെ റെക്കോർഡാണ് മറികടന്നത്. ഏലക്ക വില പ്രളയ ശേഷമാണ് കുതിച്ച് ചാട്ടം തുടങ്ങിയത്. മാർച്ച്, ഏപ്രിലിലെ കൊടും വേനൽ കൃഷിയെ കാര്യമായി ബാധിച്ചു. ഇതിനിടയിൽ ലേല കേന്ദ്രങ്ങളിൽ വരവ് കുറഞ്ഞത് വാങ്ങലുകാരെ അസ്വസ്ഥരാക്കി. ജനുവരിയിൽ കിലോ 1600 രൂപയിൽ നീങ്ങിയ ഏലക്ക പിന്നീട് പുതിയ ഉയരങ്ങളിലേക്ക് നീങ്ങി. ആഭ്യന്തര വിദേശ ഡിമാന്റും ലഭ്യത കുറവും കണക്കിലെടുത്താൽ വിലക്കയറ്റം തുടരാം. കാലാവസ്ഥ വ്യതിയാനങ്ങൾ മൂലം ഏലക്ക സീസൺ ആരംഭിക്കാൻ ഓഗസ്റ്റ് വരെ കാത്തിരിക്കണം.
റബർ ക്ഷാമം ടയർ വ്യവസായികളെ അസ്വസ്ഥരാക്കി. വില സ്ഥിരത ഉറപ്പു വരുത്താനാവാതെ കർഷകർ പ്രതിസന്ധിയിലാണ്. ആഗോള തലത്തിൽ റബർ ഉൽപാദനം ജനുവരി-മാർച്ച് കാലയളവിൽ അഞ്ച് ശതമാനം കുറഞ്ഞത് രാജ്യാന്തര മാർക്കറ്റിന് കരുത്തായി. ടോക്കോം എക്‌സ്‌ചേഞ്ചിനൊപ്പം ഏഷ്യയിലെ ഇതര മാർക്കറ്റുകളിലും റബർ അവധി നിരക്കുകൾ ഉയർന്നത് ഇറക്കുമതിക്കാരുടെ കണക്ക് കൂട്ടലുകൾ തെറ്റിച്ചു. നടപ്പ് വർഷം ആദ്യ അഞ്ച് മാസങ്ങളിൽ ഇറക്കുമതി തോതിലുണ്ടായ കുറവ് ഇന്ത്യൻ ടയർ വ്യവസായികളിൽ ആശങ്ക ഉളവാക്കിയെങ്കിലും സ്റ്റോക്ക് നില തൃപ്തികരമെന്ന തന്ത്രത്തിലുടെ ആഭ്യന്തര വിലക്കയറ്റത്തെ തടയാനുള്ള ശ്രമത്തിലാണവർ. സംസ്ഥാനത്ത് റബർ ടാപ്പിങ് ദിനങ്ങൾ ചുരുങ്ങിയതും വിലയിലെ ആകർഷണം കുറഞ്ഞതും ഉൽപാദകരെ തോട്ടങ്ങളിൽ നിന്ന് അകറ്റി. മൺസൂണിന് മുന്നോടിയായി തോട്ടം മേഖലക്ക് പ്രതീക്ഷ പകരാൻ ടയർ ലോബി വില ഉയർത്തിയെങ്കിലും കാർഷിക മേഖലയിൽ അനുകൂല തരംഗം ഉടലെടുത്തില്ല. ടയർ നിർമാണത്തിന് ആവശ്യമായ നാലാം ഗ്രേഡ് 15,500 വരെ മുന്നേറിയെങ്കിലും ശനിയാഴ്ച്ച 15,100 രൂപയിലാണ്. 
കുരുമുളക് വിലയിൽ നേരിയ ഉണർവ്.  കാലാവസ്ഥ മാറ്റം മൂലം മുളകിൽ ജലാംശതോത് ഉയർന്നത് വാങ്ങലുകാരെ രംഗത്ത് നിന്ന് പിൻതിരിപ്പിച്ചു. പലരും ഉണക്ക് കൂടിയ മുളക് കാർഷിക മേഖലകളിൽ നേരിട്ട് ഇറങ്ങി സംഭരിച്ചു. അന്താരാഷ്ട്ര മാർക്കറ്റിൽ ഇന്ത്യൻ കുരുമുളക് വില ടണ്ണിന് 5500 ഡോളറാണ്. കൊച്ചിയിൽ അൺ ഗാർബിൾഡ് കുരുമുളക് 34,500 രൂപ. 
ഉത്തരേന്ത്യയിൽ മഴ ആരംഭിക്കുന്നതോടെ ചുക്കിന് ആഭ്യന്തര ഡിമാന്റ് ഉയരും. വിദേശ ചുക്ക് ഉത്തരേന്ത്യൻ ഗോഡൗണുകളിൽ പലരും സംഭരിച്ചിട്ടുണ്ട്. നാടൻ ചുക്കിനായി അറബ് രാജ്യങ്ങൾ രംഗത്ത് എത്തുമെന്ന കണക്ക് കൂട്ടലിലാണ് കയറ്റുമതി സമൂഹം. കൊച്ചിയിൽ വിവിധയിനം ചുക്ക് 22,500-30,000 രൂപയിലാണ്.  
മന്ത്രിതല യോഗം പച്ചതേങ്ങ സംഭരണ വില ഉയർത്തിയത് ഉൽപാദകർക്ക് നേട്ടം പകരും. നടപ്പ് വർഷം നാളികേരോൽപ്പന്നങ്ങളുടെ വില നിത്യേന ഇടിഞ്ഞതാണ് വിപണി ഇടപെടലിന് സംസ്ഥാന സർക്കാരിനെ പ്രേരിപ്പിച്ചത്. മഴ മൂലം വിളവെടുപ്പ് സ്തംഭിച്ചതിനാൽ വില ഉയരുന്നത് ഗ്രാമീണ മേഖലയ്ക്ക് ഗുണകരമാണ്. അതേ സമയം വെളിച്ചെണ്ണ വിൽപ്പന ചുരുങ്ങിയത് മില്ലുകാർ കൊപ്ര സംഭരണത്തിന് ഉത്സാഹം കാണിക്കുന്നില്ല. തുടർച്ചയായ രണ്ടാം വാരത്തിലും കൊച്ചിയിൽ 8700 രൂപയിലും കോഴിക്കോട് 9350 രൂപയിലുമാണ്. 
ആഭരണ കേന്ദ്രങ്ങളിൽ സ്വർണം ചരിത്രനേട്ടം കൈവരിച്ച ആവേശത്തിലാണ്. 24,560 രൂപയിൽനിന്ന് വാരമധ്യം പവൻ 25,120 ലേയ്ക്കും തുടർന്ന് സർവകാല റെക്കോർഡ് വിലയായ 25,440 ലേയ്ക്കും വ്യാഴാഴ്ച്ച രാവിലെ ഉയർന്നു. പിന്നീട് നിരക്ക് 25,200 ലേയ്ക്ക് താഴ്ന്നു. ഒരു ഗ്രാമിന് വില 3150 രൂപ. രാജ്യാന്തര വിപണിയിൽ ആറ് വർഷത്തിനിടയിലെ ഏറ്റവും മികച്ച റേഞ്ചിലാണ്. ന്യൂയോർക്കിൽ ട്രോയ് ഔൺസിന് 1341 ഡോളറിൽ നിന്ന് 1399 ഡോളറായി. 


 

Latest News