ന്യൂദല്‍ഹി- ഡ്യൂട്ടി ഫ്രീ ഷോപ്പില്‍നിന്ന് പഴ്‌സ് മോഷ്ടിച്ചതിനെ തുടര്‍ന്ന് പിടിക്കപ്പെട്ട എയര്‍ ഇന്ത്യ ക്യാപ്റ്റന് സസ്‌പെന്‍ഷന്‍. ഓസ്‌ട്രേലിയയിലെ സിഡ്‌നി എയര്‍പോര്‍ട്ടിലെ ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ വെച്ചാണ് എയര്‍ ഇന്ത്യ റീജണല്‍ ഡയറക്ടര്‍ കൂടിയായ ക്യാപ്റ്റന്‍ രോഹിത് ഭാസി പിടിക്കപ്പെട്ടത്.
ഓസ്‌ട്രേലിയന്‍ റീജണല്‍ മാനേജര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് ക്യാപ്റ്റനെ സസ്‌പെന്‍ഡ് ചെയ്തതെന്ന് എയര്‍ ഇന്ത്യ വക്താവ് ധനഞ്ജയ കുമാര്‍ അറിയിച്ചു.
ശനിയാഴ്ച സിഡ്‌നിയില്‍നിന്ന് ദല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യ എഎല്‍ 301 വിമാനം പറത്താന്‍ ചുമതലപ്പെട്ട രോഹിത് ഭാസി വിമാനം പുറപ്പെടുന്നതിന് തൊട്ട് മുമ്പ് ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ കയറി പഴ്‌സ് മോഷ്ടക്കുകയായിരുന്നു.
ജീവനക്കാരുടെ പെരുമാറ്റം പ്രധാനമാണെന്നും തെറ്റായ രീതികളോട് ഒരിക്കലും വിട്ടുവീഴ്ച ചെയ്യില്ലെന്നും എയര്‍ ഇന്ത്യ വക്താവ് പ്രസ്താവനയില്‍ പറഞ്ഞു. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ദല്‍ഹി- ബംഗളൂരു വിമാനത്തില്‍ പൈലറ്റും ജീവനക്കാരും തമ്മിലുണ്ടായ വഴക്ക് വരുത്തിയ നാണക്കേട് തീരുന്നതിനു മുമ്പാണ് പുതിയ സംഭവം.
കഴിഞ്ഞ മേയില്‍ ഷാര്‍ജയില്‍ മദ്യപിച്ച അവസ്ഥയില്‍ എയര്‍ ഇന്ത്യ പൈലറ്റിനെ കണ്ടെത്തിയത് വാര്‍ത്തയായിരുന്നു. കൊച്ചിയിലേക്ക് വിമാനം പറത്താന്‍ നിയോഗിക്കപ്പെട്ടയാളെയാണ് അന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ മദ്യപിച്ച് ലക്കുകെട്ട അവസ്ഥയില്‍ കണ്ടെത്തിയത്.