ലഖ്‌നൗ- ഉത്തര്‍പ്രദേശില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ പോലീസിനെ ഭീഷണിപ്പെടുത്തുന്ന വിഡിയോ പുറത്ത്. മതിയായ രേഖകള്‍ കൂടാതെ വാഹനമോടിച്ച ബി.ജെ.പി പ്രാദേശിക നേതാവില്‍നിന്ന് പിഴ ഈടാക്കിയ സംഭവത്തില്‍ പ്രതിഷേധവുമായി പോലീസ് സ്‌റ്റേഷനിലെത്തിയ പാര്‍ട്ടി പ്രവര്‍ത്തകരും വനിതാ പോലീസ് ഉദ്യോഗസ്ഥയും തമ്മിലുള്ള വാഗ്വാദത്തിന്റെ വിഡിയോ ഓണ്‍ലൈനില്‍ വൈറലായിട്ടുണ്ട്.
സംസ്ഥാനത്തെ പോലീസ് സംവിധാനം ശുദ്ധീകരിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചിരിക്കെയാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ പോലീസിനെ ഭീഷണിപ്പെടുത്തി കാര്യം നേടാന്‍ ശ്രമിക്കുന്നത്.
പാര്‍ട്ടി ജില്ലാ നേതാവായ പ്രമോദി ലോധിക്ക് വാഹനപരിശോധനക്കിടെ മതിയായ രേഖകളില്ലാത്തതിന്റെ പേരില്‍ പോലീസ് പിഴ ചുമത്തിയതാണ് തുടക്കം. പിഴ ഈടാക്കിയതില്‍ പ്രതിഷേധിച്ച് പ്രമോദ് ലോധി പോലീസിനോട് കയര്‍ക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്തു. ഇതോടെ ഇയാളെ പോലീസ് സംഘം അറസ്റ്റു ചെയ്തു.
ഇതില്‍ പ്രതിഷേധിച്ച് സ്‌റ്റേഷനിലെത്തിയ പാര്‍ട്ടി പ്രവര്‍ത്തകര്‍ പോലീസിനോട് കയര്‍ക്കുന്നതും സ്‌റ്റേഷനിലെ സര്‍ക്കിള്‍ ഓഫിസര്‍ ശ്രേഷ്ടാ താക്കൂര്‍ പ്രതികരിക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. തന്റെ നിലപാടില്‍ ഉറച്ചുനിന്നുകൊണ്ടു തന്നെ അവര്‍ പാര്‍ട്ടിക്കാരെ ശാന്തരാക്കാന്‍ ശ്രമിക്കുന്നുണ്ട്.
പോലീസിനെതിരെ മുദ്രാവാക്യം മുഴക്കിയ പ്രവര്‍ത്തകരെ ശാന്തരാക്കാന്‍ നടത്തിയ ശ്രമം വിജയിക്കാതായപ്പോള്‍ പൊതുസമൂഹത്തെ ബുദ്ധിമുട്ടിച്ചതിന് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കുമെന്ന് ഉദ്യോഗസ്ഥ മുന്നറിയിപ്പ് നല്‍കുന്നുമുണ്ട്.
നിങ്ങള്‍ മുഖ്യമന്ത്രിയുടെ അടുത്തുപോയി വാഹനങ്ങള്‍ പരിശോധിക്കാന്‍ പോലീസിന് അധികാരമില്ലെന്ന് എഴുതിവാങ്ങിക്കൊണ്ടുവന്നാല്‍ ഇതില്‍നിന്ന് പിന്‍മാറാമെന്ന് ശ്രേഷ്ടാ താക്കൂര്‍ പറയുന്നത് വിഡിയോയില്‍ വ്യക്തമാണ്. കുടുംബാഗംങ്ങളെ വീട്ടിലിരുത്തി രാത്രി വരുന്നത് തമാശ കളിക്കാനല്ലെന്നും ജോലി ചെയ്യാനാണെന്നും അവര്‍ പാര്‍ട്ടി പ്രവര്‍ത്തകരെ ഓര്‍മിപ്പിക്കുന്നു. ബി.ജെ.പിയുടെ ഗുണ്ടകളാണ് നിങ്ങളെന്ന് ജനങ്ങള്‍ പറയുമെന്നും അത് നിങ്ങളുടെ പാര്‍ട്ടിക്ക് തന്നെയാണ് മാനക്കേടുണ്ടാക്കുകയെന്നും ഉണര്‍ത്തുന്നുണ്ട്.