ഫോൺ ഇല്ലാത്ത ഒരു ജീവിതത്തെ പറ്റി ഇന്ന് നമുക്ക് ചിന്തിക്കാനേ കഴിയില്ല. വായനയും, ജോലിയും, ഷോപ്പിങ്ങും എന്ന് വേണ്ട ഡേറ്റിങ് വരെ ഫോണിലൂടെ ആയ ഒരു കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത്.
പക്ഷേ, ഈ ചെറു ഉപകരണം നമ്മുടെ അസ്ഥികൂടത്തിൽ കാര്യമായ പുനർനിർമാണം നടത്തുന്നുണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കാനാകുമോ..? നമ്മുടെ സ്വഭാവങ്ങൾ മാത്രമല്ല, നമ്മുടെ ശരീരഘടനയെയും ഇവ ബാധിക്കുന്നുണ്ടെന്ന വിവരങ്ങളിലേക്കാണ് പഠനങ്ങൾ വിരൽ ചൂണ്ടുന്നത്. ഓസ്‌ട്രേലിയ ക്വീൻസ് ലാൻഡ് സൺഷൈൻ കോസ്റ്റ് സർവകലാശാലയിലെ ഒരു കൂട്ടം ഗവേഷകരാണ് ഈ ഞെട്ടിക്കുന്ന പഠനങ്ങൾ നടത്തിയത്.
അവർ നടത്തിയ ബയോമെക്കാനിക്സിലെ പുതിയ ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത് പുതിയ തലമുറയുടെ തലയോട്ടിക്ക് പുറകിൽ കൊമ്പുപോലുള്ള ചെറിയ കുറ്റികൾ വികസിക്കുന്നു എന്നാണ് . തല മുന്നിലേക്ക് കൂടുതലായി കുനിക്കുന്നതു മൂലം, ഭാരം നട്ടെല്ലിൽ നിന്ന് തലയുടെ പിന്നിലെ പേശികളിലേക്ക് മാറ്റപ്പെടുകയും ഇത് സ്നായുക്കളും ലിഗ്മെന്റുകളും തമ്മിൽ ബന്ധിപ്പിക്കുന്ന ഭാഗത്തെ അസ്ഥികളിൽ വളർച്ചയുണ്ടാക്കാൻ കാരണമാകുകയും ചെയ്യുന്നു എന്നാണ് കണ്ടെത്തിയിരിക്കുന്നത്.
കഴുത്തിന് തൊട്ട് മുകളിലായി തലയോട്ടിയിൽ നിന്ന് പുറത്തേക്ക് ഒരു കൊളുത്ത് അല്ലെങ്കിൽ കൊമ്പ് പോലുള്ള സവിശേഷതയാണ് ഫലം.
സ്മാർട്ട്‌ഫോണുകളും കൈകളിൽ വച്ച് ഉപയോഗിക്കുന്ന മറ്റ് ഉപകരണങ്ങളും മനുഷ്യഘടനയിൽ വൈകല്യം വരുത്തുമെന്ന് അവർ പറയുന്നു, മിനിയേച്ചർ സ്‌ക്രീനുകളിൽ തല കുനിച്ചിരിക്കുന്നതാണ് ഒരു പ്രധാന കാരണമായി അവർ പറയുന്നത്.
'കൊമ്പ്' വരുന്ന വഴി
ഫോണുകളും നൂതന സാങ്കേതിക ഉപകരണങ്ങളും മനുഷ്യ ജീവിതത്തെ എത്രത്തോളം ബാധിക്കുന്നുവെന്ന് പഠനങ്ങൾ ഒട്ടേറെ നടന്നിട്ടുണ്ടെങ്കിലും ശരീര ഘടനയിൽ മാറ്റമുണ്ടാക്കുന്ന രീതിയിൽ ഇതിന് സ്വാധീനം ചെലുത്താൻ കഴിഞ്ഞുവെന്ന് മനസിലാക്കി തുടങ്ങുന്നത് ഇപ്പോഴാണ്. അതിനാൽ തന്നെ ഈ പഠനങ്ങൾ ഒരു വഴിത്തിരിവായിരിക്കുമെന്നാണ് ഈ ഗവേഷകർ കരുതുന്നത്. കൂടുതലായി ടൈപ്പ് ചെയ്യുന്നവർക്ക് ഉണ്ടാകുന്ന 'ടൈപ്പിങ് ഫിംഗർ' എന്ന അസുഖത്തിന് ഇപ്പോൾ ചികിത്സ ലഭ്യമാണ്. താമസിയാതെ 'ടെക്സ്റ്റിങ് നെക്ക്' എന്ന അസുഖം കൂടി പ്രതീക്ഷിക്കാം എന്ന് ആരോഗ്യ രംഗത്തുള്ളവരും മുന്നറിയിപ്പ് നൽകി കഴിഞ്ഞു. ടൈപ്പിങ് ഫിംഗർ എന്ന അവസ്ഥ കാർപ്പൽ ടണൽ ഡിസീസ് എന്ന അസുഖത്തോടു സാമ്യമുള്ളതാണ്. കൈതണ്ടയിലെ പ്രധാന നാഡി ഞെരുങ്ങിയമർന്ന് കൈകൾ അനക്കാനാകാതെ വരുന്ന അവസ്ഥയാണിത്. പക്ഷെ ഇതിന് ഫോൺ ഉപയോഗവുമായി ബന്ധമില്ല.
പഠനങ്ങൾ പുറത്തു വന്നത് കഴിഞ്ഞ വർഷം അവസാനത്തോടെയാണെങ്കിലും ജനശ്രദ്ധ നേടുന്നത് 'നൂതന സാങ്കേതിക വിദ്യ മനുഷ്യ ശരീര ഘടനയെ എങ്ങനെ ബാധിക്കുന്നു' എന്ന വിഷയത്തെ കുറിച്ച് ബി.ബി.സി നടത്തിയ ഒരു പരിപാടിയിലൂടെയാണ്. ഈ പഠനങ്ങളെ ആസ്പദമാക്കിയായിരുന്നു പരിപാടി. 'അസാധാരണമായ രൂപപ്പെടലുകൾ' എന്ന് പഠനങ്ങളിൽ പറഞ്ഞിരുന്ന വളർച്ചയെ 'കൊമ്പുകൾ' , 'ഫോൺ എല്ലുകൾ, 'കുറ്റികൾ ' എന്നൊക്കെ വിളിക്കാൻ തുടങ്ങിയത് ഈ പരിപാടിയോട് കൂടിയാണ്.
ഇവയോരോന്നും ഉചിതമായ വിവരണങ്ങളാണെന്നാണ് ഗവേഷണത്തിൽ പങ്കാളിയായിരുന്ന ഡേവിഡ് ഷഹറിൻറെ അഭിപ്രായം . സൺഷൈൻ കോസ്റ്റിൽ ബയോമെക്കാനിക്സിൽ പിഎച്ച്ഡി പൂർത്തിയാക്കിയ ഒരു നാഡീരോഗ വിദഗ്ധൻ കൂടിയാണ് അദ്ദേഹം. ചിലപ്പോൾ ഒരു പക്ഷിയുടെ കൊക്ക് പോലെയോ, ഒരു ചെറിയ കൊമ്പു പോലെയോ അല്ലെങ്കിൽ കൊളുത്തു പോലെയോ തോന്നാവുന്ന വളർച്ചയാണ് ഇവിടെ ഉണ്ടാകുന്നതെന്നാണ് ഷഹറിന്റെ ഭാഷ്യം.
രൂപീകരണം ഗുരുതരമായ വൈകല്യത്തിന്റെ അടയാളമാണെന്നും ഇത് തലവേദനയും നടു വേദനയും കഴുത്തു വേദനയുമുണ്ടാക്കുന്നതാണെന്നും ഷഹർ പറയുന്നു.
ഗവേഷണത്തിന്റെ തുടക്കം
ഏകദേശം മൂന്ന് വർഷം മുമ്പാണ് ഇത് സംബന്ധിച്ച പഠനങ്ങൾ ആരംഭിക്കുന്നത്. പല തരത്തിലുള്ള ഒരു കൂട്ടം കഴുത്തുകളുടെ എക്സ്-റേ പകർത്തിക്കൊണ്ടായിരുന്നു പഠനം തുടങ്ങിയത്. എന്റെസൊഫൈറ്റുകൾ എന്ന് വിളിക്കുന്ന അസ്ഥികളുടെ പ്രൊജക്ഷനുകൾ ഉൾപ്പെടുന്ന തലയോട്ടിയുടെ ചിത്രങ്ങളും ഉൾപ്പെടുത്തിയിരുന്നു. ദീർഘകാല ആയാസവും കഴുത്തു താഴ്ത്തിയുള്ള ജോലിയും മൂലം പ്രായമുള്ളവരിൽ അപൂർവമായി മാത്രം കാണാറുള്ള 'എല്ലുന്ത്' ചെറുപ്പക്കാരായ ആളുകളിൽ ഉള്ളതായി ഗവേഷകരുടെ ശ്രദ്ധയിൽ പെട്ടു.
2016 ൽ ജേണൽ ഓഫ് അനാട്ടമിയിൽ പ്രസിദ്ധീകരിച്ച ആദ്യ പേപ്പറിൽ, 18 നും 30 നും ഇടയിൽ പ്രായമുള്ള 218 എക്സ്-റേകളുടെ ഒരു സാമ്പിൾ പട്ടികപ്പെടുത്തിയതിൽ, അസ്ഥികളുടെ വളർച്ച 41 ശതമാനം ചെറുപ്പക്കാരിൽ കാണാമെന്ന് സൂചിപ്പിക്കുന്നു. സ്ത്രീകളേക്കാൾ പുരുഷന്മാരിലാണ് ഈ സവിശേഷത കൂടുതലായി കാണപ്പെടുന്നത്.
2018 ൽ ക്ലിനിക്കൽ ബയോമെക്കാനിക്സിൽ പ്രസിദ്ധീകരിച്ച രണ്ടാമത്തെ പ്രബന്ധത്തിൽ, നാല് കൗമാരക്കാർ ഉൾപ്പെട്ട പഠനത്തിൽ, തലയിലെ കൊമ്പുകൾ ജനിതക ഘടകങ്ങളോ വീക്കമോ മൂലമല്ല, പകരം തലയോട്ടിയിലെയും കഴുത്തിലെയും പേശികളുടെ അമിത ആയാസം കൊണ്ടുണ്ടായതാണ് എന്നതിലേക്കാണ് വിരൽ ചൂണ്ടുന്നത്.
ഒരു മാസം മുൻപ് പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം, 18 നും 86 നും ഇടയിൽ പ്രായമുള്ള ക്വീൻസ് ലാൻഡിലെ 1,200 എക്സ്-റേകൾ പരിശോധിച്ചതിൽ, അസ്ഥികളുടെ വളർച്ചയുടെ വലുപ്പം ജനസംഖ്യയുടെ 33 ശതമാനത്തിൽ ഉണ്ടെന്ന് ഗവേഷകർ കണ്ടെത്തിയാതായി പറയുന്നു. പ്രായം കൂടുന്തോറും ഈ വളർച്ച കുറയുന്നതായാണ് കാണുന്നത്.
പക്ഷേ ഈ 'എല്ലുന്ത്' വളരെ സാധാരണവും എന്നാൽ വലുതുമാണ്. ഇതെങ്ങനെ സംഭവിക്കുന്നുവെന്നറിയാനുള്ള പഠനങ്ങളാണ് ഫോൺ ഉപയോഗത്തിൽ എത്തിച്ചേർന്നിരിക്കുന്നത്.
കാലമെടുത്താണ് അസ്ഥി ഘടനയിൽ ഈ മാറ്റമുണ്ടാകുന്നത്. കൗമാരക്കാരിലും ചെറുപ്പക്കാരിലും ഇതുണ്ടാകണമെങ്കിൽ, കുട്ടിക്കാലം മുതലേ കഴുത്തും തലയും അമിതമായി ആയാസപ്പെടുന്നത് കൊണ്ടാകാം. - റിപ്പോർട്ട് പറയുന്നു. ഉപകരണങ്ങൾ ഉപയോഗിക്കുമ്പോൾ ശരിയായ ശരീര നില പാലിക്കുന്നത് ഈ ഘടനാമാറ്റം ഉണ്ടാകാതിരിക്കാൻ സഹായിച്ചേക്കും എന്നും റിപ്പോർട്ട് പറയുന്നുണ്ട്.
ചെയ്യാനാവുന്നത്
1970 കളിൽ ദന്ത ശുചിത്വത്തെ കുറിച്ച് അവബോധം ഉണ്ടാക്കിയെടുത്ത പോലെ, ശരീര ഘടനയെയും ശരീര നിലയെ കുറിച്ചും ചെറുപ്പം മുതലേ അവബോധമുണ്ടാക്കിയെടുക്കേണ്ടി ഇരിക്കുന്നു എന്നാണ് ഗവേഷകർ പറയുന്നത്. ഇലക്ട്രോണിക് സ്മാർട്ട് ഉപകരണങ്ങൾ ഉപയോഗിക്കുമ്പോൾ ശരിയായ ശരീര നില പാലിച്ചു കൊണ്ട് ഉപയോഗിക്കാൻ കുട്ടികളെ പ്രാപ്തരാക്കുക.
തലയോട്ടിയുടെ താഴ്ഭാഗത്ത് കൈകളോടിച്ചാൽ ഒരു പക്ഷെ ഈ 'കൊമ്പ്' അറിയാൻ സാധിക്കുമെന്ന് ഗവേഷകർ പറയുന്നു.
DOWNLOAD APP | |