ന്യൂദല്‍ഹി-ലോക്‌സഭാ സ്പീക്കറായിരുന്നപ്പോള്‍ പ്രതിപക്ഷ നേതാവിനോട് നീതി പുലര്‍ത്തിയില്ലെന്ന് പ്രതിപക്ഷത്തിന്റെ രാഷ്ടപ്രതി സ്ഥാനാര്‍ഥി മീരാ കുമാറിനെതിരെ കേന്ദ്ര മന്ത്രി സുഷമാ സ്വരാജിന്റെ ആരോപണം. 2013 ഏപ്രിലില്‍ ലോക്‌സഭയില്‍ താന്‍ നടത്തിയ ആറ് മിനിറ്റ് പ്രസംഗത്തിന്റെ വിഡിയോ സഹിതമാണ് വിദേശകാര്യമന്ത്രി സുഷമയുടെ ആരോപണം.
ഇതാണ് പ്രതിപക്ഷ നേതാവിനോട് ലോക്‌സഭാ സ്പീക്കര്‍ സ്വീകരിച്ച നിലപാട് എന്ന തലക്കെട്ടോടെ വിഡിയോ ലിങ്ക് സഹിതമാണ് സുഷമ ആരോപണം ട്വീറ്റ് ചെയ്തത്.
ആറ് മിനറ്റ് പ്രസംഗത്തില്‍ സ്പീക്കര്‍ 60 തവണ ഇടപെട്ടുവെന്ന് അക്കലത്തെ പത്ര റിപ്പോര്‍ട്ടിന്റെ ലിങ്കും നല്‍കിയിട്ടുണ്ട്.
എന്‍.ഡി.എ സ്ഥാനാര്‍ഥി രാംനാഥ് കോവിന്ദിനെതിരെ മത്സരിക്കുന്ന മീരാകുമറിന് നിഷ്പക്ഷത സാധ്യമാകില്ലെന്ന് തെളിയിക്കാനാണ് മന്ത്രിയുടെ ശ്രമം.
സ്വാതന്ത്ര്യത്തിനുശേഷം ഇന്ത്യ കണ്ട ഏറ്റവും അഴിമതി നിറഞ്ഞ സര്‍ക്കാരെന്ന് മന്‍മോഹന്‍ സിംഗ് സര്‍ക്കാരിനെ വിമര്‍ശിക്കുന്നതാണ് അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന സുഷമ സ്വരാജിന്റെ പ്രസംഗം. പ്രസംഗം ചുരുക്കാന്‍ നിര്‍ദേശിച്ചുകൊണ്ട് താങ്ക് യൂ, ആള്‍റൈറ്റ് എന്ന് മീരാ കുമാര്‍ പറയുന്നത് കേള്‍ക്കാം.
മുതിര്‍ന്ന കേന്ദ്ര മന്ത്രിമാര്‍ പ്രസംഗം തടയാന്‍ ശ്രമിച്ചിട്ടും സ്പീക്കര്‍ ഇടപെട്ടില്ലെന്ന് പിന്നീട് സുഷമ ആരോപിച്ചിരുന്നു.
കേന്ദ്ര മന്ത്രിയും സ്പീക്കറുമായിരുന്ന ബിഹാറില്‍നിന്നുള്ള ദളിത് നേതാവ് മീരാകുമാറിനെ കഴിഞ്ഞ ദിവസമാണ് പ്രതിപക്ഷം രാഷ്ട്രപതി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്.