പുരുഷന്മാരുടെ മാത്രം കുത്തകയായിരുന്ന ഫിറ്റ്‌നസ് മേഖലയിൽ ഒരു യുവവനിതാ സാന്നിധ്യം. ജിനി ഗോപാൽ എന്ന യുവതിയാണ് ഫിറ്റ്‌നസ് മേഖലയിലേക്ക് വ്യത്യസ്തത തീർത്ത് കടന്നുവന്നിരിക്കുന്നത്. വെറുതെ ഫിറ്റ്‌നസ് രംഗത്തേക്ക് കടന്നുവന്നെന്ന് മാത്രമല്ല, മിസ്റ്റർ ആൻഡ് മിസ് എറണാകുളം വേദിയിൽ നിന്ന് ഫിറ്റ്‌നസ് പട്ടം സ്വന്തമാക്കി ജിനി തുടക്കം കുറിച്ചു. പിന്നെ അങ്ങോട്ട് നേട്ടങ്ങളുടെ കാലമായിരുന്നു ജിനിയുടെ ജീവിതത്തിൽ. പല മത്സരങ്ങളിലും ചാമ്പ്യൻഷിപ്പുകൾ സ്വന്തമാക്കി. മലയാളത്തിന്റെ ഫിറ്റ്‌നസ് ക്വീൻ എന്ന പട്ടവും ജിനിയുടെ പേരിലുണ്ട്.
ഫിറ്റ്‌നസ് ജീവിതത്തെക്കുറിച്ച് ജിനി ഗോപാൽ പറയുന്നത്:
വനിതാ സംരംഭകയായി അറിയപ്പെട്ടപ്പോഴാണ് തന്റെ അച്ഛൻ വിട പറഞ്ഞത്. തന്റെ റോൾ മോഡലായ അച്ഛന്റെ വിയോഗത്തിൽ നൂലു പൊട്ടിയ പട്ടം പോലെയായി മാറിയപ്പോൾ പലതും പരീക്ഷിച്ചു. യാത്ര വായന, നൃത്തം, യോഗ -അങ്ങനെ ഓരോന്ന് പരീക്ഷിച്ചു. ഒടുവിൽ ആലിൻചുവട് ഫിറ്റ്‌നസ് സെന്ററിൽ ചേർന്നതോടെയാണ് ജീവിതം മാറി മറിഞ്ഞത്. ഫിറ്റ്‌നസ് രംഗത്തേക്ക് തന്നെ എത്തിച്ചത് പരിശീലകനായ അനന്തു രാജാണ്. ഫിറ്റ്‌നസ് മത്സരങ്ങളിൽ പങ്കെടുക്കാൻ നിർദേശിച്ചതും അനന്തുവാണ്.
കൃത്യമായ പരിശീലനത്തിലൂടെ മാത്രമേ ഫിറ്റ്‌നസ് മത്സരവേദിയിൽ പങ്കെടുക്കാനാവൂ. എങ്കിലും പരിശീലകൻ നൽകിയ ആത്മവിശ്വാസമാണ് വേദിയിൽ മത്സരിക്കാൻ കരുത്ത് നൽകിയത്.
മണിക്കൂറുകൾ നീളുന്ന പരിശീലനം, ക്ഷീണമകറ്റാൻ പച്ചക്കറി
പഴങ്ങളും പിന്നെ നൃത്തവും കളരിയും ഇങ്ങനെ പോകുന്നു ദിനചര്യ. ഡിസൈനിങ്, മോഡലിങ് വനിതാ സംരംഭക എന്ന നിലയിലും ഇതിനോടകം തന്നെ ജിനി അറിയപ്പെട്ടുകഴിഞ്ഞു.
മൂന്ന് ഘട്ടങ്ങളിലാണ് ഫിറ്റ്‌നസ് മത്സരങ്ങൾ നടക്കുന്നത്. അനാട്ടമി, സെൽഫ് ഇൻട്രഡക്ഷൻ, പെർഫോമൻസ് എന്നിങ്ങനെയാണ് മൂന്ന് ഘട്ടങ്ങൾ. മൂന്നാമത്തെ ഘട്ടമായ പെർഫോമൻസ് കുറച്ച് ബുദ്ധിമുട്ടേറിയതായിരുന്നു. രണ്ട് മിനിറ്റ് നീണ്ടുനിൽക്കുന്ന പെർഫോമൻസ് റൗണ്ടിൽ ശരീരത്തിന്റെ ഫഌക്‌സിബിലിറ്റി പ്രകടിപ്പിക്കുന്ന വിധത്തിലുള്ള പ്രകടനമാണ് നടത്തിയത്.
കുട്ടിക്കാനത്ത് നിന്ന് എറണാകുളത്ത് എത്തിയ ശേഷം ആറ്റിറ്റിയൂഡ് ദി അറ്റയർ ഡിസൈനറി എന്ന ഡിസൈനിങ് യൂണിറ്റാണ് ജീവിതം കരുപ്പിടിപ്പിച്ചത്. എന്തിനും ഏതിനും ആത്മവിശ്വാസം പകർന്നു നൽകാൻ അമ്മ ഒപ്പമുള്ളതാണ് ഒരു ധൈര്യം. മാഗസിനുകളിൽ കവർ മോഡലുകൾക്കായി ചെയ്ത ഡിസൈനുകളും ശ്രദ്ധേയമാണ്. ഫിറ്റ്‌നസ് ക്വീൻ ആയതോടെ സിനിമാ രംഗത്തേക്കും ക്ഷണം ലഭിച്ചു. മികച്ച അവസരം ലഭിച്ചാൽ അഭിനയ രംഗത്തേക്ക് വരുമെന്ന് ജിനി ഗോപാൽ പറയുന്നു.