Sorry, you need to enable JavaScript to visit this website.

രുചി പകരും കലവറ, കലേഷിന്റെ സകലകല  


കല്ലുവിനേയും മാത്തുവിനേയും അറിയാത്ത മലയാളിയുണ്ടാകില്ല. 'ഉടൻ പണം' എന്ന സ്വകാര്യ ചാനൽ ഷോയിലൂടെ, അറിവിന്റെ അറിയാത്ത അദ്ഭുതങ്ങളിലേക്ക് ആളുകളെ ആകർഷിക്കുന്ന, അവതരണത്തിൽ അപൂർവമായ പുതുമയ്‌ക്കൊപ്പം രസകരമായ വ്യതിരിക്തതയും കൂടി കാഴ്ച വെച്ച് ഈ പരിപാടിയെ ശ്രേഷ്ഠമാക്കുന്ന രണ്ടു പ്രഗൽഭരായ അവതാരകരാണിവർ. 
ഇവരിൽ കല്ലു എന്ന രാജ് കലേഷ് (41) കഴിഞ്ഞ വെള്ളിയാഴ്ച പഴയ സൗഹൃദം പുതുക്കാനും ജിദ്ദയിലെ കോർണിഷിലെ ജിദ്ദ സീസൺ ഉൽസവം കണ്ട് കുറെ തമാശ പറയാനും വേണ്ടി ഞങ്ങളോടൊപ്പം ചേർന്നു. 
ഒരു സ്വകാര്യ ചാനലിന്റെ കുക്കറി ഷോ ഷൂട്ടിനിടെ കലേഷ് എന്നോടും കുടുംബത്തോടുമൊപ്പം ജിദ്ദയുടെ ഉൽസവ സീസൺ ആസ്വദിക്കാനും ചെങ്കടൽ തീരത്ത് അലയാനും സമയം കണ്ടെത്തി. അത് നേരം പുലരും വരെ നീണ്ടു. തണുത്ത ചെങ്കടൽ കാറ്റ് പുതിയ ഊർജം പകർന്നുവെന്ന് പിറ്റേന്ന് റിയാദിലേക്കുള്ള ഫ്‌ളൈറ്റിലിരുന്ന് കലേഷ് ഫോണിൽ പറഞ്ഞു.  
മാന്ത്രികൻ ഗോപിനാഥ് മുതുകാടിന്റെ ശിഷ്യത്വം സ്വീകരിച്ച് മാജിക് പഠിക്കാനും അദ്ദേഹത്തോടൊപ്പം നിരവധി നാടുകളിൽ അലയാനും അവസരം ലഭിക്കും മുമ്പ്, (ഇല്ലായ്മയുടെ നാളുകളിൽ എന്ന് കലേഷിന്റെ ശൈലി) തിരുവനന്തപുരം പൂജപ്പുരയിലെ വാടക മുറിയിൽ കൂടെ താമസിച്ചിരുന്ന ചങ്ങാതി, ജിദ്ദയിൽ ജോലി ചെയ്യുന്ന നിലമ്പൂർ മുക്കട്ട സ്വദേശി ഷാജിയും ഞങ്ങളോടൊപ്പമുണ്ടായിരുന്നു. കടൽക്കരയിൽ കരിമരുന്നും വെടിക്കെട്ടും പാട്ടുൽസവവും. ഇത് നിലമ്പൂർപാട്ടിന് പോയത് പോലെയായല്ലോ എന്നും ഇത്തവണത്തെ സൗദി യാത്ര മുതലായെന്നും കലേഷ്. ജിദ്ദയിൽ ഇതാദ്യമായാണ് കലേഷ് വരുന്നത്. ആൾക്കൂട്ടത്തിനിടെ അലയവേ, ചില മലയാളി കുടുംബങ്ങൾ കലേഷിനെ തിരിച്ചറിയുകയും സെൽഫിക്ക് വേണ്ടി തിരക്ക് കൂട്ടുകയും ചെയ്തു.

കൺകെട്ട് വിദ്യക്കാരനായ കലേഷ് 
കിളിമാനൂരിനടുത്ത് നെടുംപറമ്പിൽ പോസ്റ്റ്മാസ്റ്ററായി വിരമിച്ച ദിവാകരനാണ് കലേഷിന്റെ അച്ഛൻ. അമ്മ അർബുദ രോഗം ബാധിച്ച് മരിച്ചു. തന്റെ വളർച്ചയിൽ ഇരുവരും നല്ല പങ്ക് വഹിച്ചതായി കലേഷ് ഓർക്കുന്നു. മാജിക്കിനോട് ബാല്യം മുതലേ കലേഷിന് കൊതിയായിരുന്നു.  ചെമ്പഴന്തി, വർക്കല എസ്.എൻ കോളേജുകളിലെ പഠന ശേഷം ടെലിവിഷനിൽ മുഖം കാണിക്കുകയെന്ന ആഗ്രഹവുമായി തിരുവനന്തപുരത്തെ താമസത്തിനിടയ്ക്കാണ് നിലമ്പൂർക്കാരനായ ഷാജിയും ഗായകൻ ബ്രഹ്മാനന്ദിന്റെ മകൻ രാകേഷും സഹമുറിയന്മാരായി എത്തുന്നതെന്ന് കലേഷ്. കൈയിൽ കാശില്ലായിരുന്നുവെങ്കിലും എല്ലാ കടകളിൽ നിന്നും ഹോട്ടലുകളിൽ നിന്നും കടം കിട്ടിയിരുന്നുവെന്ന് കലേഷ് ഓർക്കുന്നു. ടെലിവിഷൻ സ്‌ക്രീനിലൊന്ന് മുഖം കാണിക്കുകയെന്നതായിരുന്നു കലേഷിന്റെ ആശ. വീട്ടിലെ പഴയ ടി.വി സ്‌ക്രീനിനു മുന്നിൽ ചെന്നു നിന്ന് വെറുതെ ഓരോ ഡയലോഗ് പറയും. സ്വയം ടി.വിതാരമായി അഭിനയിക്കും. 
അതൊരു ആത്മനിർവൃതിയായിരുന്നുവെന്ന് കലേഷ്. തിരുവനന്തപുരത്തെ താമസത്തിനിടയ്ക്കാണ് മുതുകാടിനെ പരിചയപ്പെടുന്നതും മാജിക് പഠിക്കാനാഗ്രഹമുണ്ടാകുന്നതും. ഡിഗ്രി കഴിഞ്ഞ ശേഷം ചില സ്റ്റേജ് കൊറിയോഗ്രഫിയൊക്കെ അരങ്ങേറി. അതിനിടെയായിരുന്നു ആകസ്മികമായി
മുതുകാടുമായുള്ള പരിചയം. അത് ജീവിതത്തിലൊരു വഴിത്തിരിവായി. വീട്ടുകാർക്ക് കലേഷിനെ സർക്കാർ ഉദ്യോഗസ്ഥനാക്കാനായിരുന്നു ആഗ്രഹം. അമ്മയുടെ അമ്മാവൻ പഴയ ഇന്ത്യൻ നാഷനൽ ആർമി അംഗമായിരുന്നു. സർക്കാർ ജോലിയോട് താൽപര്യമില്ലായിരുന്ന കലേഷ്, മുതുകാടിന്റെ മാജിക് പരിപാടിയിൽ സഹായിയായി എട്ടു വർഷം ജീവിച്ചു. 
ഓരോ പരിപാടിയും ആംഗർ ചെയ്യുന്നതോടൊപ്പം ചില കൺകെട്ടുവിദ്യകളും കൈയടക്കങ്ങളുമൊക്കെ ഇന്ത്യക്കകത്തും പുറത്തുമുള്ള വേദികളിൽ അവതരിപ്പിച്ച കലേഷ് കൈയടി നേടി. (പഴയ കൺകെട്ട് മറന്നിട്ടില്ലെന്ന് തെളിയിക്കാൻ ഓച്ചിറക്കാരി സുമയ്യാ അസീം എന്ന ജിദ്ദാ കുടുംബിനിയുടെ വീട്ടിൽ കുക്കറി ഷോ ഷൂട്ടിനു ശേഷം ചില ശീട്ടുകൾ കൊണ്ടുവന്ന് അവിടെ കൂടിയിരുന്ന ഞങ്ങൾക്ക് മുമ്പിൽ കലേഷ് ചില വിദ്യകൾ കാണിച്ച് എല്ലാവരേയും വിസ്മയിപ്പിച്ചു). ഡിഗ്രി മുതൽ ആരേയും ആശ്രയിക്കാതെ കലേഷ് സ്വന്തമായി അധ്വാനിച്ച് പഠിച്ചു. 
സ്‌കൂൾ കലോൽസവങ്ങളിൽ മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചിരുന്നത് മാജിക്കിനോടൊപ്പം അഭിനയത്തിലേക്കുമുള്ള വഴി തുറന്നു. അഭിനയിക്കാനുള്ള അവസരങ്ങളൊന്നും പാഴാക്കിയില്ല. ഇതിനിടയ്ക്കാണ് പാചകത്തോട് താൽപര്യം തോന്നിയത്. നല്ല ഭക്ഷണപ്രിയനായ കലേഷ് മികച്ച പാചകക്കാരനാവുകയെന്നത് സ്വാഭാവികം. 

അവതാരകൻ, അഭിനേതാവ്
1999 ൽ നെറ്റ്‌വർക്ക് ടെലിവിഷന്റെ അസിസ്റ്റന്റ് ഡയരക്ടറായാണ് ആംഗറിംഗിൽ ആദ്യമായി വ്യക്തിമുദ്ര പതിപ്പിച്ചത്. തുടർന്ന് ഏഷ്യാനെറ്റിൽ. 2002 മുതൽ 2005 വരെ അസിസ്റ്റന്റ് ഡയരക്ടറായി. 2005 ൽ ഏഷ്യാനെറ്റ് കുടുംബമേളയിൽ സ്വന്തമായി മാജിക് ഷോ നടത്തി കാണികളെ കൈയിലെടുത്തു. ഇതോടെ മികച്ച മാന്ത്രികനെന്നത് പോലെ മികച്ച അവതാരകനുമായി. അമൃതാ ടി.വിയിലെ ടേസ്റ്റ് ഓഫ് കേരള എന്ന പേരിലുള്ളതാണ് കലേഷിന്റെ ആദ്യ കുക്കറി ഷോ. അഞ്ചു ലക്ഷം പ്രേക്ഷകരെയാണ് ഈ ഷോ യുട്യൂബ് വഴി നേടിക്കൊടുത്തത്. 2007 മുതൽ നാലു വർഷം യാത്രാ പരിപാടിയുമായി കലേഷ് ടി.വിയിൽ പ്രത്യക്ഷപ്പെട്ടു. ഹലോ ദുബായ്, ടേസ്റ്റ് ഓഫ് അറേബ്യ, ഹലോ അമേരിക്കാസ് എന്നീ പ്രോഗ്രാമുകൾ ഏറെ ശ്രദ്ധേയമാവുകയും കലേഷ് പ്രശസ്തിയിലേക്കുയരുകയും ചെയ്തു. 2012 ൽ വീണ്ടും ഏഷ്യാനെറ്റിൽ. യൂറോപ്പ്, നോർത്ത് അമേരിക്ക, ആഫ്രിക്ക, ഏഷ്യ എന്നീ ഭൂഖണ്ഡങ്ങളിലെ 17 രാജ്യങ്ങളിലായി ഏഷ്യാനെറ്റിനു വേണ്ടി കലേഷ് ഫുഡ് ട്രാവലോഗ് പരിപാടി അവതരിപ്പിച്ചു. ചെറിയൊരു ഇടവേളയ്ക്ക് ശേഷം ഇതിനിടെ സോണി എന്റർടെയിൻമെന്റ് ടി.വിയിലും അവതാരകനായി. തുടർന്ന് 'മഴവിൽ മനോരമ' യിൽ ഇന്ത്യൻ വോയ്‌സ് ജൂനിയർ മ്യൂസിക് റിയാലിറ്റി ഷോയുടെ അവതാരകനായി. സൂര്യ ടി.വിയിലെ കുക്കറി ഷോ- അവിയൽ - അവതരിപ്പിച്ചതും ഇക്കാലത്ത്. ദൂരദർശനിലെ വിസ്മയ സഞ്ചാരം (മാജിക് പരിപാടി), മഴവിൽ മനോരമയിലെ ദേ രുചി, മീഡിയാവണിലെ ദ ട്രീറ്റ് തുടങ്ങിയ പരിപാടികളും കലേഷിന്റെ യശസ്സുയർത്തി. ഗ്രാന്റ് മാജിക്കൽ സർക്കസും മനോരമ ചാനലിൽ മാത്തുക്കുട്ടിയുമായി ചേർന്ന് അവതരിപ്പിക്കുന്ന ഉടൻ പണവും ഏറെ ശ്രദ്ധേയമാവുകയും വിദേശത്തും അത് ഷൂട്ട് ചെയ്യാൻ അവസരമുണ്ടാവുകയും ചെയ്തു. സപ്തമശ്രീ തസ്‌കര, ഉസ്താദ് ഹോട്ടൽ എന്നീ സിനിമകളിലും കലേഷ് അഭിനയിച്ചു. മികച്ച ആംഗർ, കുക്കറി ഷോ അവതാരകൻ എന്നിവയ്ക്ക് നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുള്ള കലേഷ് എഴുതിയ പുസ്തകമാണ് 'രുചിവട്ടം' (പ്രസാധനം ഡി.സി ബുക്‌സ്). 

കലേഷിന്റെ ഭക്ഷണ വിശേഷങ്ങൾ
വൈവിധ്യമാർന്ന രുചിക്കൂട്ടുകൾ, വ്യത്യസ്തവും ആസ്വാദ്യകരവുമായ വിഭവങ്ങൾക്ക് വേണ്ടി കലവറയൊരുക്കൽ, ഭക്ഷണം മാത്രമല്ല അവ പാചകം ചെയ്യലും കമനീയമായി വിളമ്പലും വിശിഷ്ട കലയാണെന്ന് വിശ്വസിക്കുന്ന കലേഷിനെ നിരവധി പ്രമുഖ ചാനലുകൾ കുക്കറി ഷോ അവതരിപ്പിക്കാൻ ക്ഷണിച്ചു. അവതരിപ്പിക്കുന്ന പരിപാടികളുടെ പ്രൗഢിയും സ്വതസ്സിദ്ധമായ സവിശേഷതയും കലേഷിനെ ഈ രംഗത്ത് കൂടുതൽ ശ്രദ്ധേയനാക്കി. മാജിക്കിൽ നിന്ന് പാചകത്തിലേക്കുള്ള ആൾമാറാട്ടമായിരുന്നു അത്. 
മിനി സ്‌ക്രീനുകളിലെ മിന്നും താരമെന്ന പദവിയിലേക്കുള്ള പടിപടിയായുള്ള വളർച്ച. കലേഷിന്റെ സ്വാഭാവികവും അകൃത്രിമവുമായ അവതരണ രീതിയാണ് കുടുംബ സദസ്സുകളെ ഏറെ ആകർഷിച്ചത്. ജാഡയില്ലാത്ത ആംഗറിംഗ്. രുചിവൈഭവങ്ങൾക്കൊപ്പം നർമം പുരണ്ട കമന്റുകളും പാചകം ചെയ്യുന്ന കുടുംബിനികളോടൊപ്പം അവരിലൊരാളായി, അല്ലെങ്കിൽ ആ കുടുംബത്തിലെ അംഗമെന്നത് പോലെയുള്ള അടുപ്പം പുലർത്തുന്ന തരത്തിലുള്ള ഷോ.. ഇതൊക്കെ ഈ രംഗങ്ങളിൽ കലേഷിന്റെ അപ്രമാദിത്തം തെളിയിച്ചു. 
കേരളത്തിലും തമിഴ്‌നാട്ടിലും ആദിവാസി ഗോത്രവിഭാഗങ്ങൾക്കിടയിലെ ചില രസകരവും ഒറിജിനലുമായ ഭക്ഷ്യവിഭവങ്ങൾ ഏറെ പ്രിയപ്പെട്ടതാണെന്ന് കലേഷ് പറയുന്നു. മുതുവാൻ കുടികളിലെ മുളയരി, റാഗി തുടങ്ങിയവ കൊണ്ടുണ്ടാക്കുന്ന വിഭവങ്ങൾ ഏറെ രുചികരമാണ്. ചാണകം മെഴുകിയ അടുക്കളയിൽ നിലത്തിരുന്ന് അവ ആദിവാസി കുടുംബങ്ങൾക്കൊപ്പം കഴിക്കുന്നത് ഏറെ രുചികരവും ഒപ്പം ആഹ്ലാദ ദായകവുമാണ്.

സന്ദർശിച്ചത് 41 രാജ്യങ്ങൾ, 
കഴിച്ചത് 4000 വിഭവങ്ങൾ 

അഞ്ചു ഭൂഖണ്ഡങ്ങളിലായി ഇതിനകം 41 രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ടെന്ന് കലേഷ് പറഞ്ഞു. ഈ രാജ്യങ്ങളിൽ നിന്ന് ഏകദേശം നാലായിരത്തോളം വ്യത്യസ്ത വിഭവങ്ങളുടെ രുചിയറിഞ്ഞിട്ടുണ്ട്. ലബനീസ് ഭക്ഷണം ഏറെ ഇഷ്ടമാണ്. ഗ്രിൽ ചെയ്ത മാംസ വിഭവങ്ങളോടാണ് പ്രിയം കൂടുതൽ. അറബിക് റസ്റ്റോറന്റുകളിലെ ഷെഫുമാരുമായി സൗഹൃദം സ്ഥാപിക്കാനും റെസീപ്പി പഠിക്കാനും പിന്നീട് അവ പാചകം ചെയ്യാനും പഠിച്ചു. 
ഒലീവെണ്ണയും ഹുമ്മൂസും ചേർത്തുണ്ടാക്കുന്ന ലബനീസ് ഫുഡിന് ബദലായി കേരളത്തിൽ മയണൈസും കടലയരച്ചതും ചേർത്തുണ്ടാക്കുന്ന വിഭവങ്ങൾ ആരോഗ്യത്തിന് അത്ര നല്ലതല്ലെന്ന അഭിപ്രായവുമുണ്ട്, ഭക്ഷണം കലാപരമായി കഴിക്കുകുയും അതേക്കുറിച്ച് ആധികാരികമായി സംസാരിക്കുകയും ചെയ്യുന്ന കലേഷിന് ആട്, ബീഫ്, കോഴി മാംസം ഇഷ്ടമാണെങ്കിലും മൽസ്യ വിഭവമാണ് ഏറെ ഇഷ്ടം. മത്തിയും ചൂരയും ഏറെ പ്രിയം. അവ പല രീതിയിൽ പാചകം ചെയ്യാനും കലാപരമായി വിളമ്പാനും കലേഷിന് നല്ല മിടുക്കാണ്. തായ്‌ലാന്റിൽ പലവട്ടം പോയിട്ടുണ്ട്. തായ് വിഭവങ്ങൾ പാചകം ചെയ്യാനറിയാം. തേൾ, പാമ്പ്, പുഴു, പഴുതാര, പച്ചത്തുള്ളൻ, ഉറുമ്പ് എല്ലാം കഴിച്ചിട്ടുണ്ട്. ശ്രീലങ്കയിലെ കാൻഡിയിൽ ചെന്നപ്പോൾ ഇലയിൽ പൊതിഞ്ഞ ലംപ് റൈസ് കഴിച്ചത് നല്ല അനുഭവമായിരുന്നു. അതിന്റെ രുചി ഇപ്പോഴും നാവിൽ. തിരുനെല്ലിയിലെ കുട്ടേട്ടന്റെ പ്രസിദ്ധമായ ഉണ്ണിയപ്പത്തിന്റെ സ്വാദും വിട്ടുമാറാതെ നാവിനേയും മനസ്സിനേയും വിരുന്നൂട്ടുന്നു.
ഏത് വീട്ടിൽ ചെന്നാലും അടുക്കളയിൽ കയറാനുള്ള സ്വാതന്ത്ര്യമുണ്ടെന്നതാണ് ഇത്രയും കാലത്തെ ടെലിവിഷൻ ജീവിതം കൊണ്ട് കിട്ടിയ പല ഗുണങ്ങളിലൊന്നെന്ന് കലേഷ് പറയുന്നു. മലയാളി എവിടെയുണ്ടോ അവിടെയൊക്കെ ഞാൻ വളരെ പെട്ടെന്ന് സുപരിചിതനായിത്തീരുകയും ചെയ്തു. പാചകം തന്നെയാണ് എന്നെ ഈ നിലയിലേക്കുയർത്തിയത്. 
പ്രണയത്തിലൂടെ തന്റെ ജീവിതത്തിലേക്ക് കൂടെക്കൂട്ടിയ തിരുവനന്തപുരത്തുകാരി ദിവ്യയാണ് കലേഷിന്റെ സഹയാത്രിക. ദിവ്യ ടി.വി പ്രൊഡ്യൂസർ കൂടിയാണ്. മക്കൾ: വിദ്യാർഥികളായ ദക്ഷ, ദർഷ്.    

Latest News