ജിദ്ദ- സൗദി അറേബ്യയില്‍ മലയാളി യുവാവിന്റെ ടെലിഫോണ്‍ ഹാക്ക് ചെയ്ത് സൈബര്‍ തട്ടിപ്പുകാര്‍ പണം ആവശ്യപ്പെട്ടു. കാസര്‍കോട് സ്വദേശി ഷമീറാണ് ഇക്കാര്യം സമൂഹ മാധ്യമത്തില്‍ വീഡിയോ സന്ദേശത്തിലൂടെ വെളിപ്പെടുത്തിയത്.
സൗദിയില്‍നിന്നു തന്നെയുള്ള അജ്ഞാത നമ്പറില്‍നിന്നാണ് വിളിച്ചതെന്ന് ഷമീര്‍ പറയുന്നു. ഇതോടൊപ്പം എസ്.എം.എസും ലഭിച്ചു.
ഫോണ്‍ ഹാക്ക് ചെയ്തു കഴിഞ്ഞുവെന്നും ഫോണിലെ ഡാറ്റകള്‍ തിരികെ ലഭിക്കണമെങ്കില്‍ ആയിരം റിയാല്‍ നല്‍കണമെന്നുമാണ് തട്ടിപ്പുകാര്‍ അറിയിച്ചത്.
സ്മാര്‍ട്ട് ഫോണില്‍ ഉണ്ടായിരുന്ന വാട്‌സാപ്പ് മാത്രമാണ് ആദ്യം ഹാക്ക് ചെയ്തതെന്ന് ഷമീര്‍ സന്ദേശത്തില്‍ പറയുന്നു. ആയിരം റിയാല്‍ ആവശ്യപ്പെട്ടയുടന്‍ ഫോട്ടോകളും മറ്റും ചോര്‍ന്നു പോകാതിരിക്കാന്‍ ഫോണ്‍ ഫോര്‍മാറ്റ് ചെയ്തു. ഇതോടെ ഫോണിലുണ്ടായിരുന്ന മുഴുവന്‍ ഫോട്ടോകളും ഡാറ്റകളും നഷ്ടമായി.
ഇതിനു പിന്നാലെ തന്റെ നമ്പറില്‍നിന്ന് സൗദി സ്ത്രീകളടക്കമുള്ളവര്‍ക്ക് കോളുകളും എസ്.എം.എസും പോയതായും ഷമീര്‍ പറയുന്നു. പലരും തിരിച്ചുവിളിച്ചതോടെ ഫോണ്‍ കമ്പനിയില്‍ പോയി നമ്പര്‍ റദ്ദാക്കുകയായിരുന്നു.
ജിദ്ദയില്‍ ഇത്തരത്തിലുള്ള ധാരാളം പരാതികള്‍ ലഭിക്കുന്നതായി പോലീസ് പറഞ്ഞതായും ഷമീര്‍ പറയുന്നു.