മുംബൈ- ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗിയെയും ആർ.എസ്.എസ് മേധാവി മോഹൻ ഭഗവതിനെയും സോഷ്യൽ മീഡിയയിൽ വിമർശിച്ച റാപ് ഗായികയെ രാജ്യദ്രോഹക്കുറ്റത്തിന് അറസ്റ്റ് ചെയ്തു.
യു.കെയിൽ താമസിക്കുന്ന ഹർദ് കൗർ എന്നറിയപ്പെടുന്ന ഇന്ത്യൻ ഗായിക തരൺ കൗർ ധില്ലൻ ആണ് അറസ്റ്റിലായത്. വാരണാസിയിൽ നിന്നുള്ള അഭിഭാഷകൻ ശശാങ്ക് ശേഖറാണ് ഹർദിനെതിരെ എഫ്.ഐ.ആർ ഫയൽ ചെയ്തത്.
ഐപിസി സെക്ഷൻ 124A (രാജ്യദ്രോഹം), 153 എ (മതത്തിന്റെ അടിസ്ഥാനത്തിൽ വിവിധ ഗ്രൂപ്പുകൾ തമ്മിലുള്ള ശത്രുത പ്രോത്സാഹിപ്പിക്കുക), 500 (അപകീർത്തിപ്പെടുത്തൽ), 505 (പ്രചോദനാത്മക ഉദ്ദേശം), ഐടി നിയമത്തിലെ സെക്ഷൻ 66 എന്നിവയാണ് ഇവരുടെ മേൽ ചുമത്തിയിട്ടുള്ള വകുപ്പുകൾ.
യോഗിയെ 'ഓറഞ്ച് ബലാത്സഗക്കാരൻ' എന്ന് വിളിച്ച ഇവർ മോഹൻ ഭഗവത് ഭീകരവാദിയും വംശീയ വാദിയും ആണെന്ന് സോഷ്യൽ മീഡിയയിലൂടെ ആരോപിച്ചിരുന്നു. പുൽവാമ, മുംബൈ എന്നിവയടക്കമുള്ള ഭീകരാക്രമണങ്ങൾക്ക് പിന്നിൽ ആർ.എസ്.എസ്സാണെന്നും യു.പി മുഖ്യമന്ത്രി സൂപ്പർ ഹീറോ അല്ല, ഓറഞ്ച് ബലാൽസംഗക്കാരനാണെന്നും ഹർദ് ആരോപിച്ചു. കൊല്ലപ്പെട്ട മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷിന്റെ ചിത്രവും എസ്.എം മുശ്രിഫിന്റെ 'കൽക്കറെയെ കൊന്നതാര്' എന്ന പുസ്തകത്തിന്റെ മുഖചിത്രവും ഇവർ അതിനോടൊപ്പം പോസ്റ്റ് ചെയ്തിരുന്നു.
കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.