Sorry, you need to enable JavaScript to visit this website.

ഒറ്റ തെരഞ്ഞെടുപ്പ്:  യോഗം അഞ്ച് പാര്‍ട്ടികള്‍ ബഹിഷ്‌കരിച്ചു, പ്രത്യേക സമിതി വരുന്നു

ദൽഹിയിൽ ചേർന്ന സർവകക്ഷി യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവർ

ന്യൂദൽഹി-  ഒരു രാജ്യം, ഒറ്റ തെരഞ്ഞെടുപ്പ് എന്ന വിഷയത്തിൽ നിർദേശങ്ങൾ സമർപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രത്യേക സമിതിക്ക് രൂപം നൽകും. 
പ്രധാനമന്ത്രി മോഡി വിളിച്ചു ചേർത്ത സർവകക്ഷി യോഗത്തിനു ശേഷം പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗാണ് ഇക്കാര്യം വ്യക്തമാക്കിയത്. 
വിഷയത്തിൽ സിപിഎമ്മിനും സിപിഐക്കും വ്യത്യസ്ത നിലപാടാണുള്ളത്. എന്നാൽ അവരും ആശയത്തെ എതിർത്തില്ലെന്ന് രാജ്‌നാഥ് സിംഗ് കൂട്ടിച്ചേർത്തു. ഒഡിഷ മുഖ്യമന്ത്രിയും ബിജെഡി നേതാവുമായ നവീൻ പട്‌നായിക് യോഗത്തിൽ അൽപസമയം പങ്കെടുത്ത് മടങ്ങി. 'ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്' എന്ന ആശയത്തോട് യോജിക്കുന്നുവെന്ന് നവീൻ പട്‌നായിക് വ്യക്തമാക്കി. സമാധാനം, അഹിംസ എന്നീ വാക്കുകൾ ഭരണഘടനയുടെ ആമുഖത്തിൽ ചേർക്കണമെന്നും യോഗത്തിൽ ആവശ്യപ്പെട്ടതായും നവീൻ പട്‌നായിക് കൂട്ടിച്ചേർത്തു. 
പ്രധാനമന്ത്രി നരേന്ദ്ര മോഡി വിളിച്ച സർവകക്ഷി യോഗം പ്രതിപക്ഷ പാർട്ടികൾ ബഹിഷ്‌കരിച്ചു. പ്രധാന പ്രതിപക്ഷ പാർട്ടികൾ കൂട്ടത്തോടെ ബഹിഷ്‌കരിച്ച യോഗത്തിൽ കോൺഗ്രസും തൃണമൂൽ കോൺഗ്രസും ഉൾപ്പെടെ അഞ്ച് പാർട്ടികൾ യോഗത്തിനെത്തിയില്ല. 
ദൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, ബഹുജൻ സമാജ്‌വാദി പാർട്ടി അധ്യക്ഷ മായാവതി, തൃണമൂൽ നേതാവും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി, മുൻ ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു, ഡിഎംകെ അധ്യക്ഷൻ എം കെ സ്റ്റാലിൻ എന്നിവരാണ് കോൺഗ്രസിനു പുറമെ യോഗത്തിൽ നിന്ന് വിട്ടുനിന്നത്. വോട്ടിംഗ് യന്ത്രവുമായി ബന്ധപ്പെട്ട യോഗമായിരുന്നുവെങ്കിൽ പങ്കെടുക്കാമായിരുന്നുവെന്ന് ബി.എസ്.പി അധ്യക്ഷ മായാവതി പറഞ്ഞു.
ജെഡിയു നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ, നാഷണൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുല്ല, അകാലിദൾ നേതാവ് സുഖ്ബീർ സിംഗ്  യാദവ്, പിഡിപി നേതാവ് മെഹ്ബൂബ മുഫ്തി, ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി എന്നീ നേതാക്കളും എൻസിപിയുടെയും ഡിഎംകെയുടെയും മുസ്‌ലിം ലീഗിന്റെയും പ്രതിനിധികളും യോഗത്തിനെത്തി. രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തിന് വിരുദ്ധമാണ് ഈ നീക്കമെന്നാണ് പ്രതിപക്ഷ കക്ഷികൾ ആരോപിക്കുന്നത്. തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾക്കായി വേണ്ടിവരുന്ന സമയവും പണച്ചെലവും കുറയ്ക്കുക എന്ന ലക്ഷ്യം മുന്നിൽ കണ്ടാണ് ഒറ്റ തെരഞ്ഞെടുപ്പ് എന്ന ആശയം ബിജെപി മുന്നോട്ടു വെയ്ക്കുന്നത്.

Latest News