ന്യൂ യോർക്ക് - നോട്ട് സീരീസിലെ ഏറ്റവും പുതിയ മോഡലായ ഗാലക്‌സി നോട്ട് 10 ഓഗസ്റ്റിൽ ന്യൂയോർക്കിൽ റിലീസ് ചെയ്യും. രണ്ടു വകഭേദങ്ങളായാണ് മോഡൽ അവതരിപ്പിക്കുന്നത്. സാധാരണ നോട്ട് 10 ഉം ഗാലക്‌സി നോട്ട് 10 പ്രോയും. രണ്ടു വകഭേദങ്ങളിലും 4 ജിയും 5 ജിയും ഉണ്ടായിരിക്കും.
പുതിയ ഗാലക്സി നോട്ട് 10 വശങ്ങളിൽ വളവോടു കൂടിയ ഡിസ്‌പ്ലെ ഉണ്ടാകുമെന്ന് സൂചനയുണ്ട്. ഫോണിന്റെ താഴത്തെ വശത്തായി ഇൻ-ഡിസ്‌പ്ലെ ഫിംഗർ പ്രിന്റ് സ്കാനറും ഉണ്ടാകും.
2011 ലാണ് സാംസങ്ങിന്റെ ഗാലക്‌സി നോട്ട് ഫാബ്‌ലെറ്റ് ലൈൻ ആദ്യമായി അവതരിപ്പിക്കുന്നത്. അതിനുശേഷമാണ് എല്ലാ വർഷവും പ്രത്യേകമായി നോട്ട് സീരീസുകളുടെ ലോഞ്ചിങ് പരിപാടികൾ കമ്പനി നടത്തി തുടങ്ങിയത്. ആദ്യനോട്ടിന് സ്‌ക്രീൻ വലുപ്പം വെറും 5.3 ഇഞ്ചായിരുന്നെങ്കിൽ, അവസാനമിറങ്ങിയ നോട്ട് 9 ന് 6.4 ഇഞ്ച് ഡിസ്‌പ്ലേയാണുള്ളത്. ഹെഡ്‌ഫോൺ ജാക്ക്, ബിക്‌സ്‌ബി ബട്ടൺ എന്നിവ ഒഴിവാക്കി കൊണ്ട് 5 ജി ഗാലക്‌സി നോട്ട് ആകും ഇത്തവണ അവതരിപ്പിക്കുക.
മുകളിലും താഴെയുമുള്ള സുതാര്യമായ ഫോൺ കവറിങ് ഒഴിവാക്കിക്കൊണ്ടാകും നോട്ട് 10 അവതരിപ്പിക്കുക എന്നും സൂചനയുണ്ട്. ഗാലക്‌സി എസ് സീരീസുകളിൽ നിന്ന് വിഭിന്നമായി മുകളിലുള്ള ഹോൾ പഞ്ച് മധ്യഭാഗത്താക്കാനും സാധ്യതയുണ്ട്. നോട്ട് 10 പ്രോയ്ക്ക് 6.75 ഇഞ്ച് വലുപ്പമുള്ള ഡിസ്‌പ്ലേയും സാധാരണ നോട്ട് 10 ന് 6.3 ഇഞ്ച് ഡിസ്‌പ്ലേയും പ്രതീക്ഷിക്കുന്നു. നോട്ട് 10 പ്രോയ്ക്ക് 19: 9 വീക്ഷണ അനുപാതവും 1440x3040 പിക്‌സൽ റെസല്യൂഷനും ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വർഷാവർഷങ്ങളിലെ പുതിയ ഉപഭോക്താക്കളുടെ കുത്തൊഴുക്ക് കുറഞ്ഞ് സ്മാർട്ട് ഫോൺ വ്യവസായത്തിന് മങ്ങലേറ്റു കൊണ്ടിരിക്കുന്ന സമയത്താണ് സാംസങ് ഗാലക്‌സി നോട്ട് 10 അവതരിപ്പിക്കുന്നത്. അടുത്തിടെ ഇറങ്ങിയ സാംസങ് ഗാലക്‌സി ഫോൾഡബിൾ സ്മാർട്ട് ഫോണുകൾ സ്‌ക്രീൻ തകരാറിലാകുന്ന പരാതികളെ തുടർന്നുള്ള പേരുദോഷവും സാംസങ്ങിനുണ്ട്. പക്ഷേ, അമേരിക്കയിലെ ഹുവാവെ നിരോധനം കൊണ്ടുണ്ടായിട്ടുള്ള വലിയ വിടവ് സാംസങ് നോട്ട് 10 കൊണ്ട് പൂരിപ്പിക്കാമെന്ന പ്രതീക്ഷയിലാണ് കമ്പനി.