Sorry, you need to enable JavaScript to visit this website.

ലിബ്ര കറന്‍സിയുമായി ഫേസ്ബുക്ക്; സംശയത്തോടെ ലോകം

ലിബ്ര എന്ന പേരില്‍ ക്രിപ്‌റ്റോകറന്‍സി ആരംഭിക്കാനുള്ള പദ്ധതി ഫേസ് ബുക്ക് പ്രഖ്യാപിച്ചു. സമൂഹമാധ്യമത്തില്‍നിന്ന് ഇ കൊമേഴ്‌സിലേക്കും ആഗോള പേയ്‌മെന്റ് സംവിധാനത്തിലേക്കുമാണ് ഫേസ്ബുക്ക് ഇതോടെ ചുവടുവെക്കുന്നത്.
ജനീവ ആസ്ഥാനമായുളള ലിബ്ര അസോസിയേഷനിലേക്ക് 28 പങ്കാളികളെ ഫേസ്ബുക്ക് ബന്ധിപ്പിച്ചിട്ടുണ്ട്. ഈ അസോസിയേഷനാണ് ഫേസ് ബുക്കിന്റെ പുതിയ ഡിജിറ്റല്‍ നാണയമായ ലിബ്രയെ നിയന്ത്രിക്കുക. 2020 ന്റെ ആദ്യ പകുതിയില്‍ ലിബ്ര പുറത്തിറക്കാനാണ് പദ്ധതിയെന്ന് ഫേസ്ബുക്ക് എക്‌സിക്യൂട്ടീവുകളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
ലിബ്ര ഡിജിറ്റല്‍ നാണയം ശേഖരിക്കാനും അയക്കാനും ചെലവഴിക്കാനും കാലിബ്ര എന്ന പേരിലുള്ള ഡിജിറ്റല്‍ വാലറ്റും ഫേസ്ബുക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.

 

http://malayalamnewsdaily.com/sites/default/files/2019/06/19/p11fbcryptojun19.jpg

100 കോടിയിലേറെ ഉപയോക്താക്കളുള്ള ഫേസ്ബുക്കിന്റെ തന്നെ സമൂഹമാധ്യമങ്ങളായ വാട്‌സാപ്പുമായും മെസഞ്ചറുമായും കാലിബ്രയെ ബന്ധിപ്പിക്കും. കാലിഫോര്‍ണിയയിലെ മെന്‍ലോ പാര്‍ക്ക് ആസ്ഥാനമാക്കിയുള്ള കമ്പനി വലിയ പത്രീക്ഷകളോടെയാണ് ലിബ്ര ഡിജിറ്റല്‍ നാണയം ആരംഭിക്കുന്നതെങ്കിലും ഉപയോക്താക്കളുടെ സ്വകാര്യത ഉള്‍പ്പെടുന്ന വിഷയമായതിനാല്‍ ഏതൊക്കെ രാജ്യങ്ങള്‍, എന്തൊക്കെ നിയന്ത്രണങ്ങള്‍ കൊണ്ടുവരുമെന്ന് കണ്ടറിയണം.

ക്രിപ്‌റ്റോ കറന്‍സിക്ക് പല രാജ്യങ്ങളും അംഗീകാരം നല്‍കിയിട്ടില്ല. നിലവിലുള്ള ക്രിപ്‌റ്റോകറന്‍സികള്‍ ഊഹങ്ങളുടെ അടിസ്ഥാനത്തില്‍ വന്‍വിപണി മൂല്യം നേടുകയും തകര്‍ന്നടിയുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യയിലെ റിസര്‍വ് ബാങ്ക് അടക്കം പല രാജ്യങ്ങളിലേയും കേന്ദ്ര ബാങ്കുകള്‍ ഡിജിറ്റല്‍ കറന്‍സിക്കെതിരെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ലോകത്ത് നിലവിലുളള ബാങ്ക് ഇടപാടുകാര്‍ക്കും ബിസിനസ് സ്ഥാപനങ്ങള്‍ക്കുമപ്പുറം ബാങ്കിംഗ് സേവനങ്ങള്‍ ഉപയോഗിക്കാത്തവരെയാണ് ലക്ഷ്യമിടുന്നതെന്ന് ഫേസ്ബുക്ക് ഉദ്യോഗസ്ഥര്‍ പറയുന്നു. ലിബ്രയിലൂടെ ആദ്യമായി സാമ്പത്തിക സേവനങ്ങളിലേക്ക് വരുന്നവരിലാണ് കമ്പനി ഉറ്റുനോക്കുന്നത്.

റോമന്‍ തൂക്കം, ജ്യോതിശ്ശാസ്ത്രത്തിലെ നീതിയുടെ ചിഹ്നം, സ്വാതന്ത്ര്യം എന്ന അര്‍ഥം വരുന്ന ഫ്രഞ്ച് വാക്ക് എന്നിവയില്‍നിന്നാണ് ലിബ്ര എന്ന പേരിന്റെ ഉത്ഭവമെന്ന് ഫേസ് ബുക്ക് പദ്ധതിയുടെ ചുമതലയേറ്റിരിക്കുന്ന മുന്‍ പേപാല്‍ എക്‌സിക്യുട്ടീവ് ഡേവിഡ് മാര്‍ക്കസ് പറയുന്നു. സ്വാതന്ത്ര്യം, നീതി, പണം ഇതാണ് തങ്ങള്‍ യഥാര്‍ഥത്തില്‍ മുന്നോട്ടുവെക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ലിബ്രയുടെ പ്രഖ്യാപനം ഫേസ്ബുക്കിന്റെ ഷെയര്‍ നിരക്ക് വര്‍ധിക്കാന്‍ പ്രചോദനമായിട്ടുണ്ട്. മെസേജിംഗ് സേവനങ്ങള്‍ക്കു പുറത്ത് ഇടപാടുകളിലൂടെയും പേയ്‌മെന്റിലൂടെയും വരുമാനമുണ്ടാക്കാനാകുമെന്നാണ് ഫേസ്ബുക്ക് കണക്കു കൂട്ടൂന്നത്. ചൈനയിലെ സമൂഹ മാധ്യമ ആപ്ലിക്കേഷനായ വി ചാറ്റാണ് ഇതിനു മാതൃക.

നിരവധി വിവാദങ്ങളാല്‍ വിമര്‍ശനം നേരിടുമ്പോഴാണ് ഫേസ് ബുക്ക് പുതിയ ഡിജിറ്റല്‍ നാണയ പദ്ധതിയുമായി രംഗത്തുവരുന്നത്. ഉപഭോക്തൃ സംരക്ഷണ സംഘടനകളില്‍നിന്നും ജനപ്രതിനിധികളില്‍നിന്നും സ്വകാര്യത സംരക്ഷിക്കുന്നതിനായി രംഗത്തുള്ള പൗരാവകാശ പ്രവര്‍ത്തകരില്‍നിന്നും ശക്തമായ എതിര്‍പ്പ് ലിബ്ര പദ്ധതി നേരിടെണ്ടി വരുമെന്ന കാര്യം ഉറപ്പാണ്.

നിയന്ത്രണമില്ലാത്ത ക്രിപ്‌റ്റോ കറന്‍സികളുടെ ലോകത്തേക്ക് വരുന്ന ഫേസ് ബുക്കിനോട് നിയമനിര്‍മാതാക്കളും വിവിധ രാജ്യങ്ങളിലെ റഗുലേറ്ററി സംവിധാനങ്ങളും ഏങ്ങനെ പ്രതികരിക്കുമെന്ന് വ്യക്തമായിട്ടില്ല. ഉപയോക്താക്കളുടെ ഡാറ്റ കൈാകര്യം ചെയ്തതില്‍ വന്‍ പരാജയമാണ് ഫേസ് ബുക്ക്. ഉപയോക്താക്കളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളടക്കമുളള രഹസ്യ വിവരങ്ങള്‍ ചോര്‍ത്താന്‍ അനുവദിച്ചിതിനും 2016 ലെ യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് വ്യാജപ്രചാരണങ്ങള്‍ നടത്താന്‍ അനുവദിച്ചതിനും ഫേസ് ബുക്കിനെതിരെ ഇപ്പോഴും മുറവിളികള്‍ തുടരുകയാണ്.

മയക്കുമരുന്ന് വില്‍പന, കള്ളപ്പണം വെളുപ്പിക്കല്‍, ഭീകര പ്രവര്‍ത്തനത്തിനുള്ള ഫണ്ടിംഗ് തുടങ്ങി നിരവധി ആരോപണങ്ങള്‍ നേരിടുന്ന ക്രിപ്‌റ്റോ കറന്‍സി മേഖലയില്‍ പോയ വര്‍ഷങ്ങളില്‍ കോടിക്കണക്കിന് ഡോളറാണ് നിക്ഷേപകര്‍ക്ക് നഷ്ടമായത്. മൂല്യവ്യത്യാസത്തിനു പുറമെ, സൈബര്‍ കൊള്ളക്കാരും ഡിജിറ്റല്‍ കറന്‍സികള്‍ തട്ടിയെടുത്തു. ക്രിപ്‌റ്റോ കറന്‍സികള്‍ നിയന്ത്രിക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കണമെന്ന് ജര്‍മന്‍ പ്രതിനിധി മാര്‍ക്കസ് ഫെബര്‍  യൂറോപ്യന്‍ പാര്‍ലമെന്റനോട് ആവശ്യപ്പെട്ടിരുന്നു. 200 കോടിയോളം വരുന്ന ഉപയോക്താക്കളെ പ്രതീതി നാണയങ്ങളുടെ അപകടത്തിലേക്ക് തള്ളിവിടാന്‍ ഫേസ് ബുക്ക് തീരുമാനിച്ചിരിക്കെ ക്രിപ്‌റ്റോ കറന്‍സികള്‍ നിയന്ത്രിക്കാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിതെന്നാണ് അദ്ദേഹം പറയുന്നത്.

അമേരിക്കയിലേയും വിദേശ രാജ്യങ്ങളിലേയും നിക്ഷേപ നിയന്ത്രണ അധികൃതരുമായി ചര്‍ച്ച ആരംഭിച്ചിട്ടുണ്ടെന്നാണ് ഫേസ്ബുക്ക് എക്‌സിക്യുട്ടീവുകള്‍ വെളിപ്പെടുത്തുന്നത്. ഏതൊക്കെ രാജ്യങ്ങളുമായി ബന്ധപ്പെട്ടുവെന്നോ ലൈസന്‍സ് അപേക്ഷ നല്‍കിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളൊന്നും കമ്പനി വെളിപ്പെടുത്തിയിട്ടില്ല. ലിബ്രയെ പരസ്യപ്പെടുത്തുന്നതിലൂടെ ആഗോള റുഗലേറ്റര്‍ സംവിധാനങ്ങളെ ചര്‍ച്ചയിലേക്ക് കൊണ്ടുവരാന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്ന് ലിബ്ര വക്താവ് കെവിന്‍ വെയില്‍ പറഞ്ഞു.

ലിബ്ര പദ്ധതിയുമായി ബന്ധപ്പെട്ടതായി സ്വിസ് സാമ്പത്തിക നിരീക്ഷണ ഏജന്‍സിയായ ഫിന്‍മ വെളിപ്പെടുത്തിയിട്ടുണ്ടെങ്കിലും  ലൈസന്‍സിനു ശ്രമിക്കുകയാണോ എന്ന കാര്യം അവരും വ്യക്തമാക്കിയിട്ടില്ല.

 

Latest News