കൊച്ചി-മികച്ച നടനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം നേടിയ വിനായകനെ പൊലീസ് ഉടന്‍ അറസ്റ്റ് ചെയ്‌തേക്കും. ദളിത് ആക്ടിവിസ്റ്റും സാമൂഹ്യ പ്രവര്‍ത്തകയുമായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടിയ്ക്ക് ഒരുങ്ങുന്നത്. കേസില്‍ യുവതിയുടെ മൊഴി കഴിഞ്ഞ ദിവസം കല്‍പ്പറ്റ പോലീസ് രേഖപ്പെടുത്തിയിരുന്നു. ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്ന നിലപാടുകള്‍ തന്നെയാണ് യുവതി മൊഴിയിലും രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടൊപ്പം ഫോണ്‍ സന്ദേശത്തിന്റെ റെക്കോര്‍ഡും യുവതി നല്‍കിയിട്ടുണ്ട്. ഫോണ്‍ സംഭാഷണത്തിന്റെ കൂടുതല്‍ തെളിവുകള്‍ സൈബര്‍സെല്‍ വഴിയും ശേഖരിക്കുന്നുണ്ട്.ഈ സാഹചര്യത്തില്‍, സ്ത്രീകളോട് അപമര്യാദയായി പെരുമാറി, ലൈംഗിക ചുവയോടെ സംസാരിച്ചു എന്നിങ്ങനെ വകുപ്പുകളാണ് നടനെതിരെ ചുമത്തിയിരിക്കുന്നത്.ഐപിസി 509, 294 ബി, കെപിഎ 120 എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ശക്തമായ വകുപ്പുകള്‍ ചുമത്തി വിനായകനെ അറസ്റ്റ് ചെയ്യേണ്ടി വരുമെന്ന് തന്നെയാണ് പൊലീസ് പറയുന്നത്. തന്റെ ഫേസ്ബൂക്കിലൂടെയാണ് യുവതി ആദ്യം വിനായകനെതിരെ വെളിപ്പെടുത്തല്‍ നടത്തിയത്. ബിജെപിയ്‌ക്കെതിരെ സംസാരിച്ച വിനായകനെതിരെ സൈബര്‍ ആക്രമണം നടക്കുന്ന പശ്ചാത്തലത്തിലായിരുന്നു വെളിപ്പെടുത്തല്‍. ഒരു പരിപാടിക്ക് ക്ഷണിക്കുന്നതിനായി വിനായകനെ ഫോണില്‍ വിളിച്ചപ്പോഴായിരുന്നു സംഭവം. ഫോണിലൂടെ കൂടെ കിടക്കാമോയെന്നും അമ്മയെ കൂടി വേണമെന്നും വിനായകന്‍ പറഞ്ഞെന്നാണ് യുവതി പറയുന്നത്.