ലഖ്നൗ- കൊടുംചൂടില്‍ കുടിക്കാന്‍ ഒരു തുള്ളി ശുദ്ധജലമില്ലാത്ത ഹത്രാസ് ഗ്രാമത്തിലെ കുടുംബം തങ്ങള്‍ക്ക് ജീവന് അവസാനിപ്പിക്കാന്‍ അവസരം നല്‍കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കത്തെഴുതി. 'തങ്ങളുടെ നിലനില്‍പ്പിന് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതിനാല്‍ ജീവിതം അവസാനിപ്പിക്കാന്‍ അനുമതി തേടിയാണ് കത്ത്. എംബിഎക്കാരനായ ചന്ദ്രപാല്‍ സിംഗാണ് മോഡിക്ക് കത്തെഴുതിയിരിക്കുന്നത്. വീട്ടില്‍ കുടിവെള്ള പൈപ്പ് കണക്ഷന് പണമുണ്ടാക്കാനായി മാസങ്ങള്‍ക്ക് മുന്‍പ് റിപ്പബ്ലിക്ക് ദിനത്തില്‍ സ്വന്തം ശരീരം ലേലത്തിന് ഇദ്ദേഹം വെച്ചിരുന്നു. എന്നാല്‍ പ്രാദേശിക ഭരണകൂടം അനുമതി നിഷേധിച്ചതിനാല്‍ ഈ പ്രതിഷേധം നടത്താന്‍ ആയില്ല. കത്തിന് പുറമേ ഹസായന്‍ ബ്ലോക്കിലെ നാഗ്ലമായയിലെ താമസക്കാരനായ ചന്ദ്രപാല്‍ ഒരു വീഡിയോയും പങ്കു വെച്ചിരുന്നു. വീഡിയോയില്‍ അദ്ദേഹത്തിന്റെ പ്രായപൂര്‍ത്തിയാകാത്ത മകള്‍ ഇനിയും തങ്ങള്‍ക്ക് ഉപ്പ് കലര്‍ന്ന വെള്ളം കുടിക്കാനാകില്ലെന്നും അതിനാല്‍ മരിക്കാന്‍ അനുവാദം നല്‍കണമെന്നും ആവശ്യപ്പെടുന്നു. സ്വാതന്ത്ര്യം ലഭിച്ച് 72 വര്‍ഷത്തിന് ശേഷവും കുടിവെള്ളത്തിനായി കിലോമീറ്ററുകളോളം യാത്ര ചെയ്യേണ്ടി വരുന്നത് ദൗര്‍ഭാഗ്യകരമാണെന്നും ചന്ദ്രപാല്‍ വീഡിയോയില്‍ പറയുന്നു. ദിവസവും വേദന അനുഭവിക്കുന്നതിനേക്കാള്‍ നല്ലത് മരിക്കുന്നതാണ്. കഴിഞ്ഞ രണ്ടു വര്‍ഷമായി ഈ പ്രശ്നം ഞങ്ങള്‍ അനുഭവിക്കുന്നു. ആരും ഇത് പരിഹരിക്കാന്‍ ശ്രമിക്കുന്നില്ല. വീഡിയോ ക്ലിപ്പില്‍ വ്യക്തമാക്കി.