വികാസ്പുരി - വിവാഹം കഴിക്കാൻ താല്പര്യമില്ലെന്ന് അറിയിച്ച കാമുകന്റെ മുഖത്ത് യുവതി ആസിഡൊഴിച്ചു. ദൽഹിക്കടുത്ത് വികാസ്പുരിയിലാണ് സംഭവം. കാമുകനൊപ്പം ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവതി, ഹെൽമറ്റ് മാറ്റാനാവശ്യപ്പെടുകയായിരുന്നു. മാറ്റിയ ഉടനെ മുഖത്തേക്ക് ആസിഡ് ഒഴിച്ചുവെന്ന് യുവതി പോലീസിനോട് പറഞ്ഞു.
ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ഇവർക്ക് നേരെ ആരോ ആസിഡ് ഒഴിച്ചു എന്നായിരുന്നു പൊലീസിന് കിട്ടിയ വിവരം. ആശുപത്രിയിൽ, എത്തിയ പോലീസ്, യുവതിക്ക് കാര്യമായ പൊള്ളലുകൾ ഏറ്റിട്ടില്ലെന്ന് മനസിലാക്കി ചോദ്യം ചെയ്യുകയായിരുന്നു. യുവതിയുടെ കൈകളിൽ ചെറിയ പരിക്കുകൾ മാത്രമേ ഉണ്ടായിരുന്നുള്ളു. യുവാവിന്റെ മുഖത്തും കഴുത്തിലും നെഞ്ചിലും സാരമായ പൊള്ളലേറ്റിട്ടുണ്ട്.
മൂന്നു വർഷമായി ഇരുവരും പ്രണയത്തിലായിരുന്നു. വിവാഹം കഴിക്കാനാവില്ലെന്നും ബന്ധം മതിയാക്കണമെന്നും യുവാവ് ആവശ്യപ്പെട്ടതായി ഇവർ പറയുന്നു. വിവാഹത്തിൽ ഉറച്ചു നിന്ന യുവതി ആക്രമണം ആസൂത്രണം ചെയ്യുകയായിരുന്നു.
യുവതിയുടെ വീട്ടിൽ നിന്ന് ആസിഡിന്റെ അവശിഷ്ടങ്ങൾ പോലീസ് കണ്ടെടുത്തു. ഇവരെ അറസ്റ്റ് ചെയ്ത് അന്വേഷണം തുടങ്ങിയതായി ഡെപ്യുട്ടി പോലീസ് കമ്മീഷണർ മോണിക്ക ഭരദ്വാജ് അറിയിച്ചു.