ന്യൂദൽഹി- ദൽഹി മെട്രോയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ച എ.എ.പി സർക്കാരിന്റെ നീക്കത്തിനെതിരെ മുന്നറിയിപ്പുമായി പ്രധാനമന്ത്രിക്ക് "മെട്രോ മാൻറെ" കത്ത്. മെട്രോ സംവിധാനം പാപ്പരാകാനേ ഈ നീക്കം വഴിവയ്ക്കുകയുള്ളൂ എന്ന് മുൻ ദൽഹി മെട്രോ മേധാവി കൂടിയായ ഇ.ശ്രീധരൻ പ്രധാനമന്ത്രിക്ക് എഴുതി.
പ്രധാനമന്ത്രിയോട് കെജ്‌രിവാൾ സർക്കാരിന്റെ ഈ തീരുമാനം അംഗീകരിക്കരുതെന്ന് കത്തിൽ അഭ്യർത്ഥിച്ചിട്ടുണ്ട്. "ദൽഹി മെട്രോയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കാനുള്ള നീക്കം അനുവദിക്കരുതെന്ന്
വളരെ ഗൗരവമായി ഞാൻ അങ്ങയോട് അപേക്ഷിക്കുകയാണ്" കത്തിൽ പറയുന്നു. 2002 ൽ ദൽഹി മെട്രോ തുടങ്ങുമ്പോൾ, യാത്രയ്ക്കായി എല്ലാവരിൽ നിന്നും
ടിക്കറ്റ് വില ഈടാക്കും എന്ന വ്യവസ്ഥയുണ്ടായിരുന്നു. അന്നത്തെ പ്രധാനമന്ത്രിയായിരുന്ന അടൽ ബിഹാരി വാജ്‌പേയി ടിക്കറ്റ് എടുത്താണ് ആദ്യമായി മെട്രോയിൽ യാത്ര ചെയ്തത് എന്നും ശ്രീധരൻ ഓർമിപ്പിച്ചു.
ദൽഹി ഗവൺമെന്റിന്റെയും കേന്ദ്രത്തിന്റെയും സംയുക്ത സംരംഭമാണ് ദൽഹി മെട്രോ റെയിൽ കോർപറേഷൻ (ഡി.എം.ആർ.സി). ഏകപക്ഷീയമായി ഒരു കക്ഷിക്ക് തീരുമാനം എടുക്കാനുള്ള അധികാരമില്ലെന്നും പകുതിയോളം യാത്രക്കാർക്ക് സൗജന്യ യാത്ര അനുവദിച്ചാൽ,അധികം താമസിയാതെ മെട്രോ സംവിധാനം കാര്യക്ഷമമല്ലാതാകുകയും പാപ്പരാകുകയും ചെയ്യുമെന്ന് ശ്രീധരൻ കത്തിൽ വ്യക്തമാക്കുന്നു.
അതെ സമയം, സ്ത്രീ യാത്രക്കാരുടെ ടിക്കറ്റിന്റെ പണം ദൽഹി സർക്കാർ അടയ്ക്കാനാണ് തീരുമാനമെന്നാണ് ശ്രീധരന്റെ കാഴ്ചപ്പാടിനോടുള്ള എ.എ.പി യുടെ പ്രതികരണം.