ബിഷ്‌കെക്(കിർഗിസ്ഥാൻ)- പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇംറാൻ ഖാൻ നയതന്ത്ര വേദിയിൽ വീണ്ടും അബദ്ധം സംഭവിച്ചു. കിർഗിസ്ഥാൻ തലസ്ഥാനമായ ബിഷ്‌കെകിൽ നടക്കുന്ന ഷാങ്ഹായി കോപ്പറേഷൻ ഓർഗനൈസേഷൻ (എസ്.സി.ഒ) ഉച്ചകോടിയിലാണ് സംഭവം. രാജ്യതലവൻമാർ സമ്മേളനഹാളിലേക്ക് കടന്നുവരുമ്പോൾ എല്ലാവരും എഴുന്നേറ്റ്‌നിന്ന് സ്വാഗതം ചെയ്യുകയായിരുന്നു. എന്നാൽ, ഇംറാൻ ഖാൻ മാത്രം ഈ സമയത്ത് ഇരിക്കുന്നതിന്റെ വീഡിയോയാണ് പുറത്തുവന്നത്. പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി തന്നെയാണ് ഈ വീഡിയോ ഔദ്യോഗിക ട്വിറ്ററിൽ പങ്കുവെച്ചത്. അധികം വൈകാതെ ഇതിനെതിരെ വിവിധ കോണുകളിൽനിന്ന് പ്രതിഷേധമുയർന്നു.