ന്യൂദൽഹി - ഓൺലൈനിൽ ഭക്ഷണം ഓർഡർ ചെയ്തു കാത്തുനിന്ന യുവാവ് അജ്ഞാതന്റെ വെടിയേറ്റ് മരിച്ചു. ദൽഹി വികാസ്പുരിയിൽ താമസിക്കുന്ന അമിത് കോച്ചാർ (35) ആണ് മരിച്ചത്.കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം.
സുഹൃത്തിനൊപ്പം മൊബൈൽ ആപ്പിൽ ഭക്ഷണം ഓർഡർ ചെയ്ത് കാത്തിരിക്കുകയായിരുന്നു അമിത്. കോളിംഗ് ബെൽ മുഴങ്ങിയപ്പോൾ ഭക്ഷണമാണെന്നു കരുതി വാതിൽ തുറന്ന അമിത്തിനെ ഒരു സംഘം അജ്ഞാതർ ആക്രമിക്കുകയായിരുന്നു. സംസാരിക്കാനുണ്ടെന്നു പറഞ്ഞ് വീടിനു വെളിയിൽ നിർത്തിയിട്ടിരുന്ന കാറിലേക്ക് വിളിച്ചു കൊണ്ടുപോയി നിറയൊഴിക്കുകയായിരുന്നു. സുഹൃത്തുക്കൾ ഓടിയെത്തിയെങ്കിലും അക്രമികൾ അവർക്കു നേരെ തോക്കു ചൂണ്ടി രക്ഷപ്പെട്ടു.
ഗുർഗാവിൽ കോൾ സെന്ററിൽ ജോലി ചെയ്യുകയാണ് അമിത്തിന്റെ ഭാര്യ. സംഭവസമയത്ത് അവർ ഓഫീസിലായിരുന്നു. കുറച്ചു നാളുകളായി ജോലിയിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു അമിത്.