സ്‌ക്രീൻ പ്രശ്‌നങ്ങളെ തുടർന്ന് വിൽപന നിർത്തിവെച്ച സാംസങിന്റെ ഗാലക്‌സി ഫോൾഡ് വീണ്ടും വിപണിയിലെത്തുന്നു. തീയതി ഉടൻ തന്നെ പ്രഖ്യാപിക്കുമെന്ന് കമ്പനി വെളിപ്പെടുത്തി. ഒന്നര മാസം മുമ്പാണ് റിവ്യൂ ഫോണുകളിൽ പ്രശ്‌നങ്ങൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് വിൽപന നിർത്തിവെച്ചത്. ഏപ്രിൽ 26 നാണ് യു.എസ് വിപണിയിൽ ഇറക്കേണ്ടിയിരുന്നത്. സ്‌ക്രീൻ വിള്ളലും മങ്ങിയ വെളിച്ചവും കാരണമാണ് 1980 ഡോളർ വില നിശ്ചയിച്ചിരുന്ന ഫോൾഡ് ഫോണിന്റെ വിൽപന നീട്ടിവെക്കുന്നതായി ഏപ്രിൽ 22 ന് സാംസങ് അറിയിച്ചത്. തുടർന്ന് എപ്പോഴാണ് ഫോൾഡ് പുറത്തിറക്കുകയെന്ന് കമ്പനി വെളിപ്പെടുത്തിയരുന്നില്ല. ഇതാദ്യമായാണ് ഫോൾഡ് വീണ്ടും വരവായെന്ന കാര്യം റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ആദ്യമായാണ് ലോകത്തെ ഏറ്റവും വലിയ സ്മാർട്ട് ഫോൺ നിർമാതാക്കളായ സാംസങ് ഇങ്ങനെയൊരു പ്രതിസന്ധി അഭിമുഖീകരിച്ചത്. മുൻകൂട്ടി തീയതികൾ പ്രഖ്യാപിച്ച് യഥാസമയം പുതിയ ഫോണുകളുടെ ലോഞ്ചിങും വിൽപനയും നടത്തിവന്ന കമ്പനിയാണിത്. സാംസങ് ഫോൾഡിന്റെ യു.എസ് ലോഞ്ചിങ് വൈകില്ലെന്ന് കമ്പനിയുടെ മൊബൈൽ വിഭാഗം മേധാവി ഡി.കെ. കോ പറഞ്ഞു.
ഗാലക്‌സി ഫോൾഡിനു പുറമെ, ഗാലക്‌സി ഹോം സ്പീക്കറിന്റെ വിതരണവും കമ്പനി നിർത്തിവെച്ചിരിക്കയാണ്. സാംസങിന്റെ ബിക്‌സബി അസിസ്റ്റന്റ് നിയന്ത്രിക്കുന്ന ഈ സ്പീക്കറിന്റെ വിൽപന ഈ വർഷം അവസാനത്തോടെ മാത്രമേ ഉണ്ടാകൂ. ഒരു വർഷം മുമ്പാണ് സ്മാർട്ട് സ്പീക്കറിന്റെ ലോഞ്ചിങ് പ്രഖ്യാപിച്ചിരുന്നത്.
എല്ലാ കാര്യങ്ങളിലും കൃത്യത പാലിച്ചിരുന്ന സാംസങിന്റെ ട്രാക്ക് റെക്കോർഡ് തകർത്ത ഫോൾഡ് ഉപഭോക്താക്കളുടെ കൈകളിലെത്തുന്നതിനു മുമ്പ് തന്നെയാണ് വലിയ തിരിച്ചടി നേരിട്ടത്. രാണ്ടിയരം ഡോളറോളം വില നിശ്ചയിച്ച ആഡംബര ഫോൺ ഇനിയെങ്ങനെ വിശ്വാസ്യത നേടിയെടുക്കുമെന്ന ആലോചനയിലാണ് സ്‌ക്രീൻ അപകാതകൾ പരിഹരിക്കാൻ ശ്രമിക്കുന്ന കമ്പനി. ഡിസ്‌പ്ലേ പ്രശ്‌നങ്ങളൊക്കെ പരിഹരിച്ച് പുറത്തിറക്കിയാലും പകുതി വെച്ച് മടക്കാവുന്ന ഈ ഫോണിനോട് ഉപഭോക്താക്കൾ ഇനി എങ്ങനെ പ്രതികരിക്കുമെന്ന് കണ്ടറിയണം.
നൽകിയ പ്രീ ഓർഡർ പുതുക്കണമെന്ന് കമ്പനി ആവശ്യപ്പെട്ടിട്ടുണ്ട്. ഉപഭോക്താക്കൾ പുതുക്കുന്നില്ലെങ്കിൽ മെയ് 31 ന് പ്രീ ഓർഡർ കാൻസൽ ചെയ്യുമെന്നും ഗാലക്‌സി ഫോൾഡ് വിപണിയിലെത്തിക്കുന്നതിനു മുമ്പ് ക്രെഡിറ്റ് കാർഡിൽനിന്ന് തുക ഈടാക്കില്ലെന്നും അറിയിച്ചിട്ടുണ്ട്.
ഫോൾഡബിൾ ഫോൺ പ്രഖ്യാപിച്ച ആദ്യത്തെ കമ്പനികളിലൊന്നായ സാംസങിന് വലിയ നാണക്കേട് സമ്മാനിച്ചിരിക്കയാണ് ഫോൾഡിന്റെ കാലതാമസം. ഫെബ്രുവരി 20 ന് ഫോൾഡ് അവതരിപ്പിച്ചതോടെ പുതമയുടെ പേരിൽ സാംസങിന്റെ പ്രതിഛായ ഉയർന്നു വരുമ്പോഴാണ് തിരിച്ചടി നേരിട്ടത്.
ഒരു ഫോൾഡബിൾ ഫോൺ എത്രമാതം അപകടം പിടിച്ചതാണെന്ന് ഉപഭോക്താക്കൾക്ക് മനസ്സിലാക്കാൻ കൂടി സാഹചര്യമൊരുക്കി സാംസങ് ഫോൾഡ് നേരിട്ട സ്‌ക്രീൻ അപാകതകൾ. സ്മാർട്ട് ഫോണിന്റെ മൊത്തം വലിപ്പം വർധിപ്പിക്കാതെ ഫോൺ നിവർത്തി സ്‌ക്രീനിന്റെ വലിപ്പം കൂട്ടാമെന്നതാണ് ഫോൾഡബിൾ ഫോണിന്റെ ഏറ്റവും വലിയ സവിശേഷത. വലിയ സ്‌ക്രീനിൽ ദൃശ്യങ്ങൾ ആസ്വദിക്കാൻ സാധിക്കുന്നുവെന്നതാണ് മേന്മ. സ്മാർട്ട് നവീകരണത്തിൽ മുൻനിരയിൽ സ്ഥാനം പിടിക്കുകയായിരുന്നു കമ്പനിയുടെ ലക്ഷ്യം. സാംസങിനോടൊപ്പം മറ്റു ഫോൺ കമ്പനികൾക്കും ഉപഭോക്താക്കളുടെ ഭയം അവസാനിപ്പിക്കാൻ കഴിഞ്ഞാൽ മാത്രമേ ഇനി ഫോൾഡബിൾ ഫോണിനു ഭാവിയുള്ളൂ. പുതുമയുണ്ടെങ്കിലും വലിയ തുക കൊടുത്ത് കുഴപ്പങ്ങൾ ഏറ്റുവാങ്ങാൻ ഉപഭോക്താക്കൾ തയാറാകില്ലല്ലോ. ഫോൾഡിന്റെ അപാകതകൾ ചൂണ്ടിക്കാട്ടിയുള്ള വിമർശനങ്ങൾ തുടരുന്ന സാഹചര്യത്തിൽ ഫോൾഡബിൾ ഫോൺ എന്ന സങ്കൽപത്തിലേക്ക് ഉപഭോക്താക്കളുടെ വിശ്വാസം ആർജിക്കുക പ്രയാസമാണ്.